BoolokamBoolokam

'ഞാന്‍ ചോദിക്കുന്നത് എനിക്ക് അര്‍ഹതപ്പെട്ട വെറും 25,000 രൂപയാണ്; നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കില്‍ ഞാന്‍ എന്തിനാണ് പ്രതിഫലത്തിനായി യാചിക്കുന്നത്?' വിവാദങ്ങള്‍ക്കിടെ തമിഴ് വെബ് സീരീസില്‍നിന്ന് പിന്മാറുന്നതായി മലയാളി നടി

തിരുവനന്തപുരം: തമിഴ് വെബ് സീരീസ് 'റിസോര്‍ട്ടു'മായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെ, പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍. നിര്‍മ്മാതാക്കള്‍ക്കും തിരക്കഥാകൃത്തായ വിജയ് കുമാര്‍ രാജേന്ദ്രനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച നടി, തനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം പോലും നല്‍കാതെ തന്നെ മാനസികമായും ശാരീരികമായും തകര്‍ത്തുവെന്ന് വെളിപ്പെടുത്തി.

നായികാവേഷമാണെന്ന് വിശ്വസിപ്പിച്ച് തന്നെ സൈഡ് റോളുകള്‍ക്കായി മൂന്ന് തവണ വിളിച്ചുവരുത്തിയെന്നും വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ ഷൂട്ടിംഗിനായി കാത്തിരുത്തിയെന്നും അനുഗ്രഹ ആരോപിക്കുന്നു. ഷൂട്ടിംഗ് തുടങ്ങി രണ്ട് മാസത്തിന് ശേഷം കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതയാക്കിയതാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. ഒരു വര്‍ഷത്തെ കരാറില്‍ കുടുക്കി തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെങ്കിലും, കരാര്‍ പ്രകാരമുള്ള പ്രതിഫലം നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും നടി പറയുന്നു.

തിരികെ നല്‍കാനുണ്ടെന്ന് വിജയ് കുമാര്‍ പറയുന്ന അഡ്വാന്‍സ് തുക താന്‍ പണിയെടുത്തതിന് ലഭിച്ച അര്‍ഹതപ്പെട്ട കൂലിയാണെന്ന് അനുഗ്രഹ വ്യക്തമാക്കി. 'യാത്രാബത്ത പോലും നല്‍കാതെ കഷ്ടപ്പെടുത്തിയവരോട് ഞാന്‍ ചോദിക്കുന്നത് എനിക്ക് അര്‍ഹതപ്പെട്ട വെറും 25,000 രൂപയാണ്. എന്റെ കയ്യിലും വ്യക്തമായ തെളിവുകളുണ്ട്. നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കില്‍ ഞാന്‍ എന്തിനാണ് പ്രതിഫലത്തിനായി യാചിക്കുന്നത്?' - നടി ചോദിക്കുന്നു.

നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളിനായി മൂന്നുതവണ തന്നെ വിളിച്ചുവരുത്തിയെന്ന് നടി പറഞ്ഞു. വിജയ് കുമാറിനേയും ഭാര്യ നക്ഷത്രാമൂര്‍ത്തിയേയും വിളിച്ചത് പങ്കാളിയല്ല, സുഹൃത്താണ്. എന്തിനാണ് വിജയ് കുമാര്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്? എന്തിനാണ് പേടിക്കുന്നത്? തന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും പ്രതികരിച്ചേനെയെന്നും നടി വ്യക്തമാക്കി. 'ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല ഞാന്‍ ശ്രമിക്കുന്നത്. ഒരുലക്ഷമോ കൂടുതലോ എനിക്ക് ചോദിക്കാമായിരുന്നു. എന്നാല്‍, ഞാന്‍ ഇപ്പോഴും അര്‍ഹതപ്പെട്ട 25,000 രൂപയ്ക്കാണ് ചോദിക്കുന്നത്. എന്റെ യാത്രാബത്ത പോലും തന്നിരുന്നില്ല', നടി പറഞ്ഞു. തുടര്‍ന്നാണ് സീരീസില്‍നിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്.

സെറ്റിലെ മോശം പെരുമാറ്റം തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്നാണ് അനുഗ്രഹയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപി എന്ന വ്യക്തി തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോലും പോകാന്‍ അനുവദിക്കാതെ കരാര്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. തന്റെ സുഹൃത്ത് ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ വിജയ് കുമാറും ഭാര്യയും മോശമായി പ്രതികരിച്ചതായും ഇവര്‍ പറയുന്നു.

ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ 'റിസോര്‍ട്ട്' സീരീസിനെതിരെ ഉയരുന്ന ഈ വിവാദം തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല താന്‍ ശ്രമിക്കുന്നതെന്നും, മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാവരുതെന്നതിനാലാണ് പ്രതികരിക്കുന്നതെന്നും പറഞ്ഞാണ് അനുഗ്രഹ തമിഴ് വെബ് സീരീസില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!