
വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ പാടെ തകർക്കണോ അതോ ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തണോ എന്ന രണ്ട് വഴികളാണ് അമേരിക്കയ്ക്ക് മുന്നിലുള്ളതെന്ന് ട്രംപ് വ്യക്തമാക്കി. സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷമാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. മാനുഷിക പരിഗണന വെച്ച് യുദ്ധം ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായി വ്യാപാര ബന്ധത്തിനായി പാകിസ്താൻ കരമാർഗ്ഗമുള്ള ഗതാഗത റൂട്ടുകൾ തുറന്നതിനെക്കുറിച്ചുള്ള എഎൻഐയുടെ ചോദ്യത്തിനും ട്രംപ് മറുപടി നൽകി. ഇക്കാര്യം തനിക്കറിയാമെന്നും ഇസ്ലാമാബാദിന്റെ നേതൃത്വത്തിന് തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "അതെ, അതിനെക്കുറിച്ച് എനിക്ക് എല്ലാമറിയാം. പാകിസ്താനോടും അവിടുത്തെ ഫീൽഡ് മാർഷലിനോടും പ്രധാനമന്ത്രിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്," ട്രംപ് പറഞ്ഞു. അൽ ജസീറ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിലേക്കുള്ള ചരക്ക് നീക്കത്തിനായി പാകിസ്താൻ തങ്ങളുടെ അതിർത്തിയിലൂടെ ആറ് കരമാർഗ്ഗ ട്രാൻസിറ്റ് റൂട്ടുകൾ തുറന്നുകൊടുത്തു.
ഇറാനിയൻ തുറമുഖങ്ങൾക്കും സമുദ്ര ഗതാഗതത്തിനും മേൽ അമേരിക്കൻ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കറാച്ചി തുറമുഖത്ത് ആയിരക്കണക്കിന് ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. കൂടാതെ, ഏപ്രിൽ 25-ന് പാകിസ്താൻ വാണിജ്യ മന്ത്രാലയം "ട്രാൻസിറ്റ് ഓഫ് ഗുഡ്‌സ് ത്രൂ ടെറിട്ടറി ഓഫ് പാകിസ്താൻ ഓർഡർ 2026" പുറപ്പെടുവിച്ചതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇത് മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ റോഡ് മാർഗ്ഗം ഇറാനിലേക്ക് കൊണ്ടുപോകാൻ ഉടനടി അനുമതി നൽകുന്നു.
അതേസമയം, ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ഔദ്യോഗികമായി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് കോൺഗ്രസിന് കത്തയച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം ഏപ്രിൽ 7 മുതൽ വെടിനിർത്തലിലാണെന്നും പോരാട്ടം പൂർണ്ണമായും അവസാനിച്ചതായും ട്രംപ് കത്തിൽ വ്യക്തമാക്കി. ഇതോടെ യുദ്ധം തുടരാൻ പാർലമെന്റിന്റെ അനുമതി തേടേണ്ടിയിരുന്ന മെയ് 1 എന്ന നിയമപരമായ സമയപരിധി ട്രംപ് ഭരണകൂടം തന്ത്രപരമായി മറികടന്നു.
അമേരിക്കയിലെ 1973-ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' പ്രകാരം 60 ദിവസത്തിലധികം യുദ്ധം തുടരണമെങ്കിൽ കോൺഗ്രസിന്റെ അനുമതി നിർബന്ധമാണ്. എന്നാൽ സൈനിക നീക്കം അവസാനിച്ചതായി പ്രഖ്യാപിച്ചതിലൂടെ ഈ അനുമതിയുടെ ആവശ്യം ഇനിയില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. ഹൗസ് സ്പീക്കർ മൈക്ക് ജോൺസണ് അയച്ച കത്തിൽ ഏപ്രിൽ 7-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയിൽ 50,000-ത്തിലധികം യുഎസ് സൈനികർ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് സമ്മതിക്കുന്നു. ഇറാനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും മാറിയിട്ടില്ലെന്നും സമാധാന ശ്രമങ്ങൾ തുടരുമെന്നും കത്തിൽ പറയുന്നുണ്ട്. ട്രംപിന്റെ ഈ നീക്കം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഇറാൻ തുറമുഖങ്ങളിൽ നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്ന് സെനറ്റർ ടിം കെയ്ൻ ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വാദിക്കുന്നു.
"ഭരണഘടനയിൽ യുദ്ധം താൽക്കാലികമായി നിർത്താൻ പോസ് (Pause) ബട്ടൺ ഇല്ല" എന്നായിരുന്നു പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതികരണം. സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും ട്രംപിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നത് അന്താരാഷ്ട്ര വിപണിയിലും എണ്ണവിലയിലും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
അതേസമയം, നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദ്ദേശത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തി. ഒരു അന്തിമ കരാറിൽ എത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
"അവർ ഒരു കരാറിന് ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അതിൽ ഞാൻ സംതൃപ്തനല്ല. അതുകൊണ്ട് ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം." ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിലെ ഏത് ഭാഗത്തോടാണ് തനിക്ക് വിയോജിപ്പുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും, ഒരു ഒത്തുതീർപ്പിലെത്താനുള്ള ടെഹ്‌റാന്റെ താൽപ്പര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. "അവർ ചില ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്, പക്ഷേ അവർ എപ്പോഴെങ്കിലും ലക്ഷ്യത്തിലെത്തുമോ എന്ന് എനിക്ക് ഉറപ്പില്ല," വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ വെച്ച് ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ നേതൃത്വത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ചും യുഎസ് പ്രസിഡന്റ് സൂചിപ്പിച്ചു.
ഈ അനൈക്യം ചർച്ചകളെ ബാധിക്കുന്നുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. "അവിടുത്തെ നേതൃത്വം വളരെ ശിഥിലമാണ്. രണ്ട് മൂന്ന് ഗ്രൂപ്പുകളുണ്ട്, ചിലപ്പോൾ നാലെണ്ണം വരെ കാണാം. അതുകൊണ്ടുതന്നെ അവിടെ ഐക്യമില്ല. ഇതൊക്കെയാണെങ്കിലും എല്ലാവർക്കും ഒരു കരാർ ഉണ്ടാക്കണമെന്നുണ്ട്, പക്ഷേ എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്," അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി വാഷിംഗ്ടൺ തയ്യാറാക്കിയ കരട് പ്ലാനിൽ വരുത്തിയ ഭേദഗതികൾക്ക് മറുപടിയായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ നിർദ്ദേശത്തിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
