BoolokamBoolokam

'ഇത് ധരിച്ച് നടക്കുന്ന എല്ലാ സ്ത്രീകളെയും ഞാൻ സല്യൂട്ട് ചെയ്യുന്നു';റെഡ് ഹൈ ഹീൽസിൽ അക്ഷയ് കുമാറിന്റെ തകർപ്പൻ ഡാൻസ്; ജാക്വലിന്റെ ചലഞ്ച് ഏറ്റെടുത്ത് ആരാധകരെ ഞെട്ടിച്ച് താരം; വീഡിയോ വൈറൽ

മുംബൈ: ബോളിവുഡിലെ കഠിനാധ്വാനിയായ താരം എന്നാണ് അക്ഷയ് കുമാറിനെ ആരാധകർ വിളിക്കുന്നത്. എന്നാൽ ഇപ്പോൾ ആക്ഷൻ മാറ്റിപ്പിടിച്ച് ഒരു കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് താരം. ചുവന്ന നിറത്തിലുള്ള 'ഹൈ ഹീൽസ്' ചെരുപ്പുകൾ ധരിച്ചാണ് അക്ഷയ് ഡാൻസ് ഫ്ലോറിൽ മാജിക് കാണിച്ചത്. ഗെയിം ഷോയായ 'വീൽ ഓഫ് ഫോർച്ചൂണിന്റെ' ഗ്രാൻഡ് ഫിനാലെ വേദിയിലായിരുന്നു അക്ഷയുടെ ഈ സാഹസം.

ഷോയിൽ അതിഥികളായെത്തിയ നടി ജാക്വലിൻ ഫെർണാണ്ടസും സംവിധായിക ഫറാ ഖാനുമാണ് അക്ഷയ്യെ വെട്ടിലാക്കിയത്. ഷൂട്ടിനിടെ അക്ഷയ് തന്നെ പലപ്പോഴും പ്രാങ്കുകളിൽ കുടുക്കാറുണ്ടെന്ന് ജാക്വലിൻ പരിഭവിച്ചു. ഇതിന് പകരമായി ഒരു ചലഞ്ച് ജാക്വലിൻ മുന്നോട്ടുവെച്ചു—ഒരു മിനിറ്റ് ഹൈ ഹീൽസ് ധരിച്ച് നൃത്തം ചെയ്യുക. തോറ്റാൽ ഒരു ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്നായിരുന്നു ജാക്വലിന്റെ വ്യവസ്ഥ.

ആദ്യം ചലഞ്ച് കേട്ട് അക്ഷയ് ഞെട്ടിപ്പോയി. "നിങ്ങൾക്ക് ഭ്രാന്താണോ? ഇത് ധരിച്ചാൽ എന്റെ കാൽ മുറിയും. ജീവിതത്തിൽ ഒരിക്കൽ പോലും ഞാനിത് ഇട്ടിട്ടില്ല" എന്നായിരുന്നു താരത്തിന്റെ മറുപടി. ഹൈ ഹീൽസ് ധരിച്ച് നടക്കുന്ന എല്ലാ സ്ത്രീകളെയും താൻ സല്യൂട്ട് ചെയ്യുന്നുവെന്നും താരം തമാശയായി പറഞ്ഞു. എന്നാൽ ഫറയുടെയും ജാക്വലിന്റെയും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അക്ഷയ് ആ ചുവന്ന ചെരുപ്പുകൾ കാലിലണിഞ്ഞു.

തന്റെ തന്നെ ഹിറ്റ് ചിത്രമായ ഹൗസ് ഫുൾ 4-ലെ 'ലാൽ പാരി' എന്ന ഗാനത്തിനൊപ്പമായിരുന്നു അക്ഷയുടെ നൃത്തം. ഹൈ ഹീൽസിട്ട് നിൽക്കാൻ പോലും പാടുപെടുമെന്ന് കരുതിയവരെ അമ്പരപ്പിച്ചു കൊണ്ട് ഫറ ഖാൻ പറഞ്ഞ ഫൂട്ട് വർക്കുകൾ വരെ അക്ഷയ് അനായാസം പൂർത്തിയാക്കി. താരത്തിന്റെ ബാലൻസിനെ പ്രശംസിച്ചു കൊണ്ട് ഫറ ഖാനും ജാക്വലിനും ഡാൻസ് ഫ്ലോറിൽ ഒപ്പം ചേർന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശനുമായി ഒന്നിച്ച 'ഭൂത് ബംഗ്ല' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!