
ഉദയ്പുര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ദലിത് വിവാഹഘോഷയാത്രയ്ക്ക് നേരെ ക്രൂരമായ ജാതീയ ആക്രമണം. ഉദയ്പൂരിലെ ഹരിയാവ് ഗ്രാമത്തില്‍ ഏപ്രില്‍ 29-ന് രാത്രിയാണ് സംഭവം. പൂജ മേഘ്വാള്‍ എന്ന യുവതിയുടെ വിവാഹാഘോഷങ്ങള്‍ക്ക് നേരെയാണ് ഒരു സംഘം സവര്‍ണ്ണ വിഭാഗക്കാര്‍ ആയുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്. കുതിരപ്പുറത്ത് യാത്ര ചെയ്ത വധുവിനെ ബലമായി പിടിച്ചിറക്കുകയും കുടുംബാംഗങ്ങളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതോടെ വിവാഹ മംഗളകര്‍മ്മങ്ങള്‍ സംഘര്‍ഷഭരിതമായി മാറി.
രാത്രി പത്ത് മണിയോടെ ഗ്രാമത്തിലെ പ്രധാന റോഡിലൂടെ ആഘോഷമായി നീങ്ങിയ ഘോഷയാത്രയെ ഒരു സംഘം തടയുകയായിരുന്നു. 'തങ്ങളുടെ വീടിന് മുന്നിലൂടെ ദലിത് വിവാഹയാത്ര കൊണ്ടുപോകരുത്' എന്ന ആക്രോശത്തോടെയാണ് അക്രമികള്‍ രംഗത്തെത്തിയത്. വധുവിന്റെ പിതാവിന്റെയും ബന്ധുക്കളുടെയും തലപ്പാവുകള്‍ വലിച്ചെറിയുകയും വാളുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കല്ലേറുണ്ടായതായും വിവാഹസംഘത്തിന്റെ പക്കലുണ്ടായിരുന്ന മംഗലസൂത്രവും വാച്ചുകളും ഉള്‍പ്പെടെയുള്ളവ അക്രമികള്‍ കവര്‍ന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. ജാതീയമായ മേധാവിത്വം ഉറപ്പിക്കാന്‍ വിവാഹാഘോഷങ്ങളെ തകര്‍ക്കുന്ന ഈ പ്രവണത ഗ്രാമത്തില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ പൂജയുടെ പിതാവ് ഭൈരുലാല്‍ മേഘ്വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദബോക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷ്മണ്‍ സിങ്, മധു സിങ്, കിഷന്‍ സിങ് തുടങ്ങി കണ്ടാലറിയാവുന്ന ഒന്‍പതോളം പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതേത്തുടര്‍ന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മിയുടെ മുന്നറിയിപ്പ്.
രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ദലിത് വധൂവരന്മാര്‍ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് തടയുന്നതും ആക്രമിക്കുന്നതും തുടര്‍ച്ചയായ സംഭവങ്ങളായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സമാനമായ നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകൂടവും പോലീസും കടുത്ത നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇന്നും ഗ്രാമീണ മേഖലകളില്‍ വേരൂന്നിനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഹരിയാവ് ഗ്രാമത്തിലെ ഈ സംഭവം. സാമൂഹിക നീതി ഉറപ്പാക്കേണ്ട നിയമസംവിധാനങ്ങള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം മേഘ്വാള്‍ കുടുംബം ഉയര്‍ത്തുന്നുണ്ട്. പ്രതികള്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
