BoolokamBoolokam

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; ഇടുക്കിയില്‍ വീടിന് സമീപത്ത് നിന്നും പാമ്പുകടിയേറ്റ 75കാരി മരിച്ചു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയില്‍ നബീസയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിവെനം നല്‍കിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയന്‍ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.

ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് ആളുകള്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് അഞ്ചിലധികം പേരാണ് സംസ്ഥാനത്ത് മരിച്ചത്. എറണാകുളം ചെറായിയില്‍ വിനോദ സഞ്ചാരിക്ക് പാമ്പുകടിയേറ്റു. ചെറായി രക് തേശ്വരി ബീച്ചിന് സമീപമുള്ള ചെറായി ബീച്ച് റസിഡന്‍സി റിസോര്‍ട്ടിന് പുറകില്‍ വെച്ച് 38 വയസുള്ള തമിഴ്‌നാട് സ്വദേശിനിക്കാണ് പാമ്പ് കടിയേറ്റത്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം ഇവരെ ചാലാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നീര്‍ക്കോലിയാണ് കടിച്ചതെന്ന് പ്രാഥമിക നിഗമനം.

കൊല്ലത്തും ഒരാള്‍ക്ക് പാമ്പ് കടിയേറ്റു. രാമന്‍കുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലില്‍ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും. അതേസമയം, തൃശൂരില്‍ പാമ്പുകടിയേറ്റ അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഇതിനിടെ, കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് പിതാവ് സമീര്‍ ആരോപിച്ചു. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റി വെനം നല്‍കുന്നതില്‍ ഉള്‍പ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ അന്നേ ആരോപണം ഉയര്‍ത്തിയിരുന്നു. പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും ചികിത്സ നല്‍കിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം. എന്നാല്‍, ആശുപത്രി അധികൃതകരുടെ വാദം തള്ളുകയാണ് കുടുംബം. ഒരു തരത്തിലുള്ള പരിഗണയോ ചികിത്സയോ നല്‍കിയില്ലെന്ന് സെലീനയുടെ പിതാവ് സമീര്‍ ആരോപിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; ഇടുക്കിയില്‍ വീടിന് സമീപത്ത് നിന്നും പാമ്പുകടിയേറ്റ 75കാരി മരിച്ചു - Marunadan Malayali | Boolokam