BoolokamBoolokam

ഷട്ടർ ശക്തമായി അടച്ചതും..തറയിലെ ടൈലുകൾ എല്ലാം പൊട്ടി; വാടക കൊടുക്കാൻ കഷ്ടപ്പെടുന്നവനെ പട്ടിണിക്കിട്ടാലേ ഇവർക്ക് മതിയാവൂ; മാനറിൽ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് പൂട്ടി 'ഹർത്താൽ' അനുകൂലികളുടെ പരാക്രമം; പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആ ബൈക്ക് സംഘം; ചങ്കൂറ്റത്തോടെ അനിൽ മറുനാടനോട് പറയുന്നു

മാനർ: ഹർത്താൽ ദിനത്തിൽ കട തുറന്നതിന്റെ പേരിൽ വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് പൂട്ടി ഷട്ടർ അടച്ച് ഹർത്താൽ അനുകൂലികളുടെ അതിക്രമം. മാനറിൽ പെറ്റ്സ് ആക്സസറീസ് കട നടത്തുന്ന അനിൽ മാനറിന് നേരെയാണ് അക്രമം ഉണ്ടായത്. കടയ്ക്കുള്ളിലിരുന്ന അനിലിനെ പുറത്തുനിന്ന് ഷട്ടർ ബലമായി അടച്ച് പൂട്ടുകയായിരുന്നു. ഷട്ടർ അതിശക്തമായി വലിച്ചടച്ചതിനെത്തുടർന്ന് കടയുടെ തറയിലെ ടൈലുകൾ പൊട്ടി നശിക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ കട തുറന്നത് മുതൽ പല ഘട്ടങ്ങളായി ഹർത്താൽ അനുകൂലികൾ എത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അനിൽ പറയുന്നു. ആദ്യം ബൈക്കിലെത്തിയ ഒരാൾ കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വാടകയ്ക്ക് എടുത്ത കടയായതിനാലും വലിയ സാമ്പത്തിക ബാധ്യതയുള്ളതിനാലും കട അടയ്ക്കാൻ കഴിയില്ലെന്ന് അനിൽ വ്യക്തമാക്കി. തുടർന്ന് നാലഞ്ചു പേരടങ്ങുന്ന സംഘം വന്ന് ഭീഷണി മുഴക്കി. പോലീസ് സ്ഥലത്തെത്തി മടങ്ങിയതിന് പിന്നാലെ ഇരുന്നൂറോളം വരുന്ന വലിയൊരു സംഘം സ്കൂട്ടറുകളിലും ബൈക്കുകളിലുമായി ആക്രോശിച്ചെത്തുകയായിരുന്നു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം അനിൽ കടയ്ക്കുള്ളിൽ ഇരിക്കെ തന്നെ ഷട്ടർ ബലമായി വലിച്ചടച്ചു. പുറത്തുനിന്ന് ഷട്ടർ ലോക്ക് ചെയ്ത ശേഷം സംഘം സ്ഥലം വിട്ടു. പിന്നീട് സി.ഐയെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷമാണ് അനിൽ പുറത്തിറങ്ങിയത്. ബലമായി ഷട്ടർ അടിച്ചതിനെത്തുടർന്ന് കടയിലെ ടൈലുകൾ പൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

"ഒരു ദിവസത്തെ വരുമാനം പോലും ജീവിതത്തെ ബാധിക്കുന്ന സാധാരണക്കാരനാണ് ഞാൻ. ഒരുപാട് കടബാധ്യതകളുണ്ട്. കട അടച്ചിട്ടാൽ ഞാനും ആത്മഹത്യയുടെ വക്കിലെത്തും. അതുകൊണ്ടാണ് കട തുറന്നത്. ഭീഷണിപ്പെടുത്തി എന്നെ അകത്തിട്ട് പൂട്ടിയതോടെയാണ് പ്രതിഷേധം തുടരാൻ തീരുമാനിച്ചത്," എന്ന് അനിൽ പറഞ്ഞു.

കയ്യേറ്റത്തിന് മുതിർന്നില്ലെങ്കിലും മാനസികമായി തളർത്തുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നും, കണ്ടുപരിചയമില്ലാത്ത പുറത്തുനിന്നുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ടൈലുകൾ തകർത്തതിൽ പ്രതിഷേധിച്ച് കട തുറന്നുതന്നെ പ്രവർത്തിക്കാനാണ് അനിലിന്റെ തീരുമാനം.

വ്യാപാരിയായ അനിൽ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ

സംഭവം.. രാവിലെ ഞാൻ വന്നു. രാവിലെ വന്ന ഞാൻ സാധാരണ രീതിയിൽ കട തുറന്നു. കട തുറന്നു കഴിഞ്ഞപ്പോഴത്തേക്കും ആദ്യം ഒരാൾ വന്നിട്ട്, ഒരു ബൈക്കിൽ ഒരാൾ വന്നിട്ട് കട അടയ്ക്കുന്ന കാര്യവുമായിട്ട് ബന്ധപ്പെട്ട് സംസാരിച്ചു. ഞാൻ പറഞ്ഞു, ഞാൻ ഒരു കാരണവശാലും കട അടയ്ക്കത്തില്ല. കാരണം ഞാൻ ഇവിടെ റെന്റിനാണ് ഈ കട എടുത്തേക്കുന്നത്. നമ്മൾ ഒരു ദിവസം കട അടച്ചു കഴിഞ്ഞാൽ അത്രയും കൂടെ നമുക്ക് നഷ്ടമാണ്. ഇത് പെറ്റ്സിന്റെ സാധനങ്ങളാണ്, പെറ്റ്സ് ആക്സസറീസ് ഒക്കെയാണ്. നമുക്ക് അത് വലിയ കച്ചവടം ഒന്നുമല്ല, ചെറിയ തോതിലാണ് പോകുന്നത്. അപ്പോൾ അങ്ങനെ ഒരു ദിവസം നമ്മൾ കട അടച്ചു കഴിഞ്ഞാൽ നമുക്ക് ഭയങ്കരമായിട്ട് നഷ്ടമാണ്. നമ്മൾ ചെറിയ തോതിലൊക്കെ സ്വരൂപിച്ചാണ് ഇവർക്ക് വാടകയൊക്കെ കൊടുക്കുന്നത്. വലിയ ലാഭമുള്ള ബിസിനസ് ഒന്നുമല്ല. അപ്പോൾ നമ്മൾ ഒരു ദിവസം അടച്ചു കഴിഞ്ഞാൽ നമുക്ക് അതുകൂടെ നഷ്ടമാണ്. അപ്പോ അങ്ങനെ അവരെ അങ്ങ് പറഞ്ഞു വിട്ടു.

അത് കഴിഞ്ഞ് അടുത്ത ആള് വന്നു, അതുപോലെ ഭീഷണിയായിട്ട് വന്നു. അത് കഴിഞ്ഞ് ഒരു വലിയ ഗ്രൂപ്പ് വന്ന് നമ്മളെ പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലോട്ടാണ് കാര്യങ്ങൾ പറയുന്നത്. അതിനുശേഷം "ആരും കടയിൽ കയറല്ലേ, ഇവൻ ഇങ്ങനെ ഉള്ളവനാണ് അങ്ങനെ ഉള്ളവനാണ്" എന്നൊക്കെ പറഞ്ഞിട്ട് ആ ഗ്രൂപ്പ് അങ്ങ് പോയി. അപ്പോൾ പോലീസ് എല്ലാം വന്നിട്ടുണ്ട്. പോലീസുകാർ ഇവിടെ എന്തൊക്കെയോ സംസാരിച്ചു പോയി. ആ സമയത്തെല്ലാം ഞാൻ പോലീസുകാരുമായിട്ട് കോൺടാക്ട് ചെയ്യുന്നുണ്ട്. ഇതുപോലെ ഇവിടെ വരുന്നുണ്ട് എന്ന് പറഞ്ഞ് ഇവർക്ക് ഈ വീഡിയോ എല്ലാം അയച്ചു കൊടുക്കുന്നുണ്ട്.

അതിനുശേഷം ഇവർ അങ്ങോട്ട് മാറിയതിനുശേഷം സ്കൂട്ടറിൽ ഒരു 10-200 പേര് ഇങ്ങോട്ട് വന്നു. ഞാൻ ഇവിടെ കസേരയിൽ ഇരിക്കുന്ന സമയത്ത് പുറത്തുനിന്ന് തന്നെ എന്നെ ആക്രോഷിച്ചുകൊണ്ട് കുറെ തെറി വിളിച്ച് ആ ഷട്ടർ നേരെ അങ്ങ് അടച്ചു. ഞാൻ ഇതിന്റെ അകത്ത് ഇരിക്കുകയാണ്. അകത്തിരുന്ന എന്നെ ഷട്ടർ അടച്ച് ലോക്ക് ചെയ്തിട്ട് അവർ പോയി. ആ ലോക്ക് ചെയ്ത കൂട്ടത്തിൽ എന്റെ രണ്ട് ടൈലും പൊട്ടി. പിന്നെ ഞാൻ വന്ന് തുറന്നു വന്നപ്പോഴത്തേക്കും അവിടെ ആരെയും കണ്ടില്ല. അതിന്റെ പുറകെ പോലീസ് ജീപ്പും വന്നു.

സംഭവം നടക്കുമ്പോൾ പോലീസ് ഇല്ല. ഞാൻ സിഐയെ വിളിച്ചു പറഞ്ഞു, "സാറേ ഞാൻ അകത്താണ്" എന്ന്. പോലീസ് വന്നപ്പോഴേക്കും ഷട്ടർ ഇട്ട് അടച്ചിട്ട് അവർ പോയിരുന്നു. ഞാൻ പുറത്തിറങ്ങി ഓപ്പൺ ചെയ്ത് രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോഴാണ് പോലീസ് ടീം വന്നത്. അപ്പോൾ അവരോട്, എസ്ഐയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു.

സംഘം ചേർന്ന് രണ്ടു തവണയായിട്ട് വന്നു. ആദ്യം വന്ന ഒരാൾ സിംഗിൾ ആയിട്ട് നടന്നുവന്നു. അത് കഴിഞ്ഞ് ബൈക്കിന് വന്നു. അതിനുശേഷം ഒരു നാലഞ്ച് പേര് അടങ്ങുന്ന ഗ്രൂപ്പ് വന്നു. അതിനുശേഷമാണ് ബൈക്കിൽ ഹോൺ അടിച്ചുകൊണ്ട് നമ്മളെ പേടിപ്പിക്കത്തക്ക രീതിയിൽ വലിയൊരു ഗ്രൂപ്പ് ഇങ്ങോട്ട് വന്നിട്ട് ഷട്ടർ അങ്ങ് ശക്തമായിട്ട് അടച്ചത്. നാലഞ്ച് തവണ അടച്ച ആ ആഘാതത്തിലാണ് എന്റെ രണ്ട് ടൈലുകൾ പൊട്ടിയത്. എന്നിട്ട് അവർ എന്നെ ലോക്ക് ചെയ്തിട്ട് പോയി. അതിനുശേഷം ഞാൻ സിഐയെ വിളിച്ചതിനു ശേഷമാണ് പുറത്തോട്ട് ഇറങ്ങിയത്.

പുറത്തിറങ്ങി രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് എസ്ഐ വന്നു. വീഡിയോ പിടിച്ചെടുക്കാൻ അവർ പറഞ്ഞു. പക്ഷെ ലാസ്റ്റിലെ വീഡിയോ പിടിക്കാനുള്ള സാഹചര്യം നമുക്ക് കിട്ടിയില്ല. പെട്ടെന്നാണ് അവർ വന്നതും ചെയ്തതും പോയതും. ബൈക്കിൽ വലിയ ശബ്ദമുണ്ടാക്കി നമ്മളെ പേടിപ്പിക്കുകയായിരുന്നു. ഞാൻ പോലീസ് സ്റ്റേഷനിൽ പറഞ്ഞു, "ഞാൻ ഇപ്രാവശ്യം കട അടയ്ക്കില്ല" എന്ന്. ഞാൻ കട തുറന്നു തന്നെ ഇരിക്കുകയാണ്. ചെറിയൊരു വരുമാനത്തിൽ ജീവിക്കുന്ന എനിക്ക് കട അടച്ചിട്ട് വീട്ടിൽ പോകാൻ പറ്റാത്ത സാഹചര്യമാണ്.

അതുപോലെ കയ്യേറ്റം ചെയ്യുന്ന രീതിയിൽ ഒന്നും അവർ വന്നില്ല. അവർ കട അടയ്ക്കണം എന്നാണ് പറയുന്നത്. വാക്ക് തർക്കവും അങ്ങോട്ടോ ഇങ്ങോട്ടോ ഉള്ള സംസാരവുമാണ് ഉണ്ടായത്. ഞാൻ കസേരയിൽ ഇരിക്കുമ്പോൾ അവർ വന്ന് ഷട്ടർ ബലമായി അടച്ച് എന്നെ അകത്തിട്ടു. കയ്യേറ്റം ഒന്നും നടന്നിട്ടില്ല.

പിന്നെ എനിക്ക് വ്യക്തിപരമായിട്ട് പരിചയമുള്ള ഒരാളുമല്ല. എല്ലാവരും പുറത്തുനിന്ന് വരുന്ന ടീമാണെന്ന് തോന്നുന്നു. "നിനക്ക് കംപ്ലൈന്റ് ആണ്, നീ മാത്രം അടയ്ക്കുന്നില്ല, മാനാറുള്ള ബാക്കി എല്ലാ കടക്കാരും അടച്ചു" എന്ന് ആക്രോശിച്ചാണ് അവർ വന്നത്.

ബാക്കി എല്ലാ കടകളും അടച്ചിട്ടുണ്ട്. ഞാൻ മാത്രമേ തുറന്നു നടക്കുന്നുള്ളൂ. കാരണം എനിക്ക് അവരെപ്പോലെയല്ല. എനിക്ക് ഒരുപാട് ലോണുകളും മറ്റു കാര്യങ്ങളുമുണ്ട്. ഞാൻ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ്, ഒരുപാട് പ്രോഗ്രാം ചെയ്യുന്ന ആളാണ്. എനിക്ക് കട അടച്ച് വീട്ടിൽ പോയി ഇരിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. ഇതിൽ നിന്ന് 500 രൂപ കിട്ടിയാൽ എനിക്ക് അത്രയുമായല്ലോ എന്ന രീതിയിലാണ് ഞാൻ നിൽക്കുന്നത്.

അക്കാര്യം ഞാൻ പോലീസ് സ്റ്റേഷനിൽ ഇൻഫോം ചെയ്തിട്ടുണ്ട്. സിഐയെ വിളിച്ച് അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇനി പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതി പോകാൻ ഇരുന്നപ്പോഴാണ് ടൈൽ പൊട്ടിയത് കണ്ടത്. അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഒരു തെറ്റും ചെയ്യാതെയാണ് എന്റെ ടൈൽസ് പൊട്ടിച്ചത്. അതുകൊണ്ട് ഇനി പോകുന്നില്ലെന്ന് സാറിന് മെസ്സേജ് അയച്ചു. ഞാൻ കട തുറന്നിട്ട് തന്നെ ഇരിക്കുകയാണ്.

ഇടയ്ക്ക് ചെറിയ തോതിൽ ആളുകൾ വരുന്നുണ്ട്. വരുന്നവർക്ക് പോലും ഇത് എന്തിനുള്ള സ്ട്രൈക്ക് ആണെന്ന് വ്യക്തതയില്ല. ആക്രോഷിച്ചു വന്നവരെ ഒന്നും എനിക്ക് പരിചയമില്ല. ഫോൺ ചെയ്ത് പുറത്തുനിന്ന് ആളെ കൊണ്ടുവരുന്നവരാണ് ഇവർ. എനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ല. പക്ഷെ കട അടച്ച് പ്രതിഷേധിക്കാൻ എനിക്ക് താല്പര്യമില്ല. എന്റെ ജീവിതത്തെ ബാധിക്കുന്ന രീതിയായതുകൊണ്ടാണ് ഞാൻ കട തുറന്നു വെച്ചത്. നാളെ ഞാൻ കട അടച്ചിട്ട് ഇരുന്നാൽ ചിലപ്പോൾ ഞാനും ആത്മഹത്യയുടെ വക്കിലോട്ട് പോകും. എനിക്കും ഒരുപാട് കടബാധ്യതകളുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!