
ചെന്നൈ: തമിഴ് വെബ് സീരീസായ 'റിസോര്‍ട്ടു'മായി ബന്ധപ്പെട്ട് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാരും പരമ്പരയുടെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാര്‍ രാജേന്ദ്രനും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. നിര്‍മ്മാണ കമ്പനിക്കെതിരെയും വിജയ് കുമാറിനും ഭാര്യ നക്ഷത്രാ മൂര്‍ത്തിക്കുമെതിരെയും ഗുരുതര ആരോപണങ്ങളുമായി നടി രംഗത്തെത്തിയതിന് പിന്നാലെ, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിജയ് കുമാറും വ്യക്തമാക്കിയിരിക്കുകയാണ്. സിനിമാ മേഖലയിലെ കരാര്‍ ലംഘനങ്ങളും തൊഴിലിടങ്ങളിലെ ചൂഷണങ്ങളും സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കാണ് ഈ വിവാദം തിരികൊളുത്തിയിരിക്കുന്നത്.
ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട ശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് തൊഴിലവസരങ്ങള്‍ തടഞ്ഞുവെന്നതാണ് അനുഗ്രഹയുടെ പ്രധാന ആരോപണം. മറ്റ് പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ അനുവദിക്കാതെ കരാര്‍ തടസ്സമായി നിന്നപ്പോള്‍, അര്‍ഹമായ പ്രതിഫലം നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും നടി വെളിപ്പെടുത്തി. വിജയ് കുമാര്‍ നല്‍കിയ വ്യാജ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കാത്തിരുന്ന താന്‍ ശാരീരികമായും സാമ്പത്തികമായും തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയെന്നും അനുഗ്രഹ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വികാരാധീനയായി പറഞ്ഞു. നായിക വേഷം വാഗ്ദാനം ചെയ്ത് അപ്രധാനമായ റോളിലേക്ക് തന്നെ ഒതുക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടാണ് വിജയ് കുമാര്‍ രാജേന്ദ്രന്‍ രംഗത്തെത്തിയത്. നടി നിര്‍മ്മാണ കമ്പനിയില്‍ നിന്ന് വലിയ തുക അഡ്വാന്‍സായി കൈപ്പറ്റിയെന്നും ഇത് തിരിച്ചുനല്‍കിയില്ലെന്നും വിജയ് ആരോപിച്ചു. ഷൂട്ടിംഗ് ദിവസമായിരുന്നിട്ട് കൂടി മറ്റൊരു ഓഡിഷനില്‍ പങ്കെടുക്കാന്‍ അനുഗ്രഹയെ അനുവദിച്ചുവെന്നും, ഒരു സീനില്‍ മാത്രം അഭിനയിച്ച ദിവസവും പൂര്‍ണ്ണ പ്രതിഫലം നല്‍കിയെന്നുമാണ് വിജയ് കുമാറിന്റെ അവകാശവാദം. അനുഗ്രഹയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ വിജയ്‌യുടെ ഭാര്യ നക്ഷത്രയും നടിക്കെതിരെ രംഗത്തെത്തി. അനുഗ്രഹയുടെ ആണ്‍സുഹൃത്ത് അര്‍ദ്ധരാത്രി വിളിച്ച് മോശമായി സംസാരിച്ചുവെന്നും പണത്തിന്റെ കാര്യത്തില്‍ നടിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നുമാണ് നക്ഷത്രയുടെ വാദം.
'അവര്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അനുഗ്രഹ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അനുഗ്രഹയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് വിജയ്യുമായി യാതൊരു ബന്ധവുമില്ല. കരാറിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു. കരാര്‍ വായിക്കണമായിരുന്നു', നക്ഷത്ര കൂട്ടിച്ചേര്‍ത്തു.
വിജയ് കുമാറിന്റെയും ഭാര്യയുടെയും പ്രതികരണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് അനുഗ്രഹ വീണ്ടും മറുപടി നല്‍കിയത്. വിജയ് കുമാര്‍ കഥയെഴുതുന്നത് കൊണ്ടുമാത്രമാണ് താനുള്‍പ്പെടെയുള്ളവര്‍ സീരീസില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും, കഥാപാത്രത്തിന് പ്രാധാന്യം നല്‍കാമെന്ന് പറഞ്ഞ് വിജയ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും നടി തിരിച്ചടിച്ചു. 'നിങ്ങളുടെ നാവാണ് ഏറ്റവും വലിയ ശത്രു, നക്ഷത്രാ. എനിക്ക് നിങ്ങളുടെ ഭര്‍ത്താവ് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങള്‍ ചോദിക്കാത്തത്. അയാളോടല്ലെങ്കില്‍ ആരോടാണ് ഞാന്‍ പ്രതിഫലം ചോദിക്കേണ്ടത്? നെഗറ്റീവ് പബ്ലിസിറ്റിയും പിആറുമാണ് എന്റെ ലക്ഷ്യമെങ്കില്‍, ഇക്കാര്യങ്ങള്‍ ഞാന്‍ ആദ്യമാസം തന്നെ ഉന്നയിക്കുമായിരുന്നു. ഞാന്‍ എന്തിനാണ് ഇത്രയും കാലം കാത്തിരുന്നത്? നിങ്ങള്‍ നല്‍കിയ വ്യാജവാഗ്ദാനം പാലിക്കപ്പെടുമെന്ന് വിശ്വസിച്ച് ഞാന്‍ ഒരു വര്‍ഷത്തോളം കാത്തിരുന്നു', അനുഗ്രഹ കൂട്ടിച്ചേര്‍ത്തു.
വിജയ് നായകനായതുകൊണ്ടുമാത്രമാണ് താനുള്‍പ്പെടെ പലരും പരമ്പരയില്‍ അഭിനയിക്കാമെന്നേറ്റതെന്ന് അനുഗ്രഹ മറുപടി നല്‍കി. ഇരുവരും കാരണം തനിക്ക് പുറമേ മറ്റുപലരും ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും അനുഗ്രഹ ആരോപിച്ചു. 'നിര്‍മാതാക്കളെ ബന്ധപ്പെട്ടപ്പോള്‍, വിജയ് കുമാറാണ് കഥയെഴുതുന്നതെന്ന് പറഞ്ഞു. അദ്ദേഹം എഴുതിയാല്‍ മാത്രമല്ലേ നിങ്ങളുടെ ഭാഗം ഷൂട്ട് ചെയ്യാന്‍ കഴിയൂ എന്ന് അവര്‍ ചോദിച്ചു. പ്രശ്നങ്ങള്‍ പലതവണ വിജയ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാമെന്ന വ്യാജവാഗ്ദാനം മാത്രമാണ് വിജയ് നല്‍കിയത്', അനുഗ്രഹ ആരോപിച്ചു.
പ്രതിഫലത്തിനായി മറ്റാരോടാണ് താന്‍ ചോദിക്കേണ്ടതെന്നും ഒരു വര്‍ഷത്തോളം തന്റെ ജീവിതം നശിപ്പിച്ചവര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അനുഗ്രഹ കൂട്ടിച്ചേര്‍ത്തു. തന്റെ ആരോഗ്യവിവരം അറിയിക്കാന്‍ വിളിച്ച സുഹൃത്തിനോട് മോശമായി സംസാരിച്ചുവെന്നും അവര്‍ ആരോപിച്ചു. ഇരുവിഭാഗവും ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതോടെ വിഷയം തമിഴ്-മലയാളം സിനിമാ മേഖലകളില്‍ വലിയ വിവാദമായി പുകയുകയാണ്.
