BoolokamBoolokam

ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും; വിമാനം ലാന്‍ഡ് ചെയ്ത് ടാക്‌സിവേയിലൂടെ നീങ്ങവെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യുവാവ്; യാത്രക്കാരെ ഞെട്ടിച്ച് തമിഴ്‌നാട് സ്വദേശിയുടെ നാടകീയ നീക്കങ്ങള്‍; റണ്‍വേ അടച്ചു; വിമാനങ്ങള്‍ വൈകി; അന്വേഷണം തുടരുന്നു

ചെന്നൈ: ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ ലാന്‍ഡിംഗിന് പിന്നാലെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വിമാനം ലാന്‍ഡ് ചെയ്ത് ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയ യുവാവ് അധികൃതരെയും യാത്രക്കാരെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തി. ഇന്ന് പുലര്‍ച്ചെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാ സ്‌റ്റൈലിനെ വെല്ലുന്ന രീതിയിലുള്ള ഈ സംഭവമുണ്ടായത്. തമിഴ്നാട്ടിലെ പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീന്‍ (29) ആണ് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയത്.

പുലര്‍ച്ചെ 3.23-ഓടെ ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത ഷാര്‍ജയില്‍ നിന്നുള്ള G9-471 വിമാനം ടാക്സിവേയിലൂടെ സാവധാനം നീങ്ങുമ്പോഴായിരുന്നു സംഭവം. അപ്രതീക്ഷിതമായി എമര്‍ജന്‍സി വാതില്‍ തുറന്ന് യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു. 231 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. യുവാവ് പെട്ടെന്ന് വാതില്‍ തുറന്നത് വിമാനത്തിനുള്ളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ചിരുന്ന ഇയാള്‍ രണ്ട് തവണ ഛര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ യുവാവ് പോലീസിനോട് പറഞ്ഞത്.

യാത്രക്കാരന്‍ പുറത്തേക്ക് ചാടിയ ഉടന്‍ തന്നെ പൈലറ്റ് വിവരം ഗ്രൗണ്ട് സെക്യൂരിറ്റിയെ അറിയിച്ചു. തുടര്‍ന്ന് സിഐഎസ്എഫ് (CISF) ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിലവില്‍ യുവാവിനെ കൂടുതല്‍ അന്വേഷണത്തിനായി പോലീസിന് കൈമാറിയിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ പുലര്‍ച്ചെ 3.23 മുതല്‍ 4.35 വരെ താല്‍ക്കാലികമായി അടച്ചിട്ടു. റണ്‍വേ അടച്ചതോടെ വിമാന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. അഹമ്മദാബാദ്, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം വിമാനങ്ങള്‍ 40 മിനിറ്റിലധികം വൈകിയാണ് പുറപ്പെട്ടത്. ഷാര്‍ജയിലേക്കുള്ള മടക്ക വിമാനം മൂന്ന് മണിക്കൂറിലധികം വൈകി. റണ്‍വേ അടച്ചിട്ട സമയത്ത് വിമാനങ്ങള്‍ സെക്കന്‍ഡറി റണ്‍വേ വഴി തിരിച്ചുവിട്ടതിനാലാണ് വലിയ യാത്രാ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചത്. സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും; വിമാനം ലാന്‍ഡ് ചെയ്ത് ടാക്‌സിവേയിലൂടെ നീങ്ങവെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യുവാവ്; യാത്രക്കാരെ ഞെട്ടിച്ച് തമിഴ്‌നാട് സ്വദേശിയുടെ നാടകീയ നീക്കങ്ങള്‍; റണ്‍വേ അടച്ചു; വിമാനങ്ങള്‍ വൈകി; അന്വേഷണം തുടരുന്നു - Marunadan Malayali | Boolokam