BoolokamBoolokam

'ചില പന്തുകളില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു; ആ പരിഹാസം പക്ഷെ എന്നെ വല്ലാതെ ചൊടിപ്പിച്ചു'; കരിയറിലെ ഗംഭീര തിരിച്ചുവരവിനെക്കുറിച്ച് ശ്രേയസ് അയ്യര്‍

മുംബൈ: വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും എങ്ങനെ കരിയറിലെ തിരിച്ചുവരവിന് ഇന്ധനമാക്കാമെന്ന് തുറന്നു പറയുകയാണ് ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ മുന്നില്‍ നിന്ന് നയിക്കുന്ന നായകാന്‍ ശ്രേയസ് അയ്യര്‍. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ കഴിയില്ലെന്ന വര്‍ഷങ്ങളായുള്ള പരിഹാസങ്ങള്‍ക്കും, പരിക്കിന് ശേഷമുള്ള തിരിച്ചുവരവിനെ സംശയിച്ചവര്‍ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കിയതിനെക്കുറിച്ച് ജിയോ ഹോട്ട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മനസുതുറന്നു.

തനിക്ക് കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നത് ഇഷ്ടമല്ലെന്ന് ശ്രേയസ് വ്യക്തമാക്കുന്നു. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്നതിലെ ബലഹീനത പരിഹരിക്കാന്‍ കഴിയില്ലെന്ന പരിഹാസമാണ് തന്നെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മുന്‍പ് അത്തരം പന്തുകളില്‍ പ്രതിരോധത്തിന് ശ്രമിച്ചിരുന്ന താന്‍, ഇന്ന് ലോകത്തെ ഏറ്റവും മികച്ച പേസര്‍ ജസ്പ്രീത് ബുംറയെ പോലും സിക്‌സറിന് പറത്തി തന്റെ മാറ്റം തെളിയിച്ചിരിക്കുകയാണ്. തന്റെ സോണില്‍ പന്ത് വന്നാല്‍ അത് സിക്‌സറിന് തൂക്കുമെന്ന ആത്മവിശ്വാസത്തിലേക്ക് ശ്രേയസ് എത്തിയിരിക്കുന്നു.

'ചില പന്തുകളില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്‌നം എനിക്ക് ഒരിക്കലും പരിഹരിക്കാനാവില്ലെന്ന പരിഹാസം പക്ഷെ എന്നെ വല്ലാതെ ചൊടിപ്പിച്ചു. കാരണം അസാധ്യമെന്ന് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ അത് പറഞ്ഞവര്‍ക്ക് തെറ്റിയെന്ന് തെളിയിക്കണമെന്ന് ഞാന്‍ ഉറപ്പിച്ചു. അതിനായി കഠിനമായി പരിശ്രമിച്ചു. മുന്‍പ് ഷോര്‍ട്ട് ബോളുകളില്‍ ഡിഫന്‍ഡ് ചെയ്യാനോ സിംഗിളെടുക്കാനോ ആയിരുന്നു ഞാന്‍ ശ്രമിച്ചിരുന്നത്. എന്നാലിപ്പോള്‍ എന്റെ സോണില്‍ പന്ത് വന്നാല്‍ സിക്സറിന് തൂക്കും'- അയ്യര്‍ പറഞ്ഞു.

നടുവിനേറ്റ ഗുരുതരമായ പരിക്കിന് ശേഷം പഴയ ഫോമിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍ പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ശാരീരികക്ഷമത പോലെ തന്നെ പ്രധാനമാണ് മാനസികമായ കരുത്തുമെന്ന് ശ്രേയസ് പറയുന്നു. അനാവശ്യമായ വിമര്‍ശനങ്ങളെ അവഗണിക്കാനും പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും താന്‍ പഠിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ബാറ്റിംഗിലെ താളം നിലനിര്‍ത്താന്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത പരിശീലനമാണ് ശ്രേയസ് പിന്തുടരുന്നത്. ഒരു പരിശീലന സെഷനില്‍ ഏകദേശം 50 ഓവര്‍ ബാറ്റ് ചെയ്യുന്നു. ശരാശരി 300-ലധികം പന്തുകള്‍ നേരിടുന്നു. സൈഡ് ആം ത്രോകള്‍ക്ക് പകരം യഥാര്‍ത്ഥ ബൗളര്‍മാരെ നേരിട്ടാണ് പരിശീലനം. വിരാട് കോലി, രോഹിത് ശര്‍മ്മ, എബി ഡി വില്ലിയേഴ്‌സ് തുടങ്ങിയ ഇതിഹാസങ്ങളുടെ ബാറ്റിംഗ് ശൈലി നിരീക്ഷിക്കുകയും അതിലെ നല്ല വശങ്ങള്‍ സ്വന്തം ശൈലിയില്‍ പരീക്ഷിക്കുകയും ചെയ്യുന്നു.

പ്രവീണ്‍ ആംറെ, അഭിഷേക് നായര്‍ എന്നീ പരിശീലകര്‍ നല്‍കുന്ന പിന്തുണ തന്റെ കരിയറിലെ മാറ്റങ്ങളില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് കിംഗ്‌സിനെ വിജയവഴിയില്‍ നയിക്കുന്നതിനൊപ്പം തന്റെ വ്യക്തിഗത പ്രകടനത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചത് ഇത്തരത്തിലുള്ള കഠിനമായ തയ്യാറെടുപ്പുകള്‍ കൊണ്ടാണെന്ന് ശ്രേയസ് അയ്യര്‍ അടിവരയിട്ടു പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!