BoolokamBoolokam

ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ ഉപരോധത്തെ വെല്ലുവിളിച്ച് ഇന്ത്യന്‍ കപ്പല്‍; 'സര്‍വ് ശക്തി' പുറത്തുകടന്നത് മൈനുകളെയും അതിജീവിച്ച്; 45,000 ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ ജീവനക്കാരുടെ സാഹസിക യാത്ര; പശ്ചിമേഷ്യന്‍ യുദ്ധഭീതിക്കിടയിലും ഇന്ത്യയുടെ നയതന്ത്ര വിജയം!

മുംബൈ: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യവും ആഗോള ഉപരോധങ്ങളും നിലനില്‍ക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യന്‍ എല്‍പിജി സൂപ്പര്‍ടാങ്കര്‍ 'സര്‍വ് ശക്തി' സുരക്ഷിതമായി കടന്നുപോയി. ശനിയാഴ്ച പുറത്തുവന്ന സാറ്റലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ പ്രകാരം, 45,000 ടണ്‍ എല്‍പിജി വഹിച്ചുകൊണ്ടുള്ള ഈ കൂറ്റന്‍ കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിലേക്ക് പ്രവേശിച്ചു. ഏപ്രില്‍ 13-ന് അമേരിക്ക ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഈ അപകടമേഖല മുറിച്ചുകടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ എല്‍പിജി ടാങ്കറാണ് സര്‍വ് ശക്തി എന്നത് ഈ യാത്രയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

പൂര്‍ണ്ണമായും ഇന്ത്യന്‍ ജീവനക്കാര്‍ നിയന്ത്രിക്കുന്ന ഈ കപ്പല്‍ മാര്‍ച്ച് മൂന്നിനാണ് യുഎഇയിലെ ഘന്തൂതില്‍ നിന്ന് യാത്ര തിരിച്ചത്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുകയും ഹോര്‍മുസ് കടലിടുക്കില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്തതോടെ കപ്പല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ കുടുങ്ങുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോക്താക്കളുമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ഈ വാതക വാഹിനിയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഈ കപ്പല്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

ഇതിനോടകം ഒട്ടേറെ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നിട്ടുണ്ടെങ്കിലും അമേരിക്ക ഇറാനെതിരേ നടപടി കടുപ്പിച്ചതിന് ശേഷം ഹോര്‍മുസ് കടക്കുന്ന കപ്പലെന്നതാണ് സര്‍വ്വ് ശക്തിയെ വ്യത്യസ്തമാക്കുന്നത്. ഏപ്രില്‍ 13-ന് അമേരിക്ക ഈ കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കപ്പലാണ് ഇത്. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

നിലവിലെ സാഹചര്യത്തില്‍ ഒട്ടുമിക്ക കപ്പലുകളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്ന സമയത്താണ് സര്‍വ്വ് ശക്തി കടലിടുക്ക് കടന്നത്. തുടര്‍ച്ചയായ ഉപരോധങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും ഹോര്‍മുസിലൂടെയുള്ള ഗതാഗതത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സൈനിക ഭീഷണികളടക്കം ഉയര്‍ന്നതോടെ പല കപ്പലുകളും യാത്രയില്‍നിന്ന് പിന്തിരിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അങ്ങേയറ്റം അപകടം പിടിച്ച സാഹചര്യത്തിലൂടെയായിരുന്നു കപ്പലിന്റെ സഞ്ചാരം. ഒമാന്‍ തീരത്തിനടുത്തുള്ള കടലിടുക്കിന്റെ ഭാഗങ്ങളില്‍ മൈനുകള്‍ പാകിയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാന്‍ ആ പ്രദേശം അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇറാന്റെ തീരത്തോട് ചേര്‍ന്നുള്ള സുരക്ഷിത പാതയിലൂടെയാണ് കപ്പല്‍ നീങ്ങിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന വിവരം കപ്പലിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റത്തില്‍ (AIS) പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. യുദ്ധമേഖലയിലൂടെ കടന്നുപോകുമ്പോള്‍ ആക്രമണങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചത്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക ശക്തമായിരുന്നു. ഇത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് നടത്തിയത്. ടെഹ്റാനുമായി നടത്തിയ നേരിട്ടുള്ള ചര്‍ച്ചകളിലൂടെ എട്ട് എല്‍പിജി കാരിയറുകളെ ഇതിനോടകം സുരക്ഷിതമായി കടത്തിവിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇതിനുപിന്നാലെയാണ് സര്‍വ് ശക്തിയും ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. നേരത്തെ 'ദേശ് ഗരിമ' എന്ന ക്രൂഡ് ഓയില്‍ ടാങ്കറും ട്രാന്‍സ്പോണ്ടറുകള്‍ ഓഫ് ചെയ്ത് രഹസ്യമായി ഇതേ പാതയിലൂടെ സഞ്ചരിച്ചിരുന്നു.

നിലവില്‍ പല ആഗോള കപ്പല്‍ കമ്പനികളും സൈനിക ഭീഷണി ഭയന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്രകള്‍ ഒഴിവാക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നിര്‍ണ്ണായക നീക്കം വിജയിച്ചിരിക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളില്‍ എല്‍പിജി ടാങ്കറുകള്‍ക്ക് മുന്‍ഗണന നല്‍കാനും തിരക്ക് കുറയ്ക്കാനും സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍വ് ശക്തിയുടെ വിജകരമായ യാത്ര പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ നയതന്ത്ര കരുത്തിന്റെയും ഊര്‍ജ്ജ മാനേജ്മെന്റിന്റെയും വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!