BoolokamBoolokam

'ഗസറ്റഡ് യക്ഷികള്‍ക്ക്' ഇനി കുതന്ത്രത്തിലൂടെ രക്ഷപ്പെടാനാകില്ല; അഴിമതിക്കേസുകള്‍ മുക്കാനാവില്ല; സര്‍ക്കാരിനുള്ള ലോകായുക്തയുടെ താക്കീതില്‍ പുതിയ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകം; അച്ചടക്ക നടപടികളിലൂടെ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കുന്ന 'സേഫ് പാസേജ്' പല സഖാക്കള്‍ക്കും തുണയായി; ഇനി അത് നടക്കാനിടയില്ല

തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ വിജിലന്‍സ് ട്രൈബ്യൂണലിന് വിടാതെ വകുപ്പുതലത്തില്‍ ഒതുക്കിത്തീര്‍ക്കുന്ന സര്‍ക്കാര്‍ രീതിക്കെതിരെ ലോകായുക്തയുടെ കടുത്ത ഇടപെടല്‍. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദമായ റിപ്പോര്‍ട്ട് തേടി. ഏപ്രിലില്‍ പുറത്തുവന്ന ഈ സുപ്രധാന നിരീക്ഷണങ്ങള്‍, വരാനിരിക്കുന്ന പുതിയ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാകുമെന്നുറപ്പാണ്.

സംസ്ഥാനത്തെ അഴിമതിവിരുദ്ധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി, നിയമപരമായ ബാധ്യതകളില്‍ നിന്ന് വകുപ്പുകള്‍ ഒഴിഞ്ഞുമാറുന്നതിനെതിരെ ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 1960-ലെ കേരള സിവില്‍ സര്‍വീസസ് (വിജിലന്‍സ് ട്രൈബ്യൂണല്‍) ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ രഹസ്യമായി ഒതുക്കിത്തീര്‍ക്കുന്നുവെന്ന പരാതി പ്രഥമദൃഷ്ട്യാ കോടതി ശരിവെച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെ അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയിലെ പ്രയോഗമാണ് 'ഗസറ്റഡ് യക്ഷി'. ആ സിനിമയ്ക്ക് ശേഷം ഖജനാവ് കൊള്ളയടിച്ചവരെ ജനം അങ്ങനെ വിളിച്ചു തുടങ്ങി.

കേരളം തിരഞ്ഞെടുപ്പിന് ശേഷം പുതിയൊരു ഭരണസംവിധാനത്തിലേക്ക് മാറുന്ന പശ്ചാത്തലത്തില്‍, ഈ കേസിലെ ലോകായുക്തയുടെ നിലപാട് രാഷ്ട്രീയമായി നിര്‍ണ്ണായകമാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടം പ്രകടനപത്രികകളില്‍ വാഗ്ദാനം ചെയ്യുന്ന മുന്നണികള്‍ക്ക്, ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നത് കേവലം ഭരണപരമായ ആവശ്യമല്ല, മറിച്ച് രാഷ്ട്രീയമായ ബാധ്യത കൂടിയാണ്. വരാനിരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും ഓഗസ്റ്റില്‍ കോടതിക്ക് മുന്നിലെത്തുക. അഡ്വ വെങ്ങാനൂര്‍ ശിവശങ്കറാണ് നിര്‍ണ്ണായക വിഷയം ലോകായുക്തയ്ക്ക് മുന്നിലെത്തിച്ചത്.

നിലവില്‍ അതീവ പരിതാപകരമായ അവസ്ഥയിലൂടെയാണ് സംസ്ഥാനത്തെ വിജിലന്‍സ് ട്രൈബ്യൂണലുകള്‍ കടന്നുപോകുന്നത്. ലക്ഷക്കണക്കിന് രൂപ പൊതുപണം ശമ്പളത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി ചെലവഴിക്കുമ്പോഴും, വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് ഈ കോടതികളുടെ പരിഗണനയ്ക്ക് എത്തുന്നത്. വിജിലന്‍സ് ട്രൈബ്യൂണലുകളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢനീക്കം ഇതിന് പിന്നിലുണ്ടോ എന്ന ഗൗരവകരമായ സംശയവും ലോകായുക്ത ഉന്നയിച്ചിട്ടുണ്ട്.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തുന്ന മിന്നല്‍ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ട്രൈബ്യൂണലുകളുടെ പടിവാതില്‍ കാണാറില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കടുത്ത ശിക്ഷകള്‍ ഒഴിവാക്കി, വകുപ്പുതലത്തില്‍ നാമമാത്രമായ അച്ചടക്ക നടപടികളിലൂടെ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കുന്ന 'സേഫ് പാസേജ്' ആണ് പല വകുപ്പ് മേധാവികളും ഒരുക്കുന്നത്. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായാണ് ഇതിനെ പരാതിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ തക്കതായ ശിക്ഷ ലഭിക്കാതെ സര്‍വീസില്‍ തുടരുന്നത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കും. അതേസമയം, കൃത്യമായ അന്വേഷണം നടക്കാത്തത് മൂലം നിരപരാധികള്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യവും ഒരുപോലെ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പുതല അന്വേഷണങ്ങളിലെ അനാവശ്യ കാലതാമസം നീതിനിഷേധത്തിന് വഴിയൊരുക്കുന്നുവെന്ന കണ്ടെത്തല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചീഫ് സെക്രട്ടറി സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടില്‍ എത്ര അഴിമതിക്കേസുകളാണ് ചട്ടങ്ങള്‍ ലംഘിച്ച് വകുപ്പുതലത്തില്‍ ഒതുക്കിത്തീര്‍ത്തതെന്ന കൃത്യമായ കണക്കുകള്‍ ഹാജരാക്കേണ്ടി വരും. വിജിലന്‍സ് ട്രൈബ്യൂണലുകള്‍ക്ക് കേസുകള്‍ അയക്കാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് പുതിയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറും.

ഭാവിയല്‍ ഇത്തരം ചട്ടലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കോടതി ആരാഞ്ഞിട്ടുണ്ട്. അഴിമതിക്കേസുകള്‍ സമയബന്ധിതമായി ട്രൈബ്യൂണലുകളിലേക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാണ്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണോ എന്ന ലോകായുക്തയുടെ ചോദ്യം ഭരണകേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനും വിജിലന്‍സ് ഡയറക്ടര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രിലിലെ ഈ താക്കീതിന്റെ തുടര്‍ച്ചയായി, ചീഫ് സെക്രട്ടറി നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ അടുത്ത നീക്കം. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ഗതിമാറ്റമുണ്ടാക്കാന്‍ പോന്ന ഒരുകൂട്ടം നിരീക്ഷണങ്ങളാണ് ഈ ഉത്തരവിലുള്ളത്.

കേസ് അടുത്ത ഓഗസ്റ്റ് മൂന്നിനാണ് വീണ്ടും പരിഗണിക്കുന്നത്. അപ്പോഴേക്കും അധികാരമേറ്റെടുക്കുന്ന പുതിയ സര്‍ക്കാരിന് കോടതിക്ക് മുന്നില്‍ കൃത്യമായ മറുപടി നല്‍കേണ്ടി വരും. അഴിമതിക്കാരെ തുറുങ്കിലടയ്ക്കുമെന്ന് പ്രസംഗിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് തങ്ങളുടെ വകുപ്പുകളിലെ 'ഒത്തുതീര്‍പ്പ്' രാഷ്ട്രീയത്തെ ലോകായുക്തയ്ക്ക് മുന്നില്‍ ന്യായീകരിക്കുക എളുപ്പമാകില്ല.

വിജിലന്‍സ് ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും അഴിമതിക്കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും പുതിയ ഭരണകൂടം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഓഗസ്റ്റിലെ കോടതി വിധി വരാനിരിക്കുന്ന ഭരണകാലയളവിലെ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദിശാസൂചികയായി മാറും.

അഡ്വ. വെങ്ങാനൂര്‍ ജി. ശിവശങ്കര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ലോകായുക്തയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. അഴിമതിക്കാര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് ഈ വിധി വലിയൊരു തിരിച്ചടിയാകുമെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!