
കോഴിക്കോട്: ഫറോക്ക് സ്വദേശിനിയായ ബി.ടെക് ബിരുദധാരി അതുല്യയുടെ (26) ആത്മഹത്യയില്‍ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ സുഹൃത്തിന്റെ ചതിയും സാമ്പത്തിക ചൂഷണവുമാണ് അതുല്യയെ മരണത്തിലേക്ക് നയിച്ചതെന്നും ഇത് കൊലപാതകത്തിന് തുല്യമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
ബി.ടെക് പഠനത്തിന് ശേഷം കൊച്ചിയില്‍ ജോലി ചെയ്യുന്ന കാലത്താണ് അതുല്യയും കൊടുങ്ങല്ലൂര്‍ സ്വദേശിനിയും പരിചയപ്പെടുന്നത്. ഇവര്‍ തമ്മിലുള്ള ഉറ്റ സൗഹൃദത്തിന്റെ മറവില്‍ അതുല്യയുടെ പക്കല്‍ നിന്നും വലിയൊരു തുക കടമായി വാങ്ങുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും പണമോ സ്വര്‍ണ്ണമോ തിരികെ നല്‍കാന്‍ സുഹൃത്ത് തയ്യാറായില്ല. ഇത് അതുല്യയെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു.
മരിക്കുന്നതിന് മുന്‍പ് അതുല്യ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തിന്റെ പെരുമാറ്റവും സാമ്പത്തിക ബാധ്യതയും തന്നെ വല്ലാതെ തളര്‍ത്തുന്നുവെന്ന് വിതുമ്പലോടെ അതുല്യ സന്ദേശത്തില്‍ പറയുന്നു. പണം തിരികെ ചോദിക്കുമ്പോഴെല്ലാം സുഹൃത്ത് ഒഴിഞ്ഞുമാറുകയും അതുല്യയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ശബ്ദരേഖ വ്യക്തമാക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുല്യയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരിയറില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്ന അതുല്യയെ സാമ്പത്തിക ചതിയിലൂടെ സുഹൃത്ത് മാനസികമായി തകര്‍ക്കുകയായിരുന്നു. ഈ തകര്‍ച്ചയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം വിശ്വസിക്കുന്നു. അതുല്യയുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ സുഹൃത്ത് കൈവശപ്പെടുത്തിയതായും ബന്ധുക്കള്‍ക്ക് സംശയമുണ്ട്.
അതുല്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫറോക്കിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകളുടെ മരണത്തിന് ഉത്തരവാദിയായ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു. അതുല്യയുടെ ബാങ്ക് ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കുന്നതിലൂടെ ചതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
