BoolokamBoolokam
'ഇറാന് കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അറിയില്ല; ഒരു ആണവ രഹിത കരാറില്‍ എങ്ങനെ ഒപ്പിടണമെന്ന് അവര്‍ക്കറിയില്ല; അവര്‍ എത്രയും വേഗം ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്'; മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുകയാണെന്ന പരസ്യ മുന്നറിയിപ്പുമായി ട്രംപ്; ഇറാന്റെ എണ്ണക്കടത്ത് പൂര്‍ണ്ണമായും ഉപരോധിക്കും; അമേരിക്ക നിലപാട് കടുപ്പിക്കുന്നു; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം

'ഇറാന് കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അറിയില്ല; ഒരു ആണവ രഹിത കരാറില്‍ എങ്ങനെ ഒപ്പിടണമെന്ന് അവര്‍ക്കറിയില്ല; അവര്‍ എത്രയും വേഗം ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്'; മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുകയാണെന്ന പരസ്യ മുന്നറിയിപ്പുമായി ട്രംപ്; ഇറാന്റെ എണ്ണക്കടത്ത് പൂര്‍ണ്ണമായും ഉപരോധിക്കും; അമേരിക്ക നിലപാട് കടുപ്പിക്കുന്നു; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ കരാര്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നതിനിടയില്‍, 'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുകയാണെന്ന പരസ്യ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 'മാക്‌സിമം പ്രഷര്‍' (പരമാവധി സമ്മര്‍ദ്ദം) തന്ത്രത്തിന്റെ ഭാഗമായി ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇറാന്റെ എണ്ണക്കടത്ത് പൂര്‍ണ്ണമായും തടയുന്ന ഉപരോധം നീട്ടാന്‍ ട്രംപ് തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ഇറാന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ ഇത്തവണ ട്രംപ് തിരഞ്ഞെടുത്തത് തികച്ചും വിചിത്രമായ ഒരു മാര്‍ഗ്ഗമാണ്. സ്‌ഫോടനങ്ങള്‍ക്കിടയില്‍ കയ്യില്‍ വലിയൊരു റൈഫിളുമായി നില്‍ക്കുന്ന തന്റെ തന്നെ എഐ നിര്‍മ്മിത ചിത്രം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ഭീഷണി മുഴക്കിയത്. 'ഇനി വിട്ടുവീഴ്ചയില്ല' എന്ന തലക്കെട്ടോടെ പങ്കുവെച്ച ചിത്രം ഇറാനിലെ മതാധിപത്യ ഭരണകൂടത്തിനുള്ള വ്യക്തമായ താക്കീതാണ്.

'ഇറാന് കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ അറിയില്ല. ഒരു ആണവ രഹിത കരാറില്‍ എങ്ങനെ ഒപ്പിടണമെന്ന് അവര്‍ക്കറിയില്ല. അവര്‍ എത്രയും വേഗം ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്,' ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. ഇറാനെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന ഈ പോസ്റ്റ് പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 115 ഡോളറായി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ എണ്ണവിലയില്‍ മൂന്ന് ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായത്. യുഎസ് ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് വിലയും 103 ഡോളറിന് മുകളിലെത്തി. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതും ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായതും ആഗോള വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഇറാന്‍ സാമ്പത്തികമായി തകര്‍ന്നടിയുകയാണെന്നും അവര്‍ തകര്‍ച്ചയുടെ വക്കിലാണെന്നും ട്രംപ് അവകാശപ്പെടുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം മാറ്റണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ ഖജനാവ് ശൂന്യമാക്കുക വഴി അവരെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. ഇതിനായി ഷെവ്‌റോണ്‍ സിഇഒ മൈക്ക് വിര്‍ത്ത് ഉള്‍പ്പെടെയുള്ള പ്രമുഖ എണ്ണക്കമ്പനി മേധാവികളുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് അമേരിക്ക പ്രധാനമായും നടത്തുന്നത്. ഖാര്‍ഗ് ഐലന്‍ഡിലെ സംഭരണശേഷി ഉടന്‍ പൂര്‍ത്തിയാകുമെന്നും അതോടെ ഇറാന്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഇത് ഇറാനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം പ്രതിദിനം 170 മില്യണ്‍ ഡോളറോളം വരുമെന്നാണ് കണക്കാക്കുന്നത്.

 



അതേസമയം, അമേരിക്കയുടെ ആവശ്യങ്ങള്‍ യുക്തിരഹിതമാണെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. സ്വതന്ത്ര രാജ്യങ്ങള്‍ക്ക് മേല്‍ പോളിസികള്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാന്‍ വക്താവ് റെസ തലാഇ-നിക് പറഞ്ഞു. ചര്‍ച്ചകളില്‍ ഒരു തീരുമാനമാകാത്ത പക്ഷം ഇതൊരു 'മരവിപ്പിച്ച സംഘര്‍ഷമായി' (എൃീ്വലി രീിളഹശര)േ മാറിയേക്കാമെന്ന് ഖത്തറും മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് ലോകത്തെ മുഴുവന്‍ ബന്ദികളാക്കുന്നതിന് തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ജര്‍മ്മന്‍ ചാന്‍സലര്‍ക്ക് എന്താണ് പറയുന്നതെന്ന് ഒരു ധാരണയുമില്ലെന്നും അതുകൊണ്ടാണ് ജര്‍മ്മനിയുടെ സാമ്പത്തിക നില തകരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഇറാന്റെ സമാന്തര ബാങ്കിംഗ് സംവിധാനങ്ങളെയും ക്രിപ്‌റ്റോ ഇടപാടുകളെയും തകര്‍ക്കുന്ന 'ഇക്കണോമിക് ഫ്യൂറി' (സാമ്പത്തിക രോഷം) എന്ന പദ്ധതിയാണ് അമേരിക്ക ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കുന്ന സാമ്പത്തിക സഹായം തടയാനാകുമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. ഇറാനിലെ പണപ്പെരുപ്പം ഇരട്ടിയായതായും കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞതായും ബെസന്റ് അവകാശപ്പെട്ടു.

അറേബ്യന്‍ കടലിലെ സുരക്ഷയെയും ആഗോള ഊര്‍ജ്ജ വിതരണത്തെയും ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് അയക്കേണ്ടിയിരുന്ന പ്രതിനിധികളെ ട്രംപ് അവസാന നിമിഷം പിന്‍വലിച്ചത് ചര്‍ച്ചകള്‍ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചന നല്‍കുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ വരും ദിവസങ്ങളിലും എണ്ണവില വര്‍ദ്ധിക്കാനാണ് സാധ്യത.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുമ്പോള്‍ അമേരിക്ക ഏകപക്ഷീയമായ കര്‍ക്കശ നിലപാടിലാണ്. ആണവ പരീക്ഷണം സംബന്ധിച്ച കൃത്യമായ ഉറപ്പ് ലഭിക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.

മിഡില്‍ ഈസ്റ്റില്‍ മറ്റൊരു വലിയ യുദ്ധത്തിന് തിരികൊളുത്തുമോ അതോ സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങി ഇറാന്‍ കരാറില്‍ ഒപ്പിടുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ട്രംപിന്റെ 'തോക്കുധാരി'യായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് കേവലം ഒരു തമാശയല്ലെന്നും അത് വരാനിരിക്കുന്ന കടുത്ത സൈനിക നടപടികളുടെ സൂചനയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!