
വാഷിങ്ടണ്‍: വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വെടിവെപ്പിന് പിന്നാലെ വൈറ്റ് ഹൗസ് വൃത്തങ്ങളും ലോകരാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നിനിടെ നടന്ന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. രാജ്യത്തിനായി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെയാണ് അക്രമികള്‍ എപ്പോഴും ലക്ഷ്യമിടുന്നതെന്നും മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ചരിത്രം ഇതിന് ഉദാഹരണമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷിക്കാത്ത ഒരു വിഭാഗം എപ്പോഴും ഉണ്ടാകുമെന്നും അത്തരക്കാരുടെ പ്രതിഫലനമാണ് ഇത്തരം ആക്രമണങ്ങളെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വധശ്രമങ്ങളെക്കുറിച്ച് താന്‍ പഠിച്ചിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന നേതാക്കള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ലക്ഷ്യം വെച്ചുള്ള നീക്കമായിരിക്കാം ഇതെന്നും എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
അതേസമയം, സംഭവത്തിന് ഇറാന്‍ യുദ്ധവുമായോ അല്ലെങ്കില്‍ പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകളുടെ പരാജയവുമായോ ബന്ധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവില്‍ അത്തരമൊരു സൂചനയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാനെതിരായ യുദ്ധം ജയിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ഇത്തരം സംഭവങ്ങള്‍ക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ലഭ്യമായ വിവരങ്ങള്‍ പ്രകാരം മറ്റൊരു രാജ്യത്തിന് ഇതില്‍ പങ്കുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള കോള്‍ തോമസ് അലന്‍ എന്ന 31-കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളത്. മെക്കാനിക്കല്‍ എഞ്ചിനീയറും ഇന്‍ഡി ഗെയിം ഡെവലപ്പറുമായ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു അറ്റാക്കിംഗ് ഷൂട്ടര്‍ ഗെയിം വികസിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇയാള്‍ ഏറ്റുമുട്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.
പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് തുടങ്ങിയ ഉന്നതര്‍ പങ്കെടുത്ത വേദിക്ക് തൊട്ടടുത്ത് നടന്ന ഈ വെടിവെപ്പ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സീക്രട്ട് സര്‍വീസിന് വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍ ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സംഭവത്തെക്കുറിച്ച് എഫ്.ബി.ഐയും മറ്റ് സുരക്ഷാ ഏജന്‍സികളും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
