
തിരുവനന്തപുരം: 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.... ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം.... ഈ മനോഹരതീരത്തു തരുമോ... ഇനിയൊരു ജന്മം കൂടി.... എനിക്കിനിയൊരുജന്മം കൂടി....' വരികളിലെ സൗന്ദര്യം പോലെ നന്മ നിറഞ്ഞ ഒരു സൗഹൃദത്തിന് കൂടി ഇന്ന് തിരശ്ശീല വീഴുന്നു. മുന്‍ എം.എല്‍.എ പി.ടി. തോമസിന്റെ ഉറ്റചങ്ങാതിയും പ്രമുഖ ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്‍ (67) ഈ മനോഹര തീരത്തോട് വിടപറഞ്ഞു. പി.ടി. തോമസിന്റെ വിയോഗവേളയില്‍ കേരളം ഏറ്റുപാടിയ ആ വരികള്‍ക്ക് പിന്നിലെ നിയോഗമായിരുന്നു ഡിജോ.
തന്റെ മരണശേഷം 'ചന്ദ്രകളഭം' പാട്ട് കേള്‍പ്പിക്കണമെന്ന പി.ടിയുടെ അവസാന ആഗ്രഹം ലോകത്തെ അറിയിച്ചതും അത് നടപ്പിലാക്കിയതും ഡിജോ കാപ്പനായിരുന്നു. ആത്മമിത്രത്തിന്റെ ഓര്‍മ്മകള്‍ ബാക്കിവെച്ച്, സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ആ കരുത്തന്‍ യാത്രയാകുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് ഒരു വലിയ നിയമപോരാളിയെയാണ്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഉപഭോക്തൃ-കര്‍ഷക അവകാശങ്ങള്‍ക്കായി സന്ധിയില്ലാത്ത പോരാട്ടം നയിച്ച അദ്ദേഹം, സാധാരണക്കാരന്റെ ശബ്ദമായി കോടതി മുറികളിലും തെരുവുകളിലും നിറഞ്ഞുനിന്നു. ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് 1988-ല്‍ അദ്ദേഹം സ്ഥാപിച്ച 'സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍' വഴി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. വൈദ്യുതി നിരക്ക് വര്‍ധന, റെയില്‍വേ യാത്രാക്ലേശം എന്നിവയ്ക്കെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
പൊതുനിരത്തുകളില്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള രാഷ്ട്രീയ യോഗങ്ങള്‍ക്കെതിരെയും അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരെയും അദ്ദേഹം നടത്തിയ നിയമയുദ്ധം ഹൈക്കോടതിയുടെ ചരിത്രവിധികളിലേക്ക് നയിച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് ഉയര്‍ത്തുന്ന ഭീഷണികളിലും കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടി അദ്ദേഹം ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു. പാലാ കാപ്പില്‍ കുടുംബത്തില്‍ ജനിച്ച്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഡിജോ, എന്നും നീതിയുടെ പക്ഷത്തായിരുന്നു.
പി.ടി. തോമസുമായുള്ള ആത്മബന്ധം ഡിജോയുടെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യായമായിരുന്നു. പി.ടി. തന്റെ അന്ത്യനിമിഷങ്ങളില്‍ കണ്ടുവെച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും വിശ്വസ്തനായ ഈ ചങ്ങാതിയെയാണ് ഏല്‍പ്പിച്ചത്. 'എനിക്കിനിയൊരു ജന്മം കൂടി ഈ മനോഹര തീരത്ത് വേണം' എന്ന് ആഗ്രഹിച്ച തന്റെ കൂട്ടുകാരന്റെ വഴിയെ, പോരാട്ടങ്ങളുടെ ബാക്കിപത്രങ്ങള്‍ ബാക്കിവെച്ച് ഡിജോ കാപ്പനും മടങ്ങുമ്പോള്‍ കേരളം ഒരു നിമിഷം വിതുമ്പുന്നു. രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരിക്കെയാണ് ഡിജോ കാപ്പന്റെ അന്ത്യം. ഉപഭോക്തൃ-കര്‍ഷക അവകാശങ്ങള്‍ക്കായി നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. പാലാ ഇടമറ്റം കാപ്പില്‍ കുടുംബത്തില്‍ കെ.സി. ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ഡിജോ, സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കേരള വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ (കെ.എസ്.സി) രാഷ്ട്രീയ രംഗത്തെത്തി. 1982-ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായും കേരള വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജ്, രാജഗിരി കോളജ്, കേരള യൂണിവേഴ്‌സിറ്റി ക്യാംപസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠിച്ച മൂന്ന് കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട അപൂര്‍വ്വ നേട്ടത്തിനും അദ്ദേഹം ഉടമയായിരുന്നു.
