BoolokamBoolokam

വോട്ടെണ്ണലിന് തൊട്ടുമുമ്പും അനിഷ്ടക്കാര്‍ക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി സര്‍ക്കാര്‍; അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി; നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി പുനഃപരിശോധിക്കാനായി റിവ്യൂ കമ്മിറ്റി ചേരാനിരിക്കെ വീണ്ടും സസ്‌പെഷന്‍ഷന്‍; കേരള 'സിവില്‍ സര്‍വീസ് പോര്' മുറുകുന്നു!

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സര്‍ക്കാരിനെതിരെ നിലപാടെടുത്തതിനുമാണ് പുതിയ നടപടി. പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. നിലവില്‍ സസ്പെന്‍ഷനിലിരിക്കെയാണ് വീണ്ടും നടപടി. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച നോട്ടീസ് പ്രശാന്തിന് നല്‍കി.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തത്. കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരിക്കെയാണ് സസ്പെന്‍ഷന്‍. ജയതിലകിനെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം കലര്‍ത്തി വിമര്‍ശിക്കുകയായിരുന്നു എന്‍ പ്രശാന്ത്. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും റിപ്പോര്‍ട്ടും നോട്ടുമെഴുതാന്‍ വിസമ്മതിച്ച സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചെന്നാണ് പ്രശാന്തിന്റെ ആരോപണം. വെളിപ്പെടുത്തലുകള്‍ തുടരുമെന്നും പ്രശാന്ത് അസന്നിദ്ധമായി പ്രഖ്യാപിച്ചിരുന്നു.

ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11നാണ് സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്‌പെന്‍ഡ് ചെയ്തത് കേരളത്തിന്റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യവുമായിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പിന്നീട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പ്രശാന്തിനെതിരെയുള്ള അച്ചടക്ക നടപടികള്‍ ഘട്ടംഘട്ടമായി നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് പുതിയ നോട്ടീസ് കൂടി നല്‍കിയിരിക്കുന്നത്. നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി പുനഃപരിശോധിക്കാനായി റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പ്രശാന്തിനെതിരെ വീണ്ടും നടപടിയുണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ സസ്‌പെന്‍ഷനിലായിട്ടും തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന രീതിയിലാണ് പ്രശാന്ത് പെരുമാറുന്നത്. സര്‍ക്കാരിന്റെയും സര്‍വീസ് ചട്ടങ്ങളുടെയും വിലക്കുകള്‍ മറികടന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും തന്റെ വെളിപ്പെടുത്തലുകള്‍ തുടരുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തതാണ് ഇപ്പോള്‍ എട്ടാമത്തെ അച്ചടക്ക നടപടിക്ക് കാരണമായത്. ഈ പുതിയ നടപടിയുടെ ഭാഗമായി പ്രശാന്തിന് കുറ്റപത്രം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിലപാടിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍.

പ്രശാന്തിനൊപ്പം സസ്‌പെന്‍ഷനിലായ കെ. ഗോപാലകൃഷ്ണനെ പിന്നീട് തിരിച്ചെടുത്തെങ്കിലും പ്രശാന്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു ഇടതു സര്‍ക്കാരിന്റെ തീരുമാനം. ഘട്ടംഘട്ടമായി അച്ചടക്ക നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ സര്‍വീസ് ചട്ടലംഘനങ്ങളില്‍ കര്‍ക്കശമായ മറുപടി നല്‍കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വിവിധ ചട്ടലംഘനങ്ങളുടെ പേരില്‍ നിരന്തരം നടപടികള്‍ നേരിട്ടിട്ടും ഔദ്യോഗിക പദവിയിലിരുന്ന് വീണ്ടും വീണ്ടും സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത് സിവില്‍ സര്‍വീസിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങി അധികൃതര്‍ രംഗത്ത് വരുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടെണ്ണലിന് തൊട്ടുമുമ്പും അനിഷ്ടക്കാര്‍ക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി സര്‍ക്കാര്‍; അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി; നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി പുനഃപരിശോധിക്കാനായി റിവ്യൂ കമ്മിറ്റി ചേരാനിരിക്കെ വീണ്ടും സസ്‌പെഷന്‍ഷന്‍; കേരള 'സിവില്‍ സര്‍വീസ് പോര്' മുറുകുന്നു! - Marunadan Malayali | Boolokam