BoolokamBoolokam

'ജനങ്ങളില്‍ ഭീതിയുണ്ടാക്കാന്‍ നിങ്ങള്‍ ഞങ്ങളെ തൂക്കിലേറ്റുന്നു; എന്നാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ യുവാക്കളുടെ രക്തത്തില്‍ നിന്നാണ് ഞങ്ങള്‍ വളര്‍ന്നതെന്ന് ഓര്‍ക്കുക'; മരണത്തെ ഭയമില്ലെന്നും സ്വേച്ഛാധിപത്യത്തിന്റെ സിംഹാസനങ്ങള്‍ തകരുമെന്നും പേര്‍ഷ്യന്‍ ഭാഷയില്‍ പാടിയത് വൈറല്‍; മരണത്തിന് മുന്‍പ് പ്രതിരോധത്തിന്റെ ഈരടികള്‍; പാട്ടുപാടി തൂക്കുമരത്തിലേക്ക്, ഇറാന്റെ ക്രൂരതയില്‍ വിറങ്ങലിച്ച് ലോകം

തെഹ്റാന്‍: ഇറാന്റെ ഉരുക്കുമുഷ്ടിക്കെതിരെ പോരാടി ഒടുവില്‍ തൂക്കുമരത്തിന് മുന്നിലും പതറാതെ വിപ്ലവഗാനങ്ങള്‍ ആലപിച്ച് വിടവാങ്ങിയ ആറ് യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ക്രൂരമായ പീഡനങ്ങള്‍ക്കും വിചാരണകള്‍ക്കും ശേഷം വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് ഘെസല്‍ ഹെസാര്‍ ജയിലിലെ മുറ്റത്ത് വെച്ച് ഇവര്‍ പാടിയ ഈരടികള്‍ ലോകത്തിന് കണ്ണീരാകുന്നു. മരണത്തെ ഭയമില്ലെന്നും സ്വേച്ഛാധിപത്യത്തിന്റെ സിംഹാസനങ്ങള്‍ തകരുമെന്നും ഇവര്‍ പേര്‍ഷ്യന്‍ ഭാഷയില്‍ പാടുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.

വഹീദ് ബാനിയമേരിയന്‍, ബാബക് അലിപൂര്‍, അബുല്‍ ഹസന്‍ മുന്‍താസര്‍, പൂയ ഘോബാദി, അലി അക്ബര്‍ ദാനേഷ്വര്‍ക്കര്‍, മുഹമ്മദ് തഖാവി എന്നിവരാണ് വധിക്കപ്പെട്ട ആറ് രാഷ്ട്രീയ തടവുകാര്‍. ഇതില്‍ 33-കാരനായ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പൂയ ഘോബാദിയെയും നിയമ ബിരുദധാരിയായ ബാബക് അലിപൂറിനെയും കഴിഞ്ഞ മാര്‍ച്ച് 31-നാണ് തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് മുന്‍പ് ഇവരെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ നാലിന് വധിക്കപ്പെട്ട വഹീദ് ബാനിയമേരിയന്‍ ജയിലിനുള്ളില്‍ നിന്നും രഹസ്യമായി ചിത്രീകരിച്ച മറ്റൊരു വീഡിയോയില്‍ ഭരണകൂടത്തെ വെല്ലുവിളിക്കുന്നുണ്ട്. 'ജനങ്ങളില്‍ ഭീതിയുണ്ടാക്കാന്‍ നിങ്ങള്‍ ഞങ്ങളെ തൂക്കിലേറ്റുന്നു, എന്നാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ യുവാക്കളുടെ രക്തത്തില്‍ നിന്നാണ് ഞങ്ങള്‍ വളര്‍ന്നതെന്ന് ഓര്‍ക്കുക' എന്നായിരുന്നു വഹീദിന്റെ വാക്കുകള്‍. ലോകം വെറും വാക്കുകള്‍ക്കപ്പുറം ഇറാന്റെ ക്രൂരതയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2025-ല്‍ മാത്രം ഇറാനില്‍ 1,639 പേരെ തൂക്കിലേറ്റിയതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. മുന്‍ വര്‍ഷത്തേക്കാള്‍ 68 ശതമാനം വര്‍ദ്ധനവാണ് വധശിക്ഷയില്‍ ഉണ്ടായിരിക്കുന്നത്. 37 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ദിവസം ശരാശരി നാലുപേരെയെങ്കിലും ഇറാന്‍ തൂക്കിലേറ്റുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 48 സ്ത്രീകളും ഉള്‍പ്പെടുന്നു.

പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 18 വയസ്സുള്ള അമീര്‍ ഹുസൈന്‍ ഹതാമി എന്ന സംഗീതജ്ഞനെയും ഈ മാസം തൂക്കിലേറ്റിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ബസിജ് പാരാമിലിട്ടറി ബേസിന് തീയിട്ടു എന്നാരോപിച്ചാണ് ഈ കൗമാരക്കാരനെ 'ദൈവത്തിന്റെ ശത്രു' (മൊഹാരബെ) എന്ന് വിളിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്. ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു ഇയാളുടെ ശിക്ഷ നടപ്പാക്കിയത്.

കുര്‍ദിഷ്, ബലൂച്ച് തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ഇറാന്‍ ഭരണകൂടം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. തൂക്കിലേറ്റപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരിയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ ഇപ്പോഴും വധശിക്ഷ കാത്ത് ജയിലുകളില്‍ കഴിയുകയാണ്.

മിക്കവാറും വധശിക്ഷകള്‍ ജയിലിനുള്ളിലാണ് നടക്കുന്നത് എങ്കിലും, ജനങ്ങളില്‍ ഭീതി വിതയ്ക്കാനായി പൊതുമധ്യത്തില്‍ തൂക്കിലേറ്റുന്ന രീതിയും ഇറാനില്‍ വര്‍ദ്ധിച്ചുവരികയാണ്. 2025-ല്‍ പൊതുമധ്യത്തില്‍ നടന്ന വധശിക്ഷകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് ഐ.എച്ച്.ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ ഈ നടപടികള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ ഭരണം നിലനിര്‍ത്താനുള്ള അവസാനശ്രമമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. യുദ്ധ സാഹചര്യം നിലനില്‍ക്കുമ്പോഴും പ്രതിഷേധക്കാരെ തുറുങ്കിലടയ്ക്കാനും കൊലപ്പെടുത്താനും കാണിക്കുന്ന ആവേശം ഭരണകൂടത്തിന്റെ ഭയമാണ് വെളിപ്പെടുത്തുന്നതെന്നും നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ മഹ്‌മൂദ് അമിരി മൊഗാദം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!