
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം വീണ്ടും ചോദ്യചിഹ്നമാകുന്നു. ട്രെയിനിൽ നൽകിയ മുട്ട ബിരിയാണിയിൽ പ്രാണിയെ കണ്ടെത്തിയതോടെ യാത്രക്കാരൻ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഭക്ഷണശാല അടച്ചുപൂട്ടിയതായും കരാറുകാരനെതിരെ അന്വേഷണം തുടങ്ങിയതായും ഐആർസിടിസി അറിയിച്ചു.
"ഇതാണോ നിങ്ങൾ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം? റെയിൽവേയെ കളിയാക്കുകയാണോ?" എന്ന് ക്ഷുഭിതനായി യാത്രക്കാരൻ ചോദിക്കുന്നത് വീഡിയോയിലുണ്ട്. എന്നാൽ, ഭക്ഷണം ഇവിടെയല്ല ഉണ്ടാക്കുന്നതെന്നും പുറത്തുനിന്ന് എത്തിക്കുന്നതാണെന്നുമായിരുന്നു ജീവനക്കാരന്റെ നിസ്സാരമായ മറുപടി. പകരം മറ്റൊരു ഭക്ഷണം നൽകാമെന്ന് പറഞ്ഞ് തടിയൂരാനും ജീവനക്കാരൻ ശ്രമിച്ചു. ഏത് ട്രെയിനിലാണ് സംഭവം നടന്നതെന്ന് വ്യക്തമല്ലെങ്കിലും ഐആർസിടിസിയുടെ വീഴ്ചയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
സമാനമായ പരാതികൾ മുൻപും റെയിൽവേക്കെതിരെ ഉയർന്നിട്ടുണ്ട്. നേരത്തെ അഹമ്മദാബാദ്-മുംബൈ വന്ദേഭാരത് എക്‌സ്‌പ്രസ്സിൽ വിളമ്പിയ പരിപ്പിലും ചോറിലും ചത്ത പാറ്റയെ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. അന്ന് പരാതി നൽകിയ മുംബൈ സ്വദേശിയുടെ ഇടപെടലിനെത്തുടർന്ന് കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. റെയിൽവേ ശുചിത്വത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.
