
സൂറത്ത്: ഡയറ്റീഷ്യനായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം തടിപ്പെട്ടിക്കുള്ളിലാക്കി സിമന്റൊഴിച്ച് മൂടിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് വിശാൽ സംശയിച്ചിരുന്നതായും മൊബൈൽ ഫോൺ പരിശോധിക്കാൻ അനുവദിക്കാത്തത് വഴക്കിന് കാരണമായിരുന്നെന്നും പോലീസ് പറയുന്നു. സൂറത്തിലെ മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ഡയറ്റീഷ്യനായ ശിൽപ സാൽവിയെയാണ് ഭർത്താവ് വിശാൽ സാൽവി കൊലപ്പെടുത്തിയത്. ഇയാൾ എഴുതിവെച്ച കുറ്റസമ്മതക്കുറിപ്പാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിശാൽ പിടിയിലായിരുന്നു.
ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ വിശാൽ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി വിശാൽ ഗോഡാഡര പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വിശാലിനെയും കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ വിശാലിന്റെ മകൻ ഇയാൾ എഴുതിയ ഒരു കുറിപ്പ് പോലീസിന് കൈമാറി.
"വിവാഹശേഷമുള്ള ആദ്യനാളുകൾ സന്തോഷകരമായിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞതോടെ ഭാര്യയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. അതോടെ ദാമ്പത്യബന്ധത്തിൽ സംശയങ്ങൾ നിഴലിച്ചു. വർഷങ്ങളോളം ഇത് സഹിച്ചു, ക്ഷമയോടെ കാത്തിരുന്നു. പക്ഷേ ഒടുവിൽ നിയന്ത്രണം നഷ്ടപ്പെട്ടു. നിരാശയുടെ അങ്ങേയറ്റത്താണ് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാൻ ഞാൻ നിർബന്ധിതനായത്.ഞാൻ ചെയ്ത ഈ ക്രൂരതയ്ക്ക് ഞാൻ മാത്രമാണ് ഉത്തരവാദി. ഇതിനെക്കുറിച്ച് മറ്റാർക്കും അറിവില്ലായിരുന്നു.
''കൊലപാതകത്തിന്റെ ഓരോ ഘട്ടവും (മോഡസ് ഓപ്പറാണ്ടി) ഞാൻ തനിയെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. 2026 ഏപ്രിൽ 20-ന് ഞാൻ ചെയ്ത ഈ കുറ്റകൃത്യത്തിന്റെ തെളിവുകൾ എന്റെ പഴയ താമസസ്ഥലത്തുണ്ട്. സഹാറ ദർവാസയ്ക്ക് സമീപമുള്ള കാഗ്ജി കി ചാലിലെ 'ലക്ഡി വാലെ ബിൽഡിങ്ങിന്' (വുഡൻ ബിൽഡിംഗ്) ഉള്ളിലെ ഇടനാഴിയിലുള്ള പൂട്ടിക്കിടക്കുന്ന വീടിന്റെ ഒന്നാം നിലയിലാണത്. തകിട് മേഞ്ഞ ആ വീടിനുള്ളിൽ എന്റെ ഭാര്യ ശില്പയുടെ മൃതദേഹമുണ്ട്. ഈ കൃത്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്." വിശാലിന്റെ കുറ്റസമ്മത മൊഴി ഇങ്ങനെയായിരുന്നു.
പോലീസ് സലാബത്പുരയിലെ പഴയ വീട്ടിലെത്തിയപ്പോൾ കണ്ടത് സിമന്റ് പൂശിയ നിലയിലുള്ള ഒരു തടിപ്പെട്ടിയാണ്. പെട്ടി തുറന്നപ്പോൾ ഫോമും സിമന്റും കലർന്ന മിശ്രിതത്തിനുള്ളിൽ അഴുകിത്തുടങ്ങിയ നിലയിൽ ശിൽപയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകുന്ന ഗന്ധം പുറത്തുവരാതിരിക്കാനാണ് പ്രതി സിമന്റും ഫോമും ഉപയോഗിച്ച് പെട്ടി അടച്ചത്. 2026 ഏപ്രിൽ 20-നാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. 2010-ലായിരുന്നു ഇവരുടെ വിവാഹം.
ഇവർക്ക് 13-ഉം 8-ഉം വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്. വജ്രം പോളിഷ് ചെയ്യുന്ന ജോലി ചെയ്തിരുന്ന വിശാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൊഴിൽരഹിതനായിരുന്നു. ശിൽപ സ്വന്തമായി ക്ലിനിക്ക് തുടങ്ങുകയും ജോലിയിൽ തിളങ്ങുകയും ചെയ്തതോടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി. ശിൽപയുടെ പിതാവ് പ്രദീപ് കോസ്റ്റയുടെ പരാതിയിൽ വിശാലിനെതിരെ കൊലപാതകത്തിന് കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
