
ഭോപ്പാല്‍: രാജ്യത്തെ നടുക്കിയ മേഘാലയ ഹണിമൂണ്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി സോനം രഘുവംശിക്ക് പത്തുമാസത്തെ ജയില്‍വാസത്തിന് ശേഷം ഷില്ലോങ് കോടതി ജാമ്യം അനുവദിച്ചു. ഹണിമൂണ്‍ ആഘോഷത്തിനിടെ മേഘാലയയില്‍ വച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സോനം രഘുവംശിക്കാണ് ജാമ്യം അനുവദിച്ചത്. പ്രണയബന്ധത്തിന് തടസ്സമായിരുന്ന ഭര്‍ത്താവിനെ ഹണിമൂണ്‍ യാത്രയ്ക്കിടെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന അതീവ ഗൗരവകരമായ കേസില്‍, അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സാങ്കേതിക പിഴവാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പ്രധാന കാരണമായത്. ഈസ്റ്റ് ഖാസി ഹില്‍സ് കോടതിയാണ് കര്‍ശനമായ ഉപാധികളോടെ സോനത്തിന് മോചനം അനുവദിച്ചത്.
ഇന്‍ഡോര്‍ സ്വദേശികളായ രാജ രഘുവംശിയും സോനവും 2025 മേയ് 11-നാണ് വിവാഹിതരായത്. തുടര്‍ന്ന് മേയ് 20-ഓടെ ഹണിമൂണിനായി മേഘാലയയിലെത്തിയ ദമ്പതിമാരെ സൊഹ്‌റയില്‍ വെച്ച് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടിന് ഒരു കൊക്കയില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സോനവും കാമുകനായ രാജ് കുശ്വഹയും ചേര്‍ന്ന് വാടകക്കൊലയാളികളെ ഉപയോഗിച്ച് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സോനത്തിന്റെ കണ്‍മുന്നില്‍ വെച്ചുതന്നെയാണ് കൊലയാളികള്‍ രാജയെ ആക്രമിച്ചതും മലമുകളില്‍ നിന്ന് തള്ളിയിട്ടതും.
എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ പോലീസിന് സംഭവിച്ച ചെറിയൊരു ക്ലറിക്കല്‍ പിഴവ് പ്രതിഭാഗത്തിന് ആയുധമായി മാറി. ഭാരതീയ ന്യായസംഹിതയിലെ (BNS) കൊലപാതകക്കുറ്റമായ 103(1) വകുപ്പിന് പകരം അറസ്റ്റ് രേഖകളിലും കേസ് ഡയറിയിലും 403(1) എന്നാണ് പോലീസ് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ നിയമമനുസരിച്ച് 403(1) എന്നൊരു വകുപ്പില്ലെന്നും, പഴയ ഐപിസി പ്രകാരം അത് സ്വത്ത് ദുരുപയോഗവുമായി ബന്ധപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് മെമ്മോ ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകളില്‍ ഇത്തരമൊരു പിഴവ് വന്നതോടെ, ഏത് കുറ്റത്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പ്രതിയെ കൃത്യമായി ബോധിപ്പിച്ചിട്ടില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ മൂന്നുതവണ സോനത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായതും 790 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതും പരിഗണിച്ച് സോനത്തിന് ജാമ്യം നല്‍കാന്‍ കോടതി തീരുമാനിച്ചു. 10 മാസമായി പ്രതി ജയിലില്‍ കഴിയുന്ന കാര്യവും കോടതി കണക്കിലെടുത്തു. സോനത്തിന്റെ അച്ഛനും ബന്ധുക്കളും ഷില്ലോങ്ങിലെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ സോനത്തിന് പുറത്തിറങ്ങാനായെങ്കിലും കാമുകന്‍ രാജ് കുശ്വഹയും മറ്റ് മൂന്ന് പ്രതികളും ഇപ്പോഴും ജയിലില്‍ തുടരുകയാണ്. തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ ഷില്ലോങ് വിട്ടുപോകരുത് തുടങ്ങിയ കര്‍ശനമായ നിബന്ധനകളോടെയാണ് സോനം ജയില്‍ മോചിതയാകുന്നത്.
2025 മേയിലാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സില്‍ വെച്ച് രാജാ രഘുവംശി കൊല്ലപ്പെട്ടത്. ഭാര്യയ്ക്കൊപ്പം ഹണിമൂണിനെത്തിയ രാജയെ സൊഹ്റയില്‍ നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് ഇവിടുത്തെ ഒരു കൊക്കയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വെച്ചാണ് സോനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ രാജാ കുശ്വാഹുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സോനത്തിനെതിരായ ആരോപണം. സോനത്തിന് ജാമ്യം ലഭിച്ചെങ്കിലും കാമുകന്‍ രാജാ കുശ്വാഹ് ഉള്‍പ്പെടെ കേസിലെ മറ്റ് മൂന്ന് പ്രതികളും ഇപ്പോഴും ജയിലിലാണ്.കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം സമര്‍പ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലാ സെഷന്‍സ് കോടതിയിലെ ലീഗല്‍ എയ്ഡ് യൂണിറ്റാണ് ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും സോനം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. സോനം ഇതിനകം 10 മാസം ജയിലില്‍ കഴിഞ്ഞ കാര്യവും കോടതി പരിഗണിച്ചു.
രാജാ രഘുവംശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 790 പേജുള്ള കുറ്റപത്രം സൊഹ്റയിലെ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് സോനത്തിന് ജാമ്യം ലഭിക്കുന്നത്.2025 മേയ് 26നാണ് സോനവും രാജാ രഘുവംശിയും മേഘാലയയിലെ സൊഹ്റയിലെത്തിയത്. ഇതിന് പിന്നാലെ രാജയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വലിയ തോതിലുള്ള തിരച്ചില്‍ നടന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ 2ന് ഒരു വെള്ളച്ചാട്ടത്തിന് സമീപമുള്ള ആഴമേറിയ കൊക്കയില്‍ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.
