
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാളികളായ പ്രമുഖ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ജയറാം, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ചെന്നൈയിലെ പോളിംഗ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്, 'മലയാളി താരങ്ങള്‍ എന്തിനാണ് തമിഴ്നാട്ടില്‍ വോട്ട് ചെയ്യുന്നത്' എന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
തമിഴ്നാട്ടില്‍ വോട്ട് ചെയ്തതിനെ പരിഹസിച്ച വ്‌ലോഗര്‍ക്ക് നടന്‍ കാളിദാസ് ജയറാം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന വ്യക്തിയാണെന്നും എവിടെയാണോ താമസം അവിടെയാണ് വോട്ട് ചെയ്യുന്നതെന്നും കാളിദാസ് വ്യക്തമാക്കി. 'ഞാന്‍ ചെന്നൈയില്‍ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാന്‍ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.' - കാളിദാസ് ജയറാം കുറിച്ചു. ഭാര്യ പാര്‍വ്വതിക്കും കാളിദാസിനും മരുമകള്‍ തരിണിക്കുമൊപ്പമാണ് ജയറാം വോട്ട് ചെയ്യാനെത്തിയത്. തരിണിയുടെ കന്നി വോട്ടായിരുന്നു ഇതെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിനെതിരെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. താരങ്ങള്‍ക്ക് കേരളത്തേക്കാള്‍ താല്‍പ്പര്യം തമിഴ്നാടിനോടാണെന്നും, പണം കേരളത്തില്‍ നിന്ന് സമ്പാദിച്ച് തമിഴ്നാട്ടില്‍ ചെലവാക്കുന്നു എന്നുമാണ് പ്രധാന വിമര്‍ശനം. ജയറാമും കാളിദാസും ധരിച്ച വസ്ത്രത്തിന്റെ നിറം നോക്കി അവര്‍ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടി.വി.കെ (TVK) അനുഭാവികളാണോ എന്നുവരെ ആരാധകര്‍ ചോദിക്കുന്നുണ്ട്.
'ഇവര്‍ക്ക് കേരളത്തേക്കാള്‍ താല്‍പര്യം തമിഴ്‌നാടിനോടാമെന്ന് തോന്നുന്നു', 'ഇവരൊക്കെ തമിഴന്‍ ആയിരുന്നോ?', 'അപ്പോള്‍ ഇവര്‍ക്കൊന്നും കേരളത്തില്‍ വോട്ടില്ലേ', 'കാളിദാസിന്റെ ഷര്‍ട്ട് കണ്ടിട്ട് ടി.വി.കെ ആണെന്ന് തോന്നുന്നല്ലോ', 'പണം ഇവിടെ നിന്ന് വലിച്ചു തമിഴ്‌നാട്ടില്‍ ചെലവ് ആക്കും'- എന്നൊക്കെയാണ് ജയറാമിനും കാളിദാസിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍
ദുല്‍ഖര്‍ സല്‍മാന്‍, റഹ്‌മാന്‍, കീര്‍ത്തി സുരേഷ്, ഉര്‍വ്വശി തുടങ്ങിയവരും ചെന്നൈയിലെ വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവരാണ് ഈ താരങ്ങളെല്ലാം. ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ക്ക് താന്‍ താമസിക്കുന്ന സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട് എന്ന വസ്തുത നിലനില്‍ക്കെയാണ് ഈ വൈകാരികമായ പ്രതികരണങ്ങള്‍ ഉയരുന്നത്. മെയ് 4-നാണ് തമിഴ്നാട് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. ഡി.എം.കെ സഖ്യവും എ.ഐ.എ.ഡി.എം.കെ സഖ്യവും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനൊപ്പം നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും ഈ തിരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
