
കൊല്ലം: കൊല്ലം-ചെന്നൈ അന്തർസംസ്ഥാന പാതയിൽ യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ ലഹരി വിളയാട്ടം. തമിഴ്നാട് സ്വദേശിയായ വെട്രി ട്രാവൽസിന്റെ ബസ് ഡ്രൈവറാണ് മദ്യലഹരിയിൽ വാഹനമോടിച്ച് തെൻമലയ്ക്കും ആര്യങ്കാവിനും ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടകരമായ രീതിയിൽ പാഞ്ഞത്.
തെൻമല പിന്നിട്ടതോടെ ബസ് മറ്റൊരു വാഹനത്തിൽ ഇടിച്ചു. എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന ഡ്രൈവർ അമിതവേഗതയിൽ ബസ് മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. ഇതോടെ അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ ബസിനെ പിന്തുടർന്നു. കിലോമീറ്ററുകളോളം പിന്തുടർന്ന ശേഷം ആര്യങ്കാവിനടുത്ത് വെച്ച് യുവാക്കൾ സാഹസികമായി ബസ് തടഞ്ഞു. ഈ സമയത്താണ് ഡ്രൈവർ പൂർണ്ണമായും മദ്യലഹരിയിലാണെന്ന് വ്യക്തമായത്.
മരണഭയത്തോടെയാണ് ബസിനുള്ളിൽ ഇരുന്നിരുന്നതെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. ബസ് പലപ്പോഴും നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെന്നിമാറുകയും വലിയ അപകടങ്ങളുടെ വക്കിലെത്തുകയും ചെയ്തിരുന്നു. ഡ്രൈവറുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ പലരും ഭയന്നുവിറച്ചു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ബസ് തടഞ്ഞുവെച്ചതോടെ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെൻമല പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത അപകടമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവർമാരുടെ ഇത്തരം നിയമലംഘനങ്ങൾ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
