
വാഷിംഗ്‌ടൺ: അമേരിക്കയെ ഒന്നടങ്കം നടുക്കിയ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിരുന്നിനിടെ പെട്ടെന്നുണ്ടായ വെടിയൊച്ചയ്ക്ക് സമാനമായ ശബ്ദം കേട്ട് വൈസ് പ്രസിഡന്റ് ജെഡി വാൻസ് മരണഭയത്താൽ വിറങ്ങലിച്ചുപോയ നിമിഷങ്ങൾ ക്യാമറകളിൽ പതിഞ്ഞു. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ, കണ്ണുകൾ പുറത്തേക്ക് തള്ളുന്ന വിധത്തിൽ മുഖത്ത് അതിഭീകരമായ പരിഭ്രാന്തി പ്രകടിപ്പിച്ച വാൻസ് തന്റെ ഇരിപ്പിടത്തിൽ തന്നെ സ്തംഭിച്ചിരുന്നു പോയി.
സാധാരണഗതിയിൽ അക്ഷോഭ്യനായി കാണപ്പെടാറുള്ള വാൻസിന്റെ മുഖത്തെ പരവേശം കണ്ടുനിന്നവരിലും പരിഭ്രാന്തി പടർത്തി. എന്നാൽ ദുരന്തം സംഭവിക്കുന്നതിന് മുൻപ് തന്നെ മാലാഖയെപ്പോലെ സെക്യൂരിറ്റി ഗാർഡുകൾ അവിടേക്ക് കുതിച്ചെത്തി. സ്തംഭിച്ചിരുന്ന വാൻസിനെ ഒട്ടും വൈകാതെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പൊക്കിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയായിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ജെഡി വാൻസിനെയും നിമിഷനേരം കൊണ്ട് വേദിയിൽ നിന്നും മാറ്റിയ സുരക്ഷാ സേനയുടെ മിന്നൽ വേഗത്തിലുള്ള ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. ഹാളിലുണ്ടായിരുന്ന ഉന്നത വ്യക്തികളെല്ലാം പരിഭ്രാന്തരായി ചിതറിയോടുമ്പോഴും വാൻസിനെ പൊതിഞ്ഞുപിടിച്ച് സുരക്ഷാ കവചമൊരുക്കിയ ഉദ്യോഗസ്ഥരുടെ പ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും ചർച്ചാവിഷയമാക്കുന്ന ഒന്നായി മാറി ഈ വിരുന്ന് സൽക്കാരം. വാൻസ് രക്ഷപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രത കൊണ്ടുമാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും വെടിയൊച്ചകള്‍ മുഴങ്ങിയത് അമേരിക്കന്‍ രാഷ്ട്രീയത്തെ തന്നെ നടുക്കിയിരിക്കുകയാണ്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ അരങ്ങേറിയ നാടകീയമായ നിമിഷങ്ങളെ കുറിച്ച് ട്രംപ് പിന്നീട് സംസാരിച്ചു.
ഹാളിനുള്ളില്‍ വെടിയൊച്ച ഉയര്‍ന്നതും ട്രേ താഴെ വീണതാണെന്ന് ട്രംപ് കരുതിയെങ്കിലും, അപകടം മണത്ത മെലാനിയ ജാഗ്രത കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ ചെയ്യുന്നത് അപകടം പിടിച്ച ജോലിയാണ്' എന്ന് മെലാനിയ തന്നോട് പലതവണ പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. 'ഇത്തരം സംഭവങ്ങള്‍ എപ്പോഴും ഞെട്ടിക്കുന്നതാണ്,' അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ അടുത്തുതന്നെയാണ് ഇരുന്നിരുന്നത്, പ്രഥമ വനിത എന്റെ വലതുവശത്തുണ്ടായിരുന്നു, അപ്പോഴാണ് ഞാന്‍ ആ ശബ്ദം കേട്ടത്,' ട്രംപ് പറഞ്ഞു. അത് ഒന്നുകില്‍ ഒരു ട്രേ താഴെ വീണ ശബ്ദമോ അല്ലെങ്കില്‍ വെടിയൊച്ചയോ ആയിരിക്കുമെന്നാണ് തങ്ങള്‍ കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ശബ്ദം കേട്ടപ്പോള്‍ ഏതെങ്കിലും ട്രേ താഴെ വീണതാകാമെന്നാണ് ഞാന്‍ ആദ്യം കരുതിയത്,' അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്റെ തൊട്ടടുത്തിരുന്ന മെലാനിയ ട്രംപ് അത് അപകടകരമായ എന്തോ ഒന്നാണെന്ന് അപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞതായും, അത് അവരെ അസ്വസ്ഥയാക്കിയെന്നും ട്രംപ് വെളിപ്പെടുത്തി. 'മെലാനിയ വളരെ ജാഗരൂകയായിരുന്നു, 'അദ്ദേഹം പറഞ്ഞു.
തനിക്ക് നേരെയുള്ള ആവര്‍ത്തിച്ചുള്ള വധശ്രമങ്ങളുടെ പശ്ചാത്തലത്തില്‍, തന്റെ സുരക്ഷയെക്കുറിച്ചുള്ള ഭാര്യയുടെ ആശങ്കയും പ്രസിഡന്റ് പങ്കുവെച്ചു. 'പ്രഥമ വനിത മികച്ച രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അവര്‍ രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നു. മറ്റാരേക്കാളും നന്നായി അവര്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷേ പലതവണ അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, 'നിങ്ങള്‍ ചെയ്യുന്നത് വളരെ അപകടം പിടിച്ച ഒരു ജോലിയാണ്' എന്ന്.'ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് ഡൈനിംഗ് ഹാളിനുള്ളില്‍ വെടിയൊച്ചകള്‍ മുഴങ്ങിയതോടെ, പരിഭ്രാന്തരായ അതിഥികള്‍ സ്വയം രക്ഷിക്കാനായി മേശകള്‍ക്ക് താഴെ ഒളിച്ചു.
ഹാളിലുണ്ടായിരുന്ന ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രം സീറ്റുകളില്‍ ഇരുന്നും മുട്ടുകുത്തിയും ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതിനിടയില്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഹാളിലേക്ക് ഇരച്ചുകയറുകയും ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.
വെടിയൊച്ച കേട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സ്റ്റേജിന് മുന്നിലുള്ള തങ്ങളുടെ മേശയ്ക്ക് താഴെ അഭയം തേടി. തൊട്ടുപിന്നാലെ, ക്യാബിനറ്റ് ഉദ്യോഗസ്ഥരെ സുരക്ഷിതരാക്കാന്‍ ഏജന്റുമാര്‍ ബാങ്ക്വറ്റ് ഹാളിലെ നൂറുകണക്കിന് മേശകള്‍ക്കിടയിലൂടെ പരിശോധന ആരംഭിച്ചു. കറുത്ത യുദ്ധവേഷമണിഞ്ഞ് വന്‍തോക്കുകളുമായി സീക്രട്ട് സര്‍വീസിന്റെ 'കൗണ്ടര്‍ അസോള്‍ട്ട് ടീം' (CAT) വേദിയിലേക്ക് പാഞ്ഞെത്തുകയായിരിന്നു.
'അതൊരു തോക്കായിരുന്നുവെന്ന് ചിലര്‍ക്ക് വേഗത്തില്‍ മനസ്സിലായി, എന്നാല്‍ മറ്റുചിലര്‍ക്ക് അത് പിടികിട്ടിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ നിരീക്ഷിക്കുകയായിരുന്നു,' പ്രസിഡന്റ് പറഞ്ഞു. 'മെലാനിയ കാര്യങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു, അവര്‍ക്ക് അത് മനസ്സിലായിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.'
'സീക്രട്ട് സര്‍വീസിന്റെയും പോലീസിന്റെയും പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. എല്ലാം വളരെ വേഗത്തിലായിരുന്നു. ചിന്തിക്കാന്‍ പോലും സമയം കിട്ടിയില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളെ പുറത്തെത്തിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തിന് ശേഷമുള്ള ദൃശ്യങ്ങളില്‍, ട്രംപും മെലാനിയയും സുരക്ഷിതസ്ഥാനം തേടുന്നതിനിടെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വേദിയില്‍ നിന്ന് മാറ്റുന്നത് കാണാം.
ഏജന്റുമാര്‍ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് വേഗത്തില്‍ മാറ്റുന്ന ദൃശ്യങ്ങള്‍ പിന്നാലെ പുറത്തുവന്നു. ഇതിനിടയില്‍ പ്രസിഡന്റ് ഒന്ന് തെന്നിവീഴുന്നതും, ഏജന്റുമാര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് സ്റ്റേജിന് പിന്നിലെ സുരക്ഷിത ഇടത്തേക്ക് എത്തിക്കുന്നതും കാണാം.സംഭവവുമായി ബന്ധപ്പെട്ട് ഡിസി മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവന പുറത്തിറക്കി. കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള 31 വയസ്സുകാരനായ കോള്‍ തോമസ് അല്ലന്‍ ആണ് പ്രതിയെന്നും ഇയാള്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ അതിഥിയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഏറ്റുമുട്ടലിനിടയില്‍ അക്രമി ഒരു ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ട്രംപ് പറഞ്ഞു. 'ഒരു ഓഫീസര്‍ക്ക് വെടിയേറ്റു, എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. വളരെ അടുത്തുവെച്ച് ശക്തിയേറിയ തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്, പക്ഷേ ജാക്കറ്റ് ജീവന്‍ രക്ഷിച്ചു.' പരിക്കേറ്റ ഉദ്യോഗസ്ഥനുമായി സംസാരിച്ചുവെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ വളരെ ആത്മവിശ്വാസത്തോടെയാണ് പ്രസിഡന്റ് സംസാരിച്ചത്. ഈ വെടിവെപ്പ് കാരണം ഡിന്നര്‍ ഉപേക്ഷിക്കില്ലെന്നും അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ഇത് വീണ്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അടുത്ത 30 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഇത് വീണ്ടും നടത്തും,' അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസംഗത്തിനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും, ഹാളിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ കളിയാക്കാന്‍ താന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. '
