
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ റീപോളിങ്ങിനിടെയും സംഘര്‍ഷം. ശനിയാഴ്ച 15 ബൂത്തുകളില്‍ റീപോളിങ് നടക്കവേ, ഫല്‍ത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ക്കാണ് വഴിതെളിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വോട്ടെണ്ണല്‍ നടക്കാനിരിക്കെ തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ള ഗ്രാമവാസികള്‍ തെരുവിലിറങ്ങിയത് വരാനിരിക്കുന്ന ദിവസങ്ങളിലെ സംഘര്‍ഷസാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഏപ്രില്‍ 29-ന് നടന്ന തിരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനില്‍ ടേപ്പ് ഒട്ടിച്ച് ബിജെപി, സിപിഎം സ്ഥാനാര്‍ത്ഥികളുടെ ബട്ടണുകള്‍ മറച്ചു എന്നതടക്കമുള്ള ഗുരുതരമായ പരാതികളെത്തുടര്‍ന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാര്‍ബര്‍ എന്നീ മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് ഉത്തരവിട്ടത്. വോട്ടെടുപ്പ് പുരോഗമിക്കവേ, തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായി. ബിജെപി വിജയിച്ചാല്‍ വീടിന് തീവെക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും തദ്ദേശ തൃണമൂല്‍ നേതാവ് ഇസ്രാഫില്‍ ഭീഷണിപ്പെടുത്തിയതായി ഹാസിംനഗര്‍ ഗ്രാമവാസികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകളാണ് ബിജെപി പതാകകളുമായി റോഡ് ഉപരോധിച്ചത്.
സംഘര്‍ഷം മുറുകിയതോടെ സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം വോട്ടെണ്ണലിന് ശേഷവും പ്രദേശത്ത് ഉണ്ടാകണമെന്ന് ഗ്രാമവാസികള്‍ ഉറപ്പിച്ചു ആവശ്യപ്പെട്ടു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വോട്ടെണ്ണലിന് മുന്‍പ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ബിജെപി ആസൂത്രണം ചെയ്ത നാടകമാണിതെന്നുമാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ ക്രമസമാധാന നിലയെ സംബന്ധിച്ച ആശങ്കകള്‍ ഇതോടെ വീണ്ടും ചര്‍ച്ചയാകുകയാണ്. തൃണമൂലിന് വോട്ട് ചെയ്തിട്ടും താന്‍ ആക്രമിക്കപ്പെട്ടുവെന്നും തങ്ങള്‍ക്ക് ജീവിക്കാന്‍ സുരക്ഷ വേണമെന്നും ഒരു യുവതി മാധ്യമങ്ങളോട് പറഞ്ഞത് രാഷ്ട്രീയ വൈരത്തിനപ്പുറം ജനങ്ങള്‍ നേരിടുന്ന ഭീതിയെ വെളിവാക്കുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. റീപോളിങ് നടന്ന ബൂത്തുകളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ ശരാശരി 55 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി.
വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ടും പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌ട്രോങ്ങ് റൂമുകള്‍ അനധികൃതമായി തുറന്നുവെന്നും തപാല്‍ വോട്ടുകളില്‍ തിരിമറി നടന്നുവെന്നും ആരോപിച്ച് തൃണമൂലും ബിജെപിയും പരസ്പരം പരാതികള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. വോട്ടെണ്ണല്‍ ദിവസമായ മെയ് നാലിന് ശേഷം വലിയ തോതിലുള്ള അക്രമങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഇപ്പോഴും ബംഗാളിലെ ഗ്രാമപ്രദേശങ്ങള്‍. ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കേന്ദ്ര സേനയുടെയും പ്രാദേശിക പോലീസിന്റെയും ശക്തമായ പട്രോളിങ് പ്രദേശത്ത് തുടരുകയാണ്.
