BoolokamBoolokam

'എന്റെ കരിയർ തകർക്കാൻ ചിലർ ശ്രമിച്ചു, ഒടുവിൽ തുരങ്കത്തിനപ്പുറം വെളിച്ചം കണ്ടുതുടങ്ങി'; 'ധ്രുവ നച്ചത്തിരം' റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി; ഗൗതം മേനോന്റെ കുറിപ്പ് വൈറൽ

ചെന്നൈ: സിനിമാ പ്രേമികളെയും ചിയാൻ വിക്രം ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഗൗതം വാസുദേവ് മേനോന്റെ സ്പൈ ത്രില്ലർ ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ വെള്ളിത്തിരയിലേക്ക്. വർഷങ്ങളായി നീണ്ടുനിന്ന നിയമപരവും സാമ്പത്തികവുമായ തടസ്സങ്ങൾ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലോടെ നീങ്ങിയതോടെയാണ് ചിത്രത്തിന്റെ റിലീസ് ഉറപ്പായത്. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ സുപ്രധാന വിധി സിനിമയുടെ റിലീസിലേക്കുള്ള വഴി തുറന്നുതന്നു.

പ്രതിസന്ധികൾ ഒഴിഞ്ഞ വേളയിൽ സംവിധായകൻ ഗൗതം മേനോൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. "എന്റെ കരിയർ തകർക്കാനും നൂറിലധികം മനുഷ്യരുടെ അധ്വാനമായ ഈ സിനിമ തടയാനും ചിലർ ശ്രമിച്ചു" എന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിസന്ധികളിൽ തളരാതെ തനിക്ക് നിയമോപദേശം നൽകിയ അഡ്വക്കേറ്റ് അബ്ദുൽ ഹമീദിനും നീതിപീഠത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൃത്യമായ ഫണ്ട് മാനേജ്‌മെന്റോ ഘടനയോ ഇല്ലാത്ത സിനിമാ ഇൻഡസ്ട്രിയിൽ പ്രതിസന്ധിയിലാകുന്ന ഏതൊരു ചിത്രത്തിനും ഈ വിധി ഒരു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൗതം മേനോൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ്:

''എന്റെ കരിയർ തകർക്കാനും നൂറിലധികം മനുഷ്യരുടെ അധ്വാനമായ ഈ സിനിമയുടെ റിലീസ് തടയാനും ചിലർ ശ്രമിച്ചു. എന്നാൽ എന്റെ നിയമോപദേശകൻ സീനിയർ അഡ്വക്കേറ്റ് അബ്ദുൽ ഹമീദ്, മുന്നിലൊരു വഴിയുണ്ടെന്ന് എനിക്ക് ഉറപ്പുനൽകുകയും ആ പാതയിലൂടെ എന്നെ നയിക്കുകയും ചെയ്തു. ഇപ്പോൾ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ആ വഴി എനിക്കായി തുറന്നുതന്നിരിക്കുന്നു. ഒടുവിൽ, തുരങ്കത്തിനപ്പുറം പ്രകാശം കണ്ടുതുടങ്ങിയിരിക്കുന്നു. കൃത്യമായ ഫണ്ട് മാനേജ്‌മെന്റോ ഘടനയോ ഇല്ലാത്ത ഒരു ഇൻഡസ്ട്രിയിൽ, പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്ന ഏതൊരു സിനിമയ്ക്കും ഒരു മാതൃകയാകും 'ധ്രുവ നച്ചത്തിരം' റിലീസ് ചെയ്യാൻ പുറപ്പെടുവിച്ച ഈ സുപ്രധാന വിധി. ഇവിടെനിന്നും ഇനി മുന്നോട്ടും ഉയരങ്ങളിലേക്കു മാത്രം.''

2016-ൽ ചിത്രീകരണം ആരംഭിച്ച ധ്രുവ നച്ചത്തിരം ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നിയമവ്യവസ്ഥയ്ക്ക് പുറത്തുനിന്നുകൊണ്ട് ഭീകരവാദത്തെ നേരിടുന്ന 'ദ് ബേസ്‌മെന്റ്' എന്ന രഹസ്യ അന്വേഷണ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 'ജോൺ' എന്ന കരുത്തുറ്റ കഥാപാത്രമായി വിക്രം എത്തുമ്പോൾ മലയാളിയായ വിനായകൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. ഹാരിസ് ജയരാജിന്റെ സംഗീതവും മനോജ് പരമഹംസയുടെയും ജോമോൻ ടി. ജോണിന്റെയും ക്യാമറക്കാഴ്ചകളും ചിത്രത്തെ ഹോളിവുഡ് നിലവാരത്തിലുള്ള സ്റ്റൈലിഷ് ത്രില്ലറാക്കി മാറ്റുന്നു.

തടസ്സങ്ങൾ നീങ്ങിയതോടെ ചിത്രം ജൂൺ 15-ന് മുൻപായി തിയേറ്ററുകളിലെത്തിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് അണിയറ പ്രവർത്തകർ. 2018-ൽ സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് നിർത്തിവെച്ച ചിത്രത്തിന്റെ ജോലികൾ 2023-ലാണ് പൂർത്തിയായത്. ഗൗതം മേനോന്റെ കരിയറിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട സിനിമ കൂടിയാണിത്. എന്നാൽ വിക്രമിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന ഉറപ്പിൽ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാണ് ധ്രുവ നച്ചത്തിരം ഒരുങ്ങുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എന്റെ കരിയർ തകർക്കാൻ ചിലർ ശ്രമിച്ചു, ഒടുവിൽ തുരങ്കത്തിനപ്പുറം വെളിച്ചം കണ്ടുതുടങ്ങി'; 'ധ്രുവ നച്ചത്തിരം' റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി; ഗൗതം മേനോന്റെ കുറിപ്പ് വൈറൽ - Marunadan Malayali | Boolokam