BoolokamBoolokam

'ഇരുണ്ട നിറമുള്ള പെൺകുട്ടികൾ വിദേശ രാജ്യങ്ങളിൽ 'അപൂർവ്വ സുന്ദരികൾ', ഇന്ത്യയിൽ അങ്ങനെയല്ല'; സ്മിത പാട്ടീലിനെക്കാൾ സുന്ദരിയായ മറ്റൊരു നടിയെ കണ്ടിട്ടില്ല; സൗന്ദര്യ സങ്കല്പങ്ങൾക്കെതിരെ തുറന്നടിച്ച് നവാസുദ്ദീൻ സിദ്ദിഖി

മുംബൈ: ബോളിവുഡിലെ നിറവിവേചനത്തിനും സൗന്ദര്യ സങ്കല്പങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ നവാസുദ്ദീൻ സിദ്ദിഖി. കഴിവുള്ളവരേക്കാൾ നിറമുള്ളവർക്ക് അവസരം നൽകുന്ന രീതി സിനിമാ വ്യവസായത്തിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ കഥകൾ രൂപപ്പെടുത്തുന്നതിൽ പോലും നിറം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"നിങ്ങൾ ഒരു പാറ്റയെ കൊന്നാൽ ആളുകൾ നിങ്ങളെ അഭിനന്ദിക്കും. എന്നാൽ ഒരു ചിത്രശലഭത്തെയാണ് കൊല്ലുന്നതെങ്കിൽ അവർ നിങ്ങളെ ചോദ്യം ചെയ്യും. ഇത്തരമൊരു പക്ഷപാതം എല്ലാ മേഖലയിലുമുണ്ട്. സൗന്ദര്യം എന്താണെന്ന് ആരും ആരെയും പഠിപ്പിക്കേണ്ടതില്ല, അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. പക്ഷേ ആ വിവേചനം സിനിമാ സംവിധാനത്തിന്റെ ഭാഗമാകരുത്. വെളുത്ത നിറമുള്ള പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് മിക്ക കഥകളും എഴുതപ്പെടുന്നത്. ഇരുണ്ട നിറമുള്ളവർക്ക് മുഖ്യവേഷങ്ങൾ നൽകാൻ പലരും തയ്യാറല്ല. പലരും ഈ വിവേചനത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ്," സിദ്ദിഖി പറഞ്ഞു.

ഇന്ത്യയിൽ ഇരുണ്ട നിറമുള്ള പെൺകുട്ടികളെ 'ശരാശരി' എന്ന് മുദ്രകുത്തുമ്പോൾ വിദേശ രാജ്യങ്ങളിൽ അവർ 'അപൂർവ്വ സുന്ദരികളായി' വാഴ്ത്തപ്പെടുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. അന്തരിച്ച നടി സ്മിത പാട്ടീലിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. "ക്യാമറ ഒപ്പിയെടുക്കുന്ന സൗന്ദര്യം വേറിട്ട ഒന്നാണ്. സ്മിത പാട്ടീലിനെക്കാൾ സുന്ദരിയായ മറ്റൊരു നടിയെ ഞാൻ കണ്ടിട്ടില്ല. ക്യാമറ ഒരിക്കലും ആരെയും വിവേചനത്തോടെ കാണുന്നില്ല. ആ തനിമ ഒപ്പിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്." - നവാസുദ്ദീൻ സിദ്ദിഖി.

സോഹം ഷായ്‌ക്കൊപ്പം 'തുമ്പാട് 2' ആണ് നവാസുദ്ദീൻ സിദ്ദിഖിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. നവനീത് സിംഗ് സംവിധാനം ചെയ്യുന്ന 'നൂറാനി ചെഹ്‌റ'യാണ് മറ്റൊരു സിനിമ. സൊണാലി സെയ്‌ഗൽ, ജാസി ഗിൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഇരുണ്ട നിറമുള്ള പെൺകുട്ടികൾ വിദേശ രാജ്യങ്ങളിൽ 'അപൂർവ്വ സുന്ദരികൾ', ഇന്ത്യയിൽ അങ്ങനെയല്ല'; സ്മിത പാട്ടീലിനെക്കാൾ സുന്ദരിയായ മറ്റൊരു നടിയെ കണ്ടിട്ടില്ല; സൗന്ദര്യ സങ്കല്പങ്ങൾക്കെതിരെ തുറന്നടിച്ച് നവാസുദ്ദീൻ സിദ്ദിഖി - Marunadan Malayali | Boolokam