BoolokamBoolokam

സർവീസിന് നൽകിയ ഓട്ടോറിക്ഷയുടെ എൻജിൻ അഴിച്ചുമാറ്റി മറ്റൊരു വണ്ടിയിലാക്കി; ചേസിസ് നമ്പറിലും കൃത്രിമം; വർക്ക്ഷോപ്പ് ഉടമയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സർവീസിനായി നൽകിയ ഓട്ടോറിക്ഷയുടെ എൻജിൻ മാറ്റി സ്ഥാപിച്ചും ചേസിസ് നമ്പറിൽ കൃത്രിമം കാട്ടിയും വഞ്ചന നടത്തിയ സംഘം പൊലീസിന്റെ പിടിയിൽ. വട്ടിയൂർക്കാവ് സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. വാഹനത്തിന്റെ റീ-ടെസ്റ്റിന് മുന്നോടിയായുള്ള മിനുക്കുപണികൾക്കായാണ് പരാതിക്കാരൻ ഓട്ടോറിക്ഷ മരുതൻകുഴിയിൽ വർക്ക്ഷോപ്പ് നടത്തുന്ന ആനന്ദിനെ ഏൽപ്പിച്ചത്.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാൻ ആനന്ദ് തയ്യാറായില്ല. സംശയം തോന്നിയ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വാഹനം പൊളിച്ചതായും കൃത്രിമം നടത്തിയതായും കണ്ടെത്തി. രാജേഷ് കുമാറിന്റെ സഹായത്തോടെ ആനന്ദ് പരാതിക്കാരന്റെ ഓട്ടോറിക്ഷയുടെ എൻജിൻ അഴിച്ചെടുത്തു. ഈ എൻജിൻ മുഹമ്മദ് സൽമാന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഓട്ടോറിക്ഷയിൽ ഘടിപ്പിക്കുകയായിരുന്നു.

കൂടാതെ വാഹനത്തിന്റെ ചേസിസ് നമ്പറിൽ കൃത്രിമം വരുത്തുകയും ചെയ്തു. സൽമാൻ ഈ വാഹനം റോഡിൽ ഓടിച്ചുവരികയായിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കുറ്റകൃത്യം തെളിഞ്ഞതോടെ മൂവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ച് സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!