
ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ പലപ്പോഴും മൈതാനത്തിന് പുറത്തേക്കും വളരാറുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിൽ വലിയ ചർച്ചയായ 'ഹസ്തദാന വിവാദ'ത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തോടുള്ള കടമ മുൻനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സംഘവും പാക് താരങ്ങൾക്ക് കൈകൊടുക്കാതിരുന്ന സംഭവം അന്ന് വലിയ വാർത്തയായിരുന്നു.
മത്സരത്തിന് മുന്നോടിയായുള്ള ട്രോഫി ഷൂട്ടിംഗിലും വാർത്താസമ്മേളനത്തിലും ഹസ്തദാനം നടന്നിരുന്നതായും എന്നാൽ ടോസ് സമയത്ത് കാര്യങ്ങൾ അപ്രതീക്ഷിതമായി മാറിയതായും ആഘ വെളിപ്പെടുത്തി. ടോസിനായി പോകുമ്പോൾ മാച്ച് റഫറി തന്നെ മാറ്റിനിർത്തി, ക്യാപ്റ്റന്മാർ തമ്മിൽ ഹസ്തദാനം ഉണ്ടാകില്ലെന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "കൈകൊടുക്കുന്നില്ലെങ്കിൽ എനിക്കും കുഴപ്പമില്ല" എന്നായിരുന്നു അന്ന് തന്റെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരശേഷം ഇരു ടീമുകളും തമ്മിൽ കൈകൊടുക്കുമെന്ന് പാക് ടീം പ്രതീക്ഷിച്ചിരുന്നു. "മത്സരം അവസാനിച്ചു, ഞങ്ങൾ തോറ്റു. ഹസ്തദാനത്തിനായി ഞങ്ങൾ ഇന്ത്യൻ ഡ്രസ്സിങ് റൂമിലേക്ക് പോയി. പക്ഷേ അവർ വാതിൽ തുറന്നില്ല, ഹസ്തദാനം ചെയ്യാൻ തയ്യാറായതുമില്ല" - ആഘ വെളിപ്പെടുത്തി. രാജ്യത്തിനായി ജീവൻ ബലിനൽകിയ സൈനികരോടുള്ള ആദരസൂചകമായാണ് സൂര്യകുമാർ യാദവ് ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചത്.
ഇത്തരമൊരു നീക്കം ശരിയായ മാതൃകയല്ലെന്നാണ് സൽമാൻ ആഘയുടെ പക്ഷം. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "ഇതൊരിക്കലും ശരിയായ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ ഒരു രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്, കുട്ടികൾ ഇത് കണ്ടു പഠിക്കും. അടുത്ത ദിവസം ഒരു ക്ലബ്ബ് മത്സരത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം താരങ്ങൾക്കുണ്ടാകും. താരങ്ങൾ റോൾ മോഡലുകൾ ആവേണ്ടവരാണെന്ന് ഞാൻ വിശ്വസിക്കുന്നു." ഈ സംഭവത്തിന് ശേഷം നടന്ന 2025 ഏഷ്യാ കപ്പ് ഫൈനലിലടക്കം പിന്നീട് ഒരു മത്സരത്തിലും ഇരു ടീമിലെയും താരങ്ങൾ തമ്മിൽ ഹസ്തദാനം നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
