
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സഹോദരന്റെ ആശുപത്രി രേഖകളില്‍ വ്യാപകമായ കൃത്രിമം നടന്നതായി കേരളാ പോലീസിന്റെ കണ്ടെത്തല്‍. മൊണാലിസയുടെ സഹോദരന്‍ അജയ്സിങ് ഭോസ്ലെയുടെ ജനനവുമായി ബന്ധപ്പെട്ട രേഖകള്‍ തിരുത്തി മൊണാലിസയുടേതാക്കി മാറ്റിയാണ് ഈ അട്ടിമറി നടത്തിയത്. തിരുവനന്തപുരം കോടതിയില്‍ ഈ കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഗൗരവകരമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
മൊണാലിസയും സഹോദരന്‍ അജയ്സിങ് ഭോസ്ലെയും തമ്മില്‍ വെറും ഒരു വയസ്സിന്റെ പ്രായവ്യത്യാസമാണുള്ളത്. അജയ്സിങ് ജനിച്ചപ്പോഴുള്ള ആശുപത്രി രേഖകള്‍ തിരുത്തി മൊണാലിസ ഭോസ്ലെ എന്നാക്കി മാറ്റുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് ഈ നീക്കം നടന്നത്.
2015 മെയ് മാസത്തില്‍ എടുത്ത ആധാര്‍ കാര്‍ഡില്‍ മൊണാലിസയുടെ ജനന തീയതി 2008 ജനുവരി ഒന്ന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ പുതിയ ഫോട്ടോ ഉള്‍പ്പെടുത്തി പുതുക്കിയ ആധാര്‍ കാര്‍ഡിലും ഇതേ തീയതി തന്നെയാണുള്ളത്. എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ മൊണാലിസയുടെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുകയാണ്. രേഖകള്‍ റദ്ദാക്കുന്നതിന് മുന്‍പ് മൊണാലിസയുടെ ഭാഗം കേള്‍ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.
2025 ജൂണില്‍ ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവരുടെ വിശദമായ അന്വേഷണത്തിന് ശേഷമാണ് മൊണാലിസയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നിയമപരമായ പരിശോധനകള്‍ക്ക് ശേഷം നല്‍കിയ ഈ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിനെക്കൊണ്ട് അപേക്ഷിപ്പിച്ചാണ് മധ്യപ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയത്. നിലവിലുള്ള മറ്റെല്ലാ രേഖകളും റദ്ദാക്കാന്‍ പിതാവ് ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.
മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തതും കേരള പോലീസ് മേധാവിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതും ഈ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് കേരളാ പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ വിവാഹ രജിസ്‌ട്രേഷനില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് കേരളാ പോലീസ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കെ-സ്മാര്‍ട്ട് വഴി പൂവാര്‍ പഞ്ചായത്ത് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് കൃത്യമായ രേഖകള്‍ പരിശോധിച്ച ശേഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2008-ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ ചട്ടം അനുസരിച്ചാണ് ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തത്. കക്ഷികളുടെ മതമോ ആചാരമോ ഇതില്‍ തടസ്സമല്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. പ്രായം തെളിയിക്കുന്ന രേഖകള്‍ കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇപ്പോള്‍ പുറത്തുവരുന്ന 'ഡോക്യുമെന്റ് അട്ടിമറി' കേരളത്തിലെ നിയമപോരാട്ടത്തില്‍ വലിയ വഴിത്തിരിവാകും.
