
വയനാട്: വയനാട് ചുരത്തിൽ രാത്രി യാത്രയ്ക്കിടയിൽ യുവാവിന്റെ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് കയറിക്കൂടിയത് പരിഭ്രാന്തി പരത്തി. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിന്റെ സ്കൂട്ടറിലാണ് പെരുമ്പാമ്പ് ഒളിച്ചത്. ഇതേത്തുടർന്ന് മൂന്നര മണിക്കൂറോളം നൗഫലിന് നടുറോഡിൽ കഴിയേണ്ടി വന്നു.
ഇന്നലെ രാത്രി ഒൻപതരയോടെ ചുരം വ്യൂപോയിന്റിന് സമീപമാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പാമ്പിനെ കണ്ട് പെട്ടെന്ന് ബ്രേക്കിട്ട നൗഫൽ സ്കൂട്ടർ മറിഞ്ഞ് വീണു. വീണിടത്തുനിന്ന് എഴുന്നേറ്റ് സ്കൂട്ടർ മാറ്റാൻ ശ്രമിക്കുമ്പോഴാണ് പാമ്പ് ഇഴഞ്ഞ് വണ്ടിയുടെ ബോഡിക്കുള്ളിലേക്ക് കയറിയത്.
വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും പാമ്പിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് സ്കൂട്ടറിന്റെ ബോഡി ഭാഗങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി നടത്തിയ പരിശ്രമത്തിനൊടുവിൽ അർദ്ധരാത്രി ഒരു മണിയോടെയാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടാനായത്. കുറ്റ്യാടി പാറക്കടവിൽ ചിക്കൻ സ്റ്റാൾ ജീവനക്കാരനായ നൗഫൽ പരിക്കുകളോടെയാണ് യാത്ര തുടർന്നത്. സ്കൂട്ടർ പൊളിച്ച് പാമ്പിനെ നീക്കിയ ശേഷമാണ് പ്രദേശത്തെ പിരിമുറുക്കം അവസാനിച്ചത്.
