BoolokamBoolokam

സ്‌പെയിന്‍ കത്തുന്നു; 5 ലക്ഷം കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്; എംബസികളില്‍ ഇരമ്പിയെത്തി ആഫ്രിക്കക്കാര്‍; രാജ്യം അരാജകത്വത്തിലേക്ക്

നധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ് നല്‍ാകനുള്ള സ്പെയിന്‍ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിവിടുന്നു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് നിയമപരമായ താമസാനുമതി നല്‍കാന്‍ തീരുമാനിച്ചതോടെ, രേഖകള്‍ക്കായി നെട്ടോട്ടമോടുന്ന വിദേശികളുടെ തിരക്ക് നിയന്ത്രിക്കാനാവാതെ പോലീസ് വലയുകയാണ്.

മാഡ്രിഡിലെ ഗാംബിയന്‍ എംബസിക്ക് മുകളില്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ്. പത്തടി ഉയരമുള്ള മുള്‍വേലികള്‍ വകഞ്ഞുമാറ്റി ഗാംബിയന്‍ എംബസിയുടെ മതില്‍ ചാടിക്കടന്ന കുടിയേറ്റക്കാരുടെ ദൃശ്യങ്ങള്‍ സ്പെയിനില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. അറ്റ്ലാന്റിക് കടല്‍ കടന്നെത്തിയ തങ്ങള്‍ക്ക് ഈ മതില്‍ ഒരു തടസ്സമേയല്ലെന്നാണ് എംബസി വളപ്പില്‍ നിലയുറപ്പിച്ച ആഫ്രിക്കന്‍ യുവാക്കള്‍ പറയുന്നത്. മതിലില്‍ നിന്ന് വീണ് പരിക്കേറ്റിട്ടും രേഖകള്‍ ലഭിക്കാതെ മടങ്ങില്ലെന്ന വാശിയിലായിരുന്നു അവര്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ നഗരങ്ങളില്‍ തടിച്ചുകൂടുന്നത് സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

സ്പെയിനിലെ ഉദ്യോഗസ്ഥ സംവിധാനത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തിരക്കെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസും കുടിയേറ്റക്കാരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏപ്രില്‍ 17 മുതല്‍ ജൂണ്‍ 30 വരെയാണ് ഈ പ്രത്യേക പൊതുമാപ്പ് കാലാവധി. അഞ്ചുമാസമെങ്കിലും സ്പെയിനില്‍ താമസിച്ചവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഒരു വര്‍ഷത്തെ താമസാനുമതി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്താതെ പ്രധാനമന്ത്രി നേരിട്ട് പുറപ്പെടുവിച്ച ഈ ഉത്തരവ് 'നിയമവിരുദ്ധതയ്ക്കുള്ള സമ്മാന'മാണെന്ന് പ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി ആരോപിക്കുന്നു.

കുടിയേറ്റക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കുന്ന സിവില്‍ ഓഫീസുകളില്‍ തിരക്ക് അഞ്ചിരട്ടിയായി വര്‍ധിച്ചതോടെ ജീവനക്കാരും പ്രതിഷേധത്തിലാണ്. ദിവസം 1500 അപേക്ഷകള്‍ കൈകാര്യം ചെയ്തിരുന്ന ഓഫീസുകളില്‍ ഇപ്പോള്‍ 5500-ലേറെ അപേക്ഷകളാണ് എത്തുന്നത്. മതിയായ തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തെ ഭരണസംവിധാനത്തെ തകര്‍ക്കുമെന്നും ഉദ്യോഗസ്ഥ സംഘടനകള്‍ പരാതിപ്പെടുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ സ്പെയിന്‍ മാത്രം വാതില്‍ തുറന്നിടുന്നത് വിരോധാഭാസമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 2024-ല്‍ മാത്രം 63,000-ത്തോളം അനധികൃത കുടിയേറ്റക്കാരാണ് സ്പെയിനിലെത്തിയത്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിദേശികളാണ്.

ഉദാരമായ സമീപനം പുലര്‍ത്തിയിരുന്ന സ്പെയിന്‍ ജനത പോലും ഇപ്പോള്‍ കുടിയേറ്റം പരിധി വിടുന്നു എന്ന ആശങ്കയിലാണ്. ഫ്രാന്‍സും ഇറ്റലിയും ഗ്രീസും കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴാണ് പെഡ്രോ സാഞ്ചസ് 'മാനവികത'യുടെ പേരില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് ആരോപണമുണ്ട്. കുടിയേറ്റക്കാര്‍ നിയമവിധേയമാകുന്നതോടെ അവര്‍ നികുതി നല്‍കുമെന്നും അത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ സ്പെയിനില്‍ നിയമപരമായ അനുമതി ലഭിക്കുന്നവര്‍ വൈകാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുമെന്ന ആശങ്ക യൂറോപ്യന്‍ യൂണിയന്‍ പങ്കുവെക്കുന്നുണ്ട്. ഇ്കാര്യം അനുവദിക്കില്ലെന്നും, നിയമവിരുദ്ധമായി എത്തുന്നവരെ സ്വന്തം രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചയക്കുമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച് ലക്ഷം പേര്‍ക്കാണ് പൊതുമാപ്പ് ലഭിക്കുകയെങ്കിലും ഏകദേശം 13 ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ അപേക്ഷയുമായി എത്തുമെന്നാണ് പോലീസിന്റെ നിഗമനം. ഈ വന്‍ തിരക്ക് കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കാവില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. അപേക്ഷകരില്‍ പലരും വ്യാജ രേഖകള്‍ ചമയ്ക്കാനും സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.

മാഡ്രിഡിലെ തെരുവുകളില്‍ ഇപ്പോള്‍ പോലീസ് കാവല്‍ ശക്തമാണ്. എംബസി പരിസരങ്ങളില്‍ തമ്പടിച്ചിരിക്കുന്നവരെ നീക്കം ചെയ്തെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്‌പെയിന്‍ കത്തുന്നു; 5 ലക്ഷം കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്; എംബസികളില്‍ ഇരമ്പിയെത്തി ആഫ്രിക്കക്കാര്‍; രാജ്യം അരാജകത്വത്തിലേക്ക് - Marunadan Malayali | Boolokam