
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, കേരള രാഷ്ട്രീയത്തില്‍ വാക്‌പോരും അവകാശവാദങ്ങളും മുറുകുന്നു. എല്‍ഡിഎഫ് ഒരുക്കിയ സത്യപ്രതിജ്ഞാ പന്തലില്‍ യുഡിഎഫ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന പരിഹാസരൂപേണയുള്ള പ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍ രംഗത്തെത്തി. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന എല്‍ഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഹസ്സന്‍ നിലപാട് വ്യക്തമാക്കിയത്.
എം.വി. ഗോവിന്ദനും പിണറായി വിജയനും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നുണ്ടാകാം, എന്നാല്‍ ജനവിധി മറിച്ചാണെന്ന് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് ഉന്നയിക്കുന്ന വാദങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഉറപ്പിച്ചു വോട്ട് ചെയ്തതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫ് ക്യാമ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കങ്ങളോ ചര്‍ച്ചകളോ നിലവിലില്ലെന്ന് ഹസ്സന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ മാത്രമാണ് നടക്കുന്നത്. മുന്നണിക്ക് കൃത്യമായ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ ആലോചിക്കൂ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ലീഗിനോട് തന്നെ ചോദിക്കണമെന്നായിരുന്നു ഹസ്സന്റെ മറുപടി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ യുഡിഎഫ് ക്യാമ്പ് വലിയ ആവേശത്തിലാണെന്നും ഭരണമാറ്റം സുനിശ്ചിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
