
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇളയമകന്‍ സജി പൊലിസ് പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് പൊലിസ് ഇയാളെ പിടികൂടിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്തത് ഇവരുടെ മൃതദേഹങ്ങളാണ് എന്നാണ് സംശയിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലാണ്. ഡിഎന്‍എ, ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തി മൃതദേഹങ്ങള്‍ ഇവരുടേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ഇടുക്കി എസ്.പി. സാബുമാത്യു പറഞ്ഞു. എന്നാണ് കൊലപാതകം നടത്തിയതെന്നത് അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മേരിക്കുട്ടിയുടെ മകള്‍ സിനി ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്‍നിന്ന് പുറത്തേക്കുനില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒരേകുഴിയില്‍ ആയിരുന്നു. വേഗം ജീര്‍ണിക്കുന്നതിനും ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയില്‍ കുമ്മായം വിതറിയിരുന്നു.
മരിച്ച റെജിയും പ്രതിയെന്ന് സംശയിക്കുന്ന സജിയും തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇവര്‍ അയല്‍ക്കാരെയും സഹോദരിമാരടക്കമുള്ള ബന്ധുക്കളെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മയെ കാണുന്നതിനായി സഹോദരിമാര്‍ വീട്ടില്‍ എത്തുന്നത് പോലും ഇയാള്‍ തടഞ്ഞിരുന്നു. റെജിയും സജിയും തമ്മില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ കൈയാങ്കളി കൊലപാതകത്തില്‍ കലാശിച്ചതായാണ് നിഗമനം. ഏപ്രില്‍ 10 മുതല്‍ മേരിക്കുട്ടിയെയും മൈക്ക് ഓപ്പറേറ്ററായ റെജിയെയും കാണാനില്ലായിരുന്നു. നാട്ടുകാര്‍ ഇവരെപ്പറ്റി തിരക്കിയപ്പോള്‍, ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിന് തിരുവല്ലയില്‍ ആണെന്നും മേരിക്കുട്ടിയുടെ ചികിത്സയ്ക്കായി തേനി മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയെന്നും മറ്റും സജി പറഞ്ഞിരുന്നു. പലരോടും പലരീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നി.
തുടര്‍ന്ന് ഇവര്‍, നെടുങ്കണ്ടം പോലീസില്‍ രണ്ടുപേരെയും കാണാതായതില്‍ അസ്വാഭാവികതയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് സിനി നെടുങ്കണ്ടം പോലീസില്‍ പരാതിനല്‍കിയത്. ഞായറാഴ്ച വൈകീട്ട് നെടുങ്കണ്ടം പോലീസ് ഇവരുടെ വീടിനുസമീപത്ത് എത്തി. യാത്രപോകാന്‍ തയ്യാറെടുത്തവിധം ബാഗുമായി റോഡിനുസമീപം നില്‍ക്കുകയായിരുന്ന സജി, പോലീസിനെ കണ്ട് ഓടിപ്പോകുകയായിരുന്നു. വൈകീട്ടോടെ സമീപത്തെ മലയില്‍നിന്ന് ഇയാളുടെ ബാഗ് കണ്ടെത്തി. കട്ടപ്പന ഡിവൈ.എസ്.പി. ഷാജന്‍, നെടുങ്കണ്ടം സി.ഐ. കെ.എല്‍. തോമസ് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുള്‍ അഴിയുംമുമ്പേ എട്ട് വര്‍ഷം മുമ്പ് ഇവരുടെ അച്ഛന്‍ മാത്യുവിനെ കാണാതായതും സംശയം ജനിപ്പിക്കുന്നു. മാത്യു സുവിശേഷകനായിരുന്നു. 2018-ല്‍ മാത്യുവിനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പരാതി തന്നിരുന്നുവെന്നും ഇതിന്മേല്‍ അന്വേഷണം നടക്കുകയാണെന്നും നെടുങ്കണ്ടം പോലീസ് പറഞ്ഞു. മാത്യുവിന്റെ തിരോധാനവും ഇതോടൊപ്പം അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
2018 ലാണ് റെജിയുടേയും സജിയുടേയും പിതാവായ മാത്യുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. ഈ കേസില്‍, അദ്ദേഹം ഒരു ബസില്‍ കയറി പോകുന്നത് കണ്ടുവെന്ന തരത്തിലാണ് അന്വേഷണം വന്നു നിന്നത്. തുടര്‍ന്ന് അന്വേഷണം മുന്നോട്ടുപോയില്ല. വീട്ടുവളപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ, മാത്യുവിനെയും സമാനരീതിയില്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു. അവിവാഹിതരായ മൂത്തമകന്‍ റെജി, ഇളയ മകന്‍ സജി (43) എന്നിവര്‍ക്കൊപ്പമാണ് മേരിക്കുട്ടി താമസിച്ചിരുന്നത്. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു മേരിക്കുട്ടി. രണ്ടു മക്കളും കൂലിപ്പണിക്ക് പോയിരുന്നു. റെജി നെടുങ്കണ്ടത്ത് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു. നാട്ടില്‍ ആരുമായും അധികം അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മാസം രണ്ടാംതീയതി മുതലാണ് മേരിക്കുട്ടിയേയും റെജിയേയും കാണാതായത്.
ഇളയമകനായ സജിയോട് ഇവരെപ്പറ്റി ചോദിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. തേനിയില്‍ ചികിത്സയ്ക്കായി പോയിരിക്കുകയാണെന്നും, ബന്ധു വീട്ടില്‍ പോയിരിക്കുകയാണെന്നും പല മറുപടികളാണ് നല്‍കിയിരുന്നത്. സജി പറയുന്ന മറുപടികളില്‍ സമീപവാസികള്‍ക്ക് സംശയം തോന്നിയിരുന്നു. നാട്ടുകാര്‍ ഇതേപ്പറ്റി സൂചിപ്പിച്ചതോടെ മേരിയുടെ മകളാണ് അമ്മയേയും സഹോദരനേയും കാണാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച വൈകീട്ട് സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ സജിയുടെ വീട്ടിലെത്തി സംസാരിച്ചെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് സംശയിക്കുന്നു എന്നു മനസ്സിലാക്കിയ സജി പൊടുന്നനെ വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു.
