
കണ്ണൂര്‍: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തെരുവിലേക്ക്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്റെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും തട്ടകമായ കണ്ണൂര്‍ ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'നാടിന്റെ കരുത്തിന് നട്ടെല്ലുള്ള നേതൃത്വം' എന്ന വാചകത്തോടെ കാടാച്ചിറയിലും മട്ടന്നൂരിലുമാണ് പുതിയ ബോര്‍ഡുകള്‍ ഉയര്‍ന്നത്.
കാടാച്ചിറയിലെ 'യൂത്തന്മാര്‍' എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സതീശന്റെ നിലപാടുകളെ വാനോളം പുകഴ്ത്തുന്നുണ്ട്. 'ആയിരം തിരഞ്ഞെടുപ്പുകള്‍ തോറ്റാലും ഒരു വര്‍ഗീയവാദിയുടെ വോട്ടുപോലും ഞങ്ങള്‍ക്ക് വേണ്ട' എന്ന സതീശന്റെ വിവാദവും എന്നാല്‍ ശ്രദ്ധേയവുമായ പ്രസ്താവന ബോര്‍ഡില്‍ എടുത്തുപറയുന്നു. ശനിയാഴ്ച രാത്രിയോടെ മട്ടന്നൂര്‍ നഗരത്തിലും സമാനമായ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ സതീശനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കം പാര്‍ട്ടിയിലെ മറ്റ് ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
നേരത്തെ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി പദം നിഷേധിച്ചപ്പോള്‍ സി.പി.എം അണികള്‍ തെരുവിലിറങ്ങിയതിന് സമാനമായ വികാരമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും പ്രകടമാകുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അണികള്‍ പരസ്യമായി രംഗത്തിറങ്ങുന്നത് ഹൈക്കമാന്‍ഡിനും തലവേദനയാകും. ശ്രീകണ്ഠപുരം കൊട്ടൂര്‍വയലില്‍ 'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍' എന്ന പേരില്‍ നേരത്തെ ഉയര്‍ന്ന ബോര്‍ഡ് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ബോര്‍ഡുകള്‍ വരുന്നത്.
കെ. സുധാകരന്‍, കെ.സി. വേണുഗോപാല്‍, സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ ജില്ലയില്‍ തന്നെ സതീശനായി മുറവിളി ഉയരുന്നത് ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. എക്‌സിറ്റ് പോളുകള്‍ യു.ഡി.എഫിന് അനുകൂലമായതോടെ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി മുറുകുകയാണ്. സതീശനെ അനുകൂലിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലും തെരുവിലും സജീവമാകുമ്പോള്‍, മറ്റ് മുതിര്‍ന്ന നേതാക്കളുടെ അനുയായികളും നിശബ്ദരല്ല. ഫലം വരുന്നതോടെ ഈ പോര് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ അലട്ടുന്നത് 'ആര് നയിക്കും' എന്ന ചോദ്യമാണ്. അണികളുടെ ഈ ആവേശം അച്ചടക്ക ലംഘനമായി കാണണമോ അതോ ജനവികാരമായി പരിഗണിക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഡി.സി.സി നേതൃത്വം. ഫലം പുറത്തുവരുന്നതോടെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലെത്തി ഈ തര്‍ക്കത്തിന് പരിഹാരം കാണേണ്ടി വരും. അതുവരെ കണ്ണൂരിലെ ഈ ഫ്‌ലക്‌സ് യുദ്ധം തുടരുമെന്നുറപ്പാണ്.
