BoolokamBoolokam

'കാലില്‍ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നില്‍ക്കും പോലെ തോന്നി; മൊബൈല്‍ ഫ്‌ലാഷ് ജസ്റ്റ് ഒന്ന് ഓണ്‍ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോള്‍ പാമ്പ്; ഉടനെ കാല്‍ കുടഞ്ഞു...'; നടുക്കം മാറാതെ പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍; കിളിമാനൂരില്‍ യുവതിക്കും പാമ്പ് കടിയേറ്റു

കോഴിക്കോട്: വേനല്‍ക്കാലം കടുത്തതോടെ സംസ്ഥാനത്ത് ഭീതിവിതച്ച് പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി കോഴിക്കോട് പൂനൂര്‍ സ്വദേശിയായ മുഹമ്മദ് അന്‍സാര്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ പാമ്പുകടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്തയാണ് പുറത്തുവരുന്നത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റതായി സംശയം തോന്നിയത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിഷമുള്ള പാമ്പ് തന്നെയാണ് കടിച്ചതെന്നും എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അന്‍സാര്‍ പറഞ്ഞു. 'രാത്രി ഞാന്‍ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോള്‍ കിടന്നതാണ്. ഒരു രണ്ടു മണി ആയപ്പോള്‍ എനിക്കൊരു കോള്‍ വന്നു. കോള്‍ എടുത്ത സമയത്ത് കാലില്‍ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നില്‍ക്കും പോലെ തോന്നി. അപ്പോള്‍ ജസ്റ്റ് ഒന്ന് ഫ്‌ലാഷ് ഓണ്‍ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോള്‍ പാമ്പ്. ഉടന്‍ കാല്‍ കുടഞ്ഞു. പക്ഷേ ഇത് കൊത്തിയോ കൊത്തിയില്ലേ എന്ന് ഒരു സംശയം. അങ്ങനെ അയല്‍വാസികളൊക്കെ വന്ന് പാമ്പിനെ തല്ലിക്കൊന്നു. ഇത് കൊത്തിയാല്‍ അറിയില്ലെന്ന് പറഞ്ഞു. അങ്ങനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പോയപ്പോള്‍ അവിടുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ഇവിടെ നോക്കിയപ്പോള്‍ ടെസ്റ്റിലൊന്നും വലിയ കുഴപ്പമില്ല. അതുകൊണ്ട് രക്ഷപ്പെട്ടു' -അന്‍സാര്‍ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം കേരളത്തില്‍ പാമ്പുകടിയേറ്റ് മരിച്ചത് ഏഴുപേരാണ്. ഞായറാഴ്ച മാത്രം രണ്ട് വയോധികര്‍ക്ക് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടമായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി നഫീസ (70), ഇടുക്കി കാഞ്ഞാര്‍ സ്വദേശിനി വിശാലാക്ഷി (75) എന്നിവരാണ് മരണപ്പെട്ടത്. വെന്റിലേറ്റര്‍ സഹായത്തോടെ ആന്റിവെനം നല്‍കി ചികിത്സിച്ചിട്ടും നഫീസയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശംഖുവരയനാണ് ഇവരെ കടിച്ചതെന്നാണ് സംശയിക്കുന്നത്. തൃശൂരിലും തിരുവനന്തപുരത്തുമായി എട്ടു വയസ്സുകാരായ രണ്ട് കുട്ടികളും കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പുകടിയേറ്റ് മരണമടഞ്ഞവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ആലപ്പുഴയിലും കുട്ടനാട്ടിലും ഓരോ വീട്ടമ്മമാരും ഇത്തരത്തില്‍ ദാരുണമായി മരണത്തിന് കീഴടങ്ങി.

ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 32 പേരെയാണ് പാമ്പുകടിയേറ്റെന്ന സംശയത്താല്‍ 108 ആംബുലന്‍സുകള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ 23 കേസുകള്‍ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 8 ജില്ലകളിലായി 23 പാമ്പുകടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്തതായി 108 ആംബുലന്‍സ് സംഘത്തിന്റെ ഡാറ്റയില്‍ വ്യക്തമാക്കുന്നു. പാമ്പുകടിയാണെന്ന് സംശയിച്ച് 108 ആംബുലന്‍സിന്റെ സഹായം തേടിയ ഒമ്പതു കേസുകള്‍ ഉണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടുമുറ്റത്തിറങ്ങിയ സരിത എന്ന യുവതിക്കും പാമ്പുകടിയേറ്റു. ഇവരെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഴക്കാലവും കാലാവസ്ഥാ വ്യതിയാനവും പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാമ്പുകടിയേറ്റാല്‍ സമയം പാഴാക്കാതെ ചികിത്സ തേടുക എന്നതാണ് ഏറ്റവും പ്രധാനം. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ 108 ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദേശിക്കുന്നു. ആന്റിവെനം ലഭ്യമായ ആശുപത്രികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള വൈദഗ്ധ്യവും 108 ജീവനക്കാര്‍ക്കുള്ളതിനാല്‍, രോഗിയെ വേഗത്തില്‍ ശരിയായ ചികിത്സാ കേന്ദ്രത്തിലെത്തിക്കാന്‍ ഇത് സഹായിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'കാലില്‍ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നില്‍ക്കും പോലെ തോന്നി; മൊബൈല്‍ ഫ്‌ലാഷ് ജസ്റ്റ് ഒന്ന് ഓണ്‍ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോള്‍ പാമ്പ്; ഉടനെ കാല്‍ കുടഞ്ഞു...'; നടുക്കം മാറാതെ പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍; കിളിമാനൂരില്‍ യുവതിക്കും പാമ്പ് കടിയേറ്റു - Marunadan Malayali | Boolokam