BoolokamBoolokam

'നടന്നുപോയി വാഹനങ്ങള്‍ തടഞ്ഞോളൂ; പക്ഷേ ബൈക്കില്‍ വന്ന് ഇത് ചെയ്യാന്‍ സമ്മതിക്കില്ല'; ഹര്‍ത്താല്‍ അനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവിന്റെ വേറിട്ട പ്രതിഷേധം

തൊടുപുഴ: തൊടുപുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ച ബൈക്ക് പൊതുനിരത്തില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്ത യുവാവിന്റെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമാകുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ചൊവ്വാഴ്ച രാവിലെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബൈക്കിലെത്തിയ ഹര്‍ത്താല്‍ അനുകൂലി വാഹനങ്ങള്‍ തടയുകയായിരുന്നു. ഇരുചക്ര വാഹനങ്ങളെയടക്കം തടഞ്ഞ ശേഷം ഇയാള്‍ ബൈക്കില്‍ മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ശരത് എന്ന യുവാവ് ഇടപെട്ടത്. ഹര്‍ത്താല്‍ അനുകൂലിയെ തടഞ്ഞുനിര്‍ത്തിയ ശരത്, വാഹനങ്ങളില്‍ വന്ന് മറ്റുള്ളവരുടെ വഴി തടയുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. 'നടന്നുപോയി വാഹനങ്ങള്‍ തടഞ്ഞോളൂ, പക്ഷേ ബൈക്കില്‍ വന്ന് ഇത് ചെയ്യാന്‍ സമ്മതിക്കില്ല' എന്ന നിലപാടിലായിരുന്നു ശരത്.

ഇക്കാര്യം പറഞ്ഞ് ഇയാള്‍ പോലീസിനെ വിളിക്കാനും ശ്രമിച്ചു. ഏറെ നേരം ഹര്‍ത്താല്‍ അനുകൂലിയുടെ വാഹനം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസിനോടും ശരത് തന്റെ നിലപാട് ആവര്‍ത്തിച്ചു. അതേസമയം, തന്നെ വഴിയില്‍ തടഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ത്താല്‍ അനുകൂലി ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ല.

നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലാണ് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!