
മുംബൈ: വാംഖഡെയിലെ ആ പഴയ 'അഭേദ്യമായ കോട്ട' തിരിച്ചുപിടിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നു. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് കൂപ്പുകുത്തി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മുംബൈയ്ക്ക്, വരാനിരിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം ജീവന്‍മരണ പോരാട്ടമാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നിരിക്കെ, ടീമിന്റെ രക്ഷകരായി രണ്ട് പ്രമുഖ താരങ്ങള്‍ മടങ്ങിയെത്തുന്നുവെന്നതാണ് മുംബൈയുടെ ആശ്വാസം. മുന്‍ നായകന്‍ രോഹിത് ശര്‍മയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സും.
സീസണിലെ മുംബൈയുടെ തകര്‍ച്ചയുടെ പ്രധാന കാരണം പവര്‍പ്ലേയിലെ പരാജയങ്ങളാണ്. രോഹിത്തിന്റെ അഭാവത്തില്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പം റയാന്‍ റിക്കല്‍ട്ടണെയും ഡാനിഷ് മലേവാറിനെയും പരീക്ഷിച്ചെങ്കിലും ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായില്ല. ശരീരിക ക്ഷമത വീണ്ടെടുത്ത് കൂടുതല്‍ കരുത്തനായി തിരിച്ചെത്തുന്ന രോഹിത്, പവര്‍പ്ലേ ഓവറുകളില്‍ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ മുതലാക്കി ടീമിന് നല്‍കുന്ന സ്‌ഫോടനാത്മക തുടക്കം മുംബൈയ്ക്ക് അനിവാര്യമാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കണ്ട രോഹിത്തിന്റെ ബാറ്റിങ് മികവ് ഹൈദരാബാദിനെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോള്‍ വില്‍ ജാക്‌സിന്റെ വരവ് ടീമിന് വലിയ ആശ്വാസമാകും. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് പുറമെ, ലോകകപ്പില്‍ 175 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ജാക്‌സ് നിലവില്‍ ഉജ്ജ്വല ഫോമിലാണ്. ലോവര്‍ ഓര്‍ഡറില്‍ വേഗത്തില്‍ റണ്‍സ് ഉയര്‍ത്താനും ആവശ്യമെങ്കില്‍ വിക്കറ്റുകള്‍ വീഴ്ത്താനും കഴിവുള്ള ജാക്‌സിന്റെ സാന്നിധ്യം ടീമിന്റെ ബാലന്‍സ് മെച്ചപ്പെടുത്തും.
ചിരവൈരികളായ ചെന്നൈയോട് വഴങ്ങിയ കനത്ത തോല്‍വിയടക്കം നാല് കളികളില്‍ മൂന്നിലും തോറ്റ മുംബൈയ്ക്ക് ഇനി ഓരോ മത്സരവും ഫൈനലിന് തുല്യമാണ്. രോഹിതും ജാക്‌സും ടീമിന് ആത്മവിശ്വാസം നല്‍കുമെങ്കിലും, ഹാര്‍ദിക്കും സൂര്യയും തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് ഈ സീസണില്‍ പ്ലേ ഓഫ് എന്ന 'അതിമോഹം' യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ. വാംഖഡെ വീണ്ടും ഒരു മുംബൈ കോട്ടയായി മാറുമോ എന്ന് ഹൈദരാബാദിനെതിരായ മത്സരത്തോടെ അറിയാം.
