BoolokamBoolokam

വൈദ്യുതി മുടക്കം ഓവര്‍ലോഡ് ആകുമ്പോഴുള്ള ട്രിപ്പിങ്; അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി; പീക്ക് സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും; 'പവര്‍ കട്ട് ഇല്ലാത്ത പത്ത് വര്‍ഷം' തെരഞ്ഞെടുപ്പ് കാലത്തെ അവകാശവാദം മാത്രം; പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനം കനത്ത ചൂടില്‍ വലയുമ്പോഴും ജനജീവിതം ദുസഹമാക്കി കെഎസ്ഇബിയുടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 'പവര്‍ കട്ട് ഇല്ലാത്ത പത്ത് വര്‍ഷം' എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ തോതില്‍ പ്രചാരണം നടത്തി വോട്ട് തേടിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നത്. ഔദ്യോഗികമായി ലോഡ് ഷെഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രിയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരും ആവര്‍ത്തിക്കുമ്പോഴും, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും നിലവിലെ സാഹചര്യവും ഈ വാദങ്ങളെ അപ്രസക്തമാക്കുകയാണ്.

പാലക്കാട് നെന്മാറ കെഎസ്ഇബി ഓഫീസിലുണ്ടായ നാടകീയ സംഭവങ്ങളാണ് അപ്രഖ്യാപിത നിയന്ത്രണങ്ങളുടെ ചുരുളഴിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി. തുടക്കത്തില്‍ സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍, പ്രതിഷേധം ശക്തമായതോടെ സത്യം വെളിപ്പെടുത്തി. പീക്ക് സമയങ്ങളില്‍ ലോഡ് നിയന്ത്രിക്കാന്‍ കൃത്യമായ നിര്‍ദ്ദേശമുണ്ടെന്നും ഒരു ദിവസം രണ്ട് തവണയെങ്കിലും വൈദ്യുതി തടസ്സപ്പെടുത്തേണ്ടി വരുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചത്. ഇതോടെ സര്‍ക്കാര്‍ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്നും ഓവര്‍ലോഡ് ആകുമ്പോള്‍ ട്രാന്‍സ്ഫോര്‍മറുകള്‍ തനിയെ ട്രിപ്പ് ആകുന്നതാണെന്നുമാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിശദീകരിക്കുന്നത്. ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. ഇന്ത്യയിലുടനീളം പ്രതിസന്ധിയുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ദിവസം വേണമെന്നുമാണ് മന്ത്രിയുടെ പക്ഷം. എന്നാല്‍, കേവലം ട്രിപ്പിങ് മാത്രമല്ല നടക്കുന്നതെന്നും ഗ്രിഡിന്റെ സുരക്ഷയ്ക്കായി ബോധപൂര്‍വമായ നിയന്ത്രണങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെന്നുമാണ് കെഎസ്ഇബിയില്‍ നിന്നുള്ള മറ്റ് സൂചനകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് ഏതാണ്ട് 200 മുതല്‍ 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടെന്നാണ് കണക്കുകള്‍. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. മഴക്കാലത്ത് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന 400 മെഗാവാട്ട് വൈദ്യുതിയുടെ കരാര്‍ ഈ മാസം പകുതിയോടെ അവസാനിച്ചു. ഇതിന് പകരമായി പുതിയ ക്രമീകരണങ്ങള്‍ കൃത്യസമയത്ത് ഏര്‍പ്പെടുത്തുന്നതില്‍ കെഎസ്ഇബിക്ക് വീഴ്ച പറ്റി. നടപടിക്രമങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മീഷന്‍ കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത് വലിയ തിരിച്ചടിയായി. ഇപ്പോള്‍ പുറത്തുനിന്ന് യൂണിറ്റിന് 10 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നതാണ് സാമ്പത്തികമായും പ്രവര്‍ത്തനപരമായും പ്രതിസന്ധി രൂക്ഷമാക്കുന്നത്.

കൊടുംചൂടില്‍ രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് അപ്രഖ്യാപിത പവര്‍ കട്ട് കൂടുതലായും അനുഭവപ്പെടുന്നത്. 15 മുതല്‍ 20 മിനിറ്റ് വരെ നീളുന്ന ഈ വിച്ഛേദിക്കല്‍ പലയിടത്തും പല ആവര്‍ത്തി സംഭവിക്കുന്നുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴും, ഫാനോ എസിയോ ഇല്ലാതെ ഇരിക്കാന്‍ പറ്റാത്ത വിധം ചൂട് വര്‍ധിച്ചത് ജനങ്ങളെ നിസ്സഹായരാക്കുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങാനുള്ള അപേക്ഷ കെഎസ്ഇബി നല്‍കിയിട്ടുണ്ട്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും തത്സമയം വൈദ്യുതി വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഈ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. രാഷ്ട്രീയമായ അവകാശവാദങ്ങള്‍ക്കും വാക്‌പോരുകള്‍ക്കുമിടയില്‍ സാധാരണ ജനങ്ങള്‍ ചൂടും ഇരുട്ടും കൊണ്ട് പൊറുതിമുട്ടുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.

ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി.

പ്രസരണവിതരണ ശൃഖലയില്‍ സമ്മര്‍ദമുള്ളതിനാല്‍ ചിലയിടങ്ങളില്‍ രാത്രിയില്‍ ലൈനുകള്‍ ഓഫാകുന്ന സ്ഥിതിവിശേഷമുണ്ട്. പരമാവധി 15-20 മിനിറ്റുകൊണ്ട് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാറുണ്ട്. വൈകുന്നേരം ആറിനും പത്തിനും ഇടയില്‍ ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടു.

നിലവിലെ താത്കാലിക പ്രതിസന്ധി മറികടക്കാന്‍ വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കണം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗും എസിയുടെ ഉപയോഗവും പീക്ക് മണിക്കൂറുകള്‍ക്ക് ശേഷം മറ്റു സമയങ്ങളിലേക്ക് ക്രമീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.എസിയുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ പീക്ക് സമയത്തെ പ്രതിസന്ധി ഒഴിവാക്കാന്‍ സാധിക്കും. ഇത്തരം ലളിതമായ ക്രമീകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വരാനിരിക്കുന്ന ഉയര്‍ന്ന വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ഉപകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയെ സംരക്ഷിക്കാന്‍ ഉപഭോക്താക്കളുടെ പൂര്‍ണ്ണ സഹകരണം അനിവാര്യമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈദ്യുതി മുടക്കം ഓവര്‍ലോഡ് ആകുമ്പോഴുള്ള ട്രിപ്പിങ്; അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി; പീക്ക് സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും; 'പവര്‍ കട്ട് ഇല്ലാത്ത പത്ത് വര്‍ഷം' തെരഞ്ഞെടുപ്പ് കാലത്തെ അവകാശവാദം മാത്രം; പ്രതിഷേധം കടുക്കുന്നു - Marunadan Malayali | Boolokam