
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ, പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി ഷാജിയെ 'നിയുക്ത എംഎല്‍എ' എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. 'പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎല്‍എ ടി.പി ഷാജിക്ക് അഭിവാദ്യങ്ങള്‍' എന്നാണ് ബോര്‍ഡിലെ വരികള്‍. ഫലം വരും മുന്‍പേ വിജയമുറപ്പിച്ചുള്ള ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
മെയ് മൂന്നിന് ഫലം പുറത്തുവരാനിരിക്കെ ഇത്തരമൊരു ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ പട്ടാമ്പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഫലം വരുന്നതിന് മുന്‍പേ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് തിരിച്ചടിയാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. എന്നാല്‍ മണ്ഡലത്തില്‍ യുഡിഎഫിന് ഇത്തവണ വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നും പ്രവര്‍ത്തകരുടെ ആവേശം തടയാനാവില്ലെന്നുമാണ് ബോര്‍ഡ് സ്ഥാപിച്ചവരുടെ വാദം.
പട്ടാമ്പിയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം 'മുന്‍കൂര്‍' വിജയ ബോര്‍ഡുകള്‍ ഉയരുന്നുണ്ട്. കാസര്‍കോട് ചെര്‍ക്കള നഗരത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിനെ 'നിയുക്ത എംഎല്‍എ' ആയി പ്രഖ്യാപിച്ചു കൊണ്ട് ലീഗ് വാര്‍ഡ് കമ്മിറ്റി കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചു. അത്രമേല്‍ ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ചും വിവിധയിടങ്ങളില്‍ ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് സതീശനെ പിന്തുണച്ച് ബോര്‍ഡ് ഉയര്‍ന്നത്. എന്നാല്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന് ബോര്‍ഡ് വെച്ചത് വിവാദമായതോടെ മണിക്കൂറുകള്‍ക്കകം ഇത് നീക്കം ചെയ്തു. സതീശന്‍ അനുകൂലികളാണോ അതോ വിവാദമുണ്ടാക്കാന്‍ എതിരാളികള്‍ ചെയ്തതാണോ എന്ന് കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കുന്നുണ്ട്. തൊടുപുഴയിലും സമാനമായ രീതിയില്‍ 'പട നയിച്ചവന്‍ നാട് നയിക്കും' എന്ന പേരില്‍ സതീശന് വേണ്ടി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.
വോട്ടെണ്ണല്‍ ദിവസം അടുക്കുന്തോറും യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം അണപൊട്ടുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതാണ് ഈ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാന ഘടകം.
