
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ സുഗമമായി നടത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനുമായി മെയ് നാല്, അഞ്ച് തീയതികളിലാണ് അവധി നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള കോളേജുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഈ ഉത്തരവ് ബാധകമാകുക.
തിരുവല്ല, റാന്നി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, ആറന്മുള, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം, കോന്നി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റേതാണ് ഉത്തരവ്.
മറ്റന്നാള്‍ ആണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങള്‍ അതിര് കടന്നാലോ സംഘര്‍ഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നാണ് പൊലീസിന്റെ നിര്‍ദേശം.രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളില്‍ ഡിജെ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.
വോട്ടെണ്ണല്‍ നടക്കാനിരിക്കെ പാലക്കാട് ജില്ലയില്‍ പടക്കനിര്‍മാണ - വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടേതാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെയും ഫലപ്രഖ്യാപനത്തിന്റെയും ഭാഗമായി ജില്ലയില്‍ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിന്റെ ഭാ?ഗമായാണ് നടപടി.
