
ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് നാണംകെട്ട ബാറ്റിങ് തകർച്ച. ടോസ് നേടി ബെംഗളൂരു ബൗളിങ് തിരഞ്ഞെടുത്തപ്പോൾ ഡൽഹിയുടെ മുൻനിര തകർന്നടിയുകയായിരുന്നു. 16.3 ഓവറിൽ 75 റൺസിന് ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. ആറ് വിക്കറ്റ് നഷ്ടത്തിൽ പവർപ്ലേയിൽ വെറും 13 റൺസ് മാത്രം നേടിയ ഡൽഹി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറെന്ന നാണക്കേടും സ്വന്തം പേരിൽ കുറിച്ചു.
ആർസിബി പേസർമാരായ ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും തുടക്കം മുതലേ ഡൽഹിയെ വരിഞ്ഞുമുറുക്കി. മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും, നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡുമാണ് ഡൽഹിയുടെ നട്ടെല്ലൊടിച്ചത്. അരങ്ങേറ്റ താരം സാഹിൽ പരഖ് (0), കെ.എൽ രാഹുൽ (1), സമീർ റിസ്‌വി (0), ക്യാപ്റ്റൻ അക്സർ പട്ടേൽ (0) എന്നിവർ വന്ന വേഗത്തിൽ തന്നെ മടങ്ങി.
ഏറ്റവും കുറഞ്ഞ ഐപിഎൽ സ്കോറെന്ന നാണക്കേടിൽ നിന്നും ഡൽഹിയെ രക്ഷിച്ചത് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഭിഷേക് പോറലിന്റെയും (30) ഡേവിഡ് മില്ലറുടെയും (19) പോരാട്ടമാണ്. കെയ്‌ൽ ജാമിസൺ 12 റൺസെടുത്തു. സായുഷ് ശർമ, റസിഖ് സലാം, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 76 റൺസ് എന്ന ചെറിയ ലക്ഷ്യവുമായാണ് ആർസിബി മറുപടി ബാറ്റിങ്ങിനിറങ്ങുന്നത്.
പ്ലേയിങ് ഇലവൻ:
ഡൽഹി ക്യാപിറ്റൽസ്: സാഹിൽ പരഖ്, കെ.എൽ രാഹുൽ, നിതീഷ് റാണ, സമീർ റിസ്‌വി, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ദുഷ്മന്ത ചമീര, കെയ്‌ൽ ജാമിസൺ, കുൽദീപ് യാദവ്, ടി. നടരാജൻ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റസിഖ് സലാം ദാർ.
