
ഗുവാഹത്തി: അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് കോണ്‍ഗ്രസ് നിരീക്ഷകര്‍ ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്ത് സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, ജിതേന്ദ്ര സിങ് എന്നിവരുടെ നേതൃത്വത്തിലാണ് മഹാസഖ്യത്തിലെ കക്ഷികളായ റായ്ജോര്‍ ദള്‍, അസം ജാതീയ പരിഷത് (എജെപി), ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുമായി നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ നടന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്. എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായ ഒരു കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും, ഇത്തരം 'കെണികളില്‍' തങ്ങള്‍ വീഴില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കര്‍ഷകരും യുവാക്കളും സ്ത്രീകളും മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് അവകാശപ്പെട്ട അദ്ദേഹം, വോട്ടെണ്ണല്‍ ദിനത്തില്‍ കൃത്യമായ ജാഗ്രത പാലിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ്ങ് റൂമുകള്‍ക്ക് പുറത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രജ്ഞനായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യം വോട്ടെണ്ണലിന് ശേഷമുള്ള കുതിരക്കച്ചവടം തടയാനുള്ള മുന്‍കരുതലായാണ് വിലയിരുത്തപ്പെടുന്നത്. അസമിലെ കോണ്‍ഗ്രസ് ടീം ശക്തമാണെന്ന് വ്യക്തമാക്കിയ ശിവകുമാര്‍, തോല്‍വി ഭയന്ന് ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി അവകാശപ്പെട്ടത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അധികാരം നിലനിര്‍ത്താന്‍ ബിജെപി ഏതറ്റം വരെയും പോകാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍, വിജയിക്കുന്ന എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള സാധ്യതകളും കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കുന്നുണ്ട്.
എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ ഏജന്‍സികള്‍ എന്‍ഡിഎയ്ക്ക് 80 മുതല്‍ 101 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസ് സഖ്യം 20 മുതല്‍ 36 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് സൂചന. എന്നാല്‍ 2021-ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 126 സീറ്റുകളുള്ള അസം നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്. മെയ് നാലിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അസമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമോ അതോ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.
