
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ അന്വേഷണം പുതിയ ദിശയിലേക്ക്. ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനായി ഉപയോഗിച്ചുവെന്ന നിര്‍ണ്ണായക മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഈ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍സംസ്ഥാനങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് എസ്.ഐ.ടി പരിശോധന ആരംഭിച്ചു.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശുന്ന ജോലികള്‍ ഏറ്റെടുത്തിരുന്നു. ശബരിമലയില്‍ നിന്ന് നിയമവിരുദ്ധമായി കടത്തിയ സ്വര്‍ണം ഈ ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിച്ചതെന്നാണ് ഭണ്ഡാരിയുടെ വെളിപ്പെടുത്തല്‍. ഈ ക്ഷേത്രങ്ങളില്‍ പരിശോധന നടത്തി സ്വര്‍ണ്ണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമലയിലെ കൊടിമരത്തില്‍ നിന്നും മറ്റും സ്വര്‍ണം വേര്‍തിരിച്ചെടുത്തത് അശാസ്ത്രീയമായ രീതിയിലാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം വേര്‍തിരിക്കാനായി ഉപയോഗിച്ച പ്രത്യേക ലായനി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ ലായനിയുടെ ഘടകങ്ങള്‍ കണ്ടെത്തുന്നത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുത്തതിലൂടെ വലിയ അളവില്‍ സ്വര്‍ണ്ണത്തിന് തൂക്കക്കുറവ് സംഭവിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിക്കുന്നതോടെ വലിയൊരു മാഫിയാ സംഘത്തിന്റെ പങ്ക് പുറത്തുവരുമെന്നാണ് സൂചന. ശബരിമലയെപ്പോലെ തന്നെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളിലും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പങ്കജ് ഭണ്ഡാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്.ഐ.ടി ലക്ഷ്യമിടുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികളിലും കൊടിമരത്തിലും സ്വര്‍ണ്ണത്തിന്റെ അളവ് കുറഞ്ഞതായുള്ള പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പങ്കജ് ഭണ്ഡാരിയുടെ പുതിയ വെളിപ്പെടുത്തല്‍ ഭക്തര്‍ക്കിടയിലും ദേവസ്വം ബോര്‍ഡിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
