
തൃശൂർ: ഇന്ത്യയിലാദ്യമായി 'ട്രാൻസ്‌പെരന്റ് എൽഇഡി സ്‌ക്രീൻ' കേരളത്തിൽ അവതരിപ്പിക്കുന്നു. പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കൊച്ചി കാക്കനാട് ഒരുങ്ങുന്ന തീയേറ്റർ സമുച്ചയത്തിൽ ഈ അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കുന്നത്. കുന്നംകുളം പെരുമ്പിലാവിലെ മാജിക് ഫ്രെയിംസിന്റെ പുതിയ തീയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിലാണ് ലിസ്റ്റിൻ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളുടെ സംഗമസ്ഥാനമായ പെരുമ്പിലാവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള റിലീസിങ് തീയേറ്ററുകൾ ഇല്ലെന്ന സിനിമാപ്രേമികളുടെ സങ്കടത്തിന് ഇതോടെ പരിഹാരമായി. പെരുമ്പിലാവ് ഫാൽക്കൺ മാളിലെ മാജിക് ഫ്രെയിംസ് തീയേറ്റർ സമുച്ചയം സൂപ്പർ താരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഹർത്താലായിരുന്നിട്ടും പ്രിയ താരങ്ങളെ കാണാനും പുതിയ തീയേറ്റർ കാണാനുമായി വൻ ജനപ്രവാഹമാണ് പെരുമ്പിലാവിലേക്ക് ഒഴുകിയെത്തിയത്.
ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള 45-ാമത്തെ തീയേറ്ററാണിത്. നാല് അത്യാധുനിക സ്‌ക്രീനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അർജുൻ അശോകൻ, ദിവ്യ പിള്ള, ഗ്രേസ് ആന്റണി, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ വിവിധ സ്‌ക്രീനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നിർമ്മാതാക്കളായ ആൽവിൻ ആന്റണി, എബ്രഹാം മാത്യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മെയ് ഒന്ന് മുതലാണ് ഇവിടെ സിനിമകളുടെ പ്രദർശനം ആരംഭിക്കുന്നത്.
മികച്ച ദൃശ്യ-ശ്രവ്യാനുഭവം സിനിമ പ്രേമികൾക്ക് നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, കാക്കനാട് ഒരുങ്ങുന്ന തിയേറ്ററിൽ ട്രാൻസ്‌പെരന്റ് എൽഇഡി സ്ക്രീൻ വരുന്നതോടെ അത് വിസ്മയമാകുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
