BoolokamBoolokam

'എല്‍ ക്ലാസിക്കോ'യില്‍ വീണ്ടും തോല്‍വി; ഋതുരാജിന്റെ മുഖത്തേക്കു പോലും നോക്കാതെ അവഗണിച്ച് ഹാര്‍ദിക് പാണ്ഡ്യ; സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം; 'അവനൊരു പ്ലാസ്റ്റിക്ക് ക്യാപ്റ്റന്‍' എന്ന് മുന്‍ ഇന്ത്യന്‍ താരം

ചെന്നൈ: ഐപിഎല്ലിലെ 'എല്‍ ക്ലാസിക്കോ' പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും തമ്മിലുള്ള ഹസ്തദാനത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം. മത്സരശേഷം ഋതുരാജിന് ഹസ്തദാനം നല്‍കാന്‍ ഹാര്‍ദിക് വിസമ്മതിച്ചു എന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

മത്സരം വിജയിപ്പിച്ച ശേഷം മുംബൈ താരങ്ങളുമായി ഹസ്തദാനം ചെയ്യുന്നതിനിടെ ഋതുരാജ് കൈനീട്ടിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു വിഭാഗം ആരാധകര്‍ ആരോപിക്കുന്നത്. ഹാര്‍ദിക്കിന് തൊട്ടുപിന്നാലെ വന്ന ജസ്പ്രീത് ബുമ്രയെ ഋതുരാജ് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്നത് വീഡിയോയിലുണ്ട്. മുംബൈയുടെ തുടര്‍ച്ചയായ തോല്‍വികളും പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയതും പാണ്ഡ്യയെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നും ഇതിന്റെ അസ്വസ്ഥതയാണ് ഗ്രൗണ്ടില്‍ പ്രകടിപ്പിച്ചതെന്നുമാണ് വിമര്‍ശനം. എന്നാല്‍, മത്സരത്തിന് ശേഷം ബൗണ്ടറി ലൈനിന് അരികില്‍ വെച്ച് ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തിരുന്നുവെന്ന വാദവുമായി മറ്റൊരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സിന് ഇത് ഏഴാമത്തെ തോല്‍വിയാണ്. ഇതോടെ ടീം പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് തുടരുകയാണ്. മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സീസണില്‍ നാലാം വിജയം നേടിയ ചെന്നൈ എട്ട് പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈയെ പരാജയപ്പെടുത്താന്‍ ചെന്നൈയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

ബാറ്റിംഗില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ഫോമാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ഋതുരാജ് 48 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ കാര്‍ത്തിക് ശര്‍മ്മ 40 പന്തില്‍ 54 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. മുന്‍പ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും 74 റണ്‍സുമായി ഋതുരാജ് തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഋതുരാജ് മുന്നില്‍ നിന്ന് നയിക്കുമ്പോള്‍, മറുഭാഗത്ത് ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍സിയിലും കളിക്കളത്തിലെ പെരുമാറ്റത്തിലും കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്.

അതേ സമയം നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് രംഗത്ത് വന്നു. ഹാര്‍ദിക്കിനെ 'പ്ലാസ്റ്റിക് ക്യാപ്റ്റന്‍' എന്ന് കുറ്റപ്പെടുത്തിയ ശ്രീകാന്ത്, മത്സരത്തില്‍ താരത്തിന്റെ ബാറ്റിംഗ് സമീപനത്തെയും രൂക്ഷമായി പരിഹസിച്ചു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറാം നമ്പറിലിറങ്ങിയ ഹാര്‍ദിക് 23 പന്തില്‍ വെറും 18 റണ്‍സ് മാത്രമാണ് നേടിയത്. വെറും രണ്ട് ഫോറുകള്‍ മാത്രമാണ് ആ ഇന്നിംഗ്‌സിലുണ്ടായിരുന്നത്.

തിലക് വര്‍മ്മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് തന്റെ ഇന്നിംഗ്‌സില്‍ 10 ഡോട്ട് ബോളുകളാണ് കളിച്ചത്. ഒരു ഘട്ടത്തില്‍ 12.5 ഓവറില്‍ 104-4 എന്ന നിലയിലായിരുന്ന മുംബൈ, ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്ക് കാരണം 159 റണ്‍സില്‍ ഒതുങ്ങിപ്പോയി. ശ്രീകാന്തിന്റെ വാക്കുകള്‍... ''ഈ കണക്കുകള്‍ നോക്കൂ, 23 പന്തില്‍ 18 റണ്‍സ്! ഇതൊക്കെ എന്ത് ബാറ്റിംഗാണ്? അവനൊരു പ്ലാസ്റ്റിക് ക്യാപ്റ്റനാണ്. എന്തായിരുന്നു ഹാര്‍ദിക്കിന്റെ ലക്ഷ്യമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ശരിയായ കണക്കുകൂട്ടലുകളോ ഗെയിം അവബോധമോ ഇല്ലാതെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്.'' ശ്രീകാന്ത് പറഞ്ഞു.

മത്സരത്തിന്റെ മധ്യ ഓവറുകളില്‍ മുംബൈയുടെ റണ്‍ റേറ്റ് കുത്തനെ ഇടിഞ്ഞത് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. 12 മുതല്‍ 16 വരെയുള്ള ഓവറുകളില്‍ അഞ്ച്, നാല്, മൂന്ന് എന്നിങ്ങനെയായിരുന്നു മുംബൈയുടെ റണ്‍ റേറ്റ്. ഹാര്‍ദിക് ക്രീസിലുണ്ടായിട്ടും അവസാന ഓവറുകളില്‍ പോലും ഏഴും നാലും റണ്‍സ് മാത്രമാണ് നേടാനായത്. ഹാര്‍ദിക്കിന് സ്‌കോര്‍ ചെയ്യാന്‍ പാകത്തില്‍ ചെന്നൈ ബൗളര്‍മാര്‍ പന്തെറിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ജാമി ഓവര്‍ട്ടണ്‍ ഹാര്‍ദിക്കിന്റെ ശരീരത്തിന് ലക്ഷ്യമിട്ട് പന്തെറിഞ്ഞ് അദ്ദേഹത്തെ വരിഞ്ഞുമുറുക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എല്‍ ക്ലാസിക്കോ'യില്‍ വീണ്ടും തോല്‍വി; ഋതുരാജിന്റെ മുഖത്തേക്കു പോലും നോക്കാതെ അവഗണിച്ച് ഹാര്‍ദിക് പാണ്ഡ്യ; സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം; 'അവനൊരു പ്ലാസ്റ്റിക്ക് ക്യാപ്റ്റന്‍' എന്ന് മുന്‍ ഇന്ത്യന്‍ താരം - Marunadan Malayali | Boolokam