
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക പ്രതിഷേധം. ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകള്‍ അടയ്ക്കാനും ആഹ്വാനം ചെയ്തു. ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനിടെ പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരം തമ്പാനൂരില്‍ പ്രതിഷേധക്കാരും അവര്‍ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു. അതേസമയം ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ത്തിയാണ് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.
കോട്ടയം മുണ്ടക്കയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവ ടൗണില്‍ തടയുകയും അല്പസമയത്തിനകം വിട്ടയക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഓടുന്നില്ല. കോട്ടയം നഗരത്തിലെ മുത്തൂറ്റ് ഫിനാന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കോട്ടയം-കുമളി റോഡില്‍ പൊന്‍കുന്നത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഏതാനും മിനിട്ട് നിര്‍ത്തിയിട്ടതിന് ശേഷം വിട്ടയച്ചു. സ്വകാര്യബസുകള്‍ ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സിയുടെ എറണാകുളം, കോഴിക്കോട് ബസുകള്‍ പുറപ്പെട്ടിട്ടുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ കുറച്ചുമാത്രം ഓടുന്നുണ്ട്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന്റെ മുന്നിലും വലിയ പ്രതിഷേധമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞുവെങ്കിലും പോലീസ് നിര്‍ദേശത്തിന് പിന്നാലെ വിട്ടയച്ചു. ഇടുക്കിയിലും പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ വാഹനങ്ങള്‍ പോലീസ് എത്തി വിട്ടയച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കാസര്‍കോട് പരപ്പ ചുള്ളിക്കരയിലും കൊല്ലം കുണ്ടറ മുളവനയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. വിവിധ ദളിത് സംഘടനകളും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ആഹ്വാനംചെയ്തിരിക്കുന്ന ഹര്‍ത്താല്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ്.
എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലന്‍സ് അടക്കമുള്ളവ കുടുങ്ങി. ശ്രീകണ്ഠപുരത്ത് കടകള്‍ അടപ്പിച്ചു. പത്തനംതിട്ട അടൂരില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ സംഘടനാ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം കണിയാപുരം ഹൈവേയിലും നെടുമങ്ങാടും സമരാനുകൂലികള്‍ വഴി തടഞ്ഞു. പ്രവര്‍ത്തകരെ പലയിടങ്ങളിലും നിന്നും പൊലീസ് നീക്കുന്നുണ്ട്.
വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് എന്‍ട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കില്‍ കുടുങ്ങിയ ഒന്‍പത് മണിക്കെങ്കിലും പരീക്ഷ കേന്ദ്രത്തില്‍ എത്താനായില്ലെങ്കില്‍ ഓണ്‍ലൈനായുള്ള പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി വിദ്യാര്‍ത്ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാതെ പ്രതിസന്ധിയിലായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല. റോഡില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത് സംഘര്‍ഷമുണ്ടായി. ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പള്ളിപ്പുറം സിആര്‍പിഎഫ് ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ പ്രതിഷേധിച്ചു. അമ്പതോളം കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിയിലേക്കും അടക്കം പോകേണ്ട രോഗികള്‍ അടക്കം പെരുവഴിയിലായി. പള്ളിപ്പുറത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പയ്യന്നൂര്‍ നഗരത്തിലും കണ്ണൂര്‍ നഗരത്തിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.കണ്ണൂര്‍ പഴയങ്ങാടിയില്‍ വാഹനങ്ങള്‍ തടഞ്ഞു. ദളിത് സംഘടന പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുന്നത്. ജില്ലയില്‍ മറ്റിടങ്ങളില്‍ ഇതുവരെ പ്രശ്‌നങ്ങളില്ല. കൊല്ലം കുണ്ടറ മുളവനയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തൊടുപുഴയില്‍ ഹര്‍ത്താല്‍ അനുകൂലുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. പെരുമ്പാവൂരില്‍ ഹര്‍ത്താല്‍ സാരമായി ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകള്‍ എല്ലാം തന്നെ ഓടുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു. സ്ഥിരമായി വൈകി തുറക്കാറുള്ള കടകള്‍ മാത്രമാണ് അടഞ്ഞു കിടക്കുന്നത്. കോഴിക്കോട് ഉള്ളിയേരിയില്‍ സമരാനുകൂലികള്‍ സ്വകാര്യ ബസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ആലപ്പുഴയില്‍ ഹര്‍ത്താലിനെതുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കടകള്‍, ഹോട്ടലുകള്‍ പലതും തുറന്നു തുടങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഉണ്ട്, ഓട്ടോ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയും ആലപ്പുഴയില്‍ സര്‍വീസ് നടത്തുന്നുണ്ട്.
നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിലില്‍നിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നല്‍കുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ നിയമം നടപ്പാക്കുക, കണ്ണൂര്‍ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ ഉന്നയിക്കുന്നു. വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബസ്സുകളോ മറ്റു വാഹനങ്ങളോ നിര്‍ബന്ധിച്ച് തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാലും ചിലയിടങ്ങളില്‍ സ്ഥിതി മറിച്ചാണ്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍, കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റ്‌സ് ഫെഡറേഷന്‍, കേരള സ്റ്റീല്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കില്ലെന്നു കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന് 52 ദലിത് സംഘടനകളാണ് പിന്തുണ നല്‍കുന്നത്.
