
കൊച്ചി: കേരളത്തിൽ കഞ്ചാവുപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ രംഗത്ത്. വിദേശരാജ്യങ്ങളിൽ നിലവിലുള്ള മാതൃകയിൽ കഞ്ചാവ് നിയന്ത്രണവിധേയമായി അനുവദിക്കണമെന്നും ഇതിനായി സർക്കാരിന് നോട്ട് സമർപ്പിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
എംഡിഎംഎ പോലുള്ള രാസലഹരികൾ ഉപയോഗിച്ചാൽ മടങ്ങിവരവ് അസാധ്യമാണെന്ന് ബിജു പ്രഭാകർ ചൂണ്ടിക്കാട്ടി. "ആംസ്റ്റർഡാമിലും ഇംഗ്ലണ്ടിലും കഞ്ചാവ് കുറ്റകരമല്ല. മദ്യപാനം മൂലം കരൾ നശിക്കുന്നതുപോലെയുള്ള ശല്യമേ കഞ്ചാവും ഉണ്ടാക്കൂ. 'റെസ്പോൺസിബിൾ ഡ്രിങ്കിങ്' പോലെ 'റെസ്പോൺസിബിൾ കഞ്ചാവുപയോഗവും' പഠിപ്പിക്കേണ്ടി വരും. ലഹരിമരുന്ന് ഉപയോഗം തടയാൻ കള്ളും വൈനും ബിയറും വ്യാപകമാക്കുകയാണ് വേണ്ടത്"– അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ചും അദ്ദേഹം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 230 കോടിയുടെ റോഡ് നിർമ്മാണ കരാർ ലഭിച്ച കമ്പനിക്ക് 65 കോടി രൂപ ലാഭമുണ്ടാക്കാൻ പാറമട വ്യവസ്ഥകളിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. ഈ അഴിമതി ഫയൽ പരിശോധിച്ചതിന്റെ തൊണ്ണൂറ്റൊന്നാം ദിവസം തന്നെ തന്നെ സ്ഥലം മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമരാമത്തിലെ പല അഴിമതികളും ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
