BoolokamBoolokam

സ്വത്ത് വിവരത്തിൽ പൊരുത്തക്കേട്; വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജിയും മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ സാമ്പത്തിക വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ സമർപ്പിച്ച പുതിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എം.പി. വെങ്കിടേഷ് സമർപ്പിച്ച ഹർജിയാണ് കോടതി നിരസിച്ചത്. സമാന വിഷയത്തിൽ മറ്റൊരു ഹർജിയിൽ കോടതി മുൻപ് ഉത്തരവിട്ടതിനാൽ പുതിയ ഹർജിക്ക് പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിജയ് തന്റെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ കാണിച്ചതിനെ ഹർജിക്കാരൻ ചോദ്യം ചെയ്തു. കുടുംബത്തിൽ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഇടപാടിന്റെ സുതാര്യത പരിശോധിക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ, കോകിലാംബാൾ എജ്യുക്കേഷൻ ട്രസ്റ്റിന് 20 കോടി രൂപ കൈമാറിയതും ഒരു സത്യവാങ്മൂലത്തിൽ 100 കോടി രൂപയുടെ കുറവ് കാണിച്ചതും ഗൗരവകരമാണെന്നും ആദായനികുതി വകുപ്പും കോർപ്പറേറ്റ് കാര്യ മന്ത്രാലയവും ഇത് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഒരിടത്ത് വൻതുക കടം നൽകിയതായി അവകാശപ്പെടുമ്പോൾ തന്നെ ബാധ്യതകൾ ഒന്നുമില്ലെന്ന് കാണിക്കുന്നത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഹർജിക്കാരൻ ആരോപിച്ചു. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ കണക്കുകൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് വി. വിഗ്നേഷ് എന്ന വോട്ടർ നൽകിയ ആദ്യ ഹർജിയിൽ കോടതി നേരത്തെ നടപടിയെടുത്തിരുന്നു. ഇതിൽ വിശദീകരണം തേടി ആദായനികുതി വകുപ്പിനും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ കേസ് ജൂണിൽ വീണ്ടും പരിഗണിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വത്ത് വിവരത്തിൽ പൊരുത്തക്കേട്; വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജിയും മദ്രാസ് ഹൈക്കോടതി തള്ളി - Marunadan Malayali | Boolokam