BoolokamBoolokam

'നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ; നിന്റെയീ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ; എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട; നമുക്ക് ചിലപ്പോ പണി കിട്ടും'; ഷിയാസ് കരിമിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്; ഒപ്പമുണ്ടാകും എല്ലാ കാലത്തുമെന്ന വാഗ്ദാനം നല്‍കി കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിക്കാരി

കൊച്ചി: നഗ്‌ന ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി മധ്യവയസ്‌കയായ സ്ത്രീയില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലൈംഗിക-സാമ്പത്തിക ചൂഷണ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോര്‍ഡും പുറത്തുവന്നത്. പരാതിക്കാരി പുറത്തുവിട്ട ശബ്ദസന്ദേശങ്ങളില്‍ ഷിയാസ് കരീമിന്റെ പണത്തോടുള്ള ആര്‍ത്തിയും ഭീഷണിപ്പെടുത്തുന്ന സ്വഭാവവും വ്യക്തമാണ്. 'മോന്തയ്ക്കിട്ട് അടിക്കൂട്ടാ' എന്നും 'നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ' എന്നും ഭീഷണിപ്പെടുത്തുന്നതിനൊപ്പം, തന്റെ ജിം നവീകരണത്തിനായി ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നതും ഓഡിയോയിലുണ്ട്. തനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സ്റ്റാറ്റസ് ഇടരുതെന്നും അത് പിന്നീട് പണിയാകുമെന്നും പറയുന്നതിലൂടെ ബന്ധം രഹസ്യമായി വെക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും വ്യക്തമാകുന്നു.

സാമ്പത്തിക തട്ടിപ്പിന്റെ കാര്യത്തില്‍ അതീവ ജാഗ്രതയാണ് ഷിയാസ് പുലര്‍ത്തിയിരുന്നത്. പണം അക്കൗണ്ട് വഴി അയച്ചാല്‍ ബാങ്കുകാര്‍ സോഴ്സ് ചോദിക്കുമെന്നും അത് റിസ്‌കാണെന്നും ഇയാള്‍ പറയുന്നുണ്ട്. 'നീ എനിക്ക് നേരിട്ട് പൈസ തന്നാല്‍ മതി, അക്കൗണ്ടിലൂടെ വേണ്ട' എന്ന ഷിയാസിന്റെ നിര്‍ദ്ദേശം ആദായനികുതി ഉദ്യോഗസ്ഥരെ വെട്ടിക്കാനും ഇടപാടുകള്‍ക്ക് തെളിവില്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം. യുവതിയുടെ സുഹൃത്തുക്കളില്‍ നിന്ന് പോലും പത്ത് ലക്ഷം രൂപ കടം ചോദിക്കാന്‍ ഇയാള്‍ നിര്‍ബന്ധിക്കുന്നതും പുറത്തുവന്ന ശബ്ദരേഖകളിലുണ്ട്. യുവതിയുടെ പരാതിയിലെ ഏറ്റവും ഗൗരവകരമായ ഭാഗം ഡിജിറ്റല്‍ ബ്ലാക്‌മെയ്ലിംഗിനെക്കുറിച്ചാണ്. താന്‍ നല്‍കിയ 65 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍, തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുമെന്നും പറഞ്ഞ് ഷിയാസ് നിരന്തരം ഭീഷണിപ്പെടുത്തി. കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ശാരീരികമായി ചൂഷണം ചെയ്തതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

പരാതിക്കാരിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പാലാരിവട്ടം പോലീസ് ഷിയാസിനെതിരെ കേസെടുത്തിന് പിന്നാലെയാണിപ്പോള്‍ ശബ്ദസന്ദേശം പുറത്തുവന്നത്. തന്റെ ജിമ്മിന്റെ നവീകരണത്തിന് ഷിയാസ് പണം ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്ന ഓഡിയോയിലുണ്ട്. പരാതിക്കാരിയുടെ സുഹൃത്തിനോട് പണം ആവശ്യപ്പെടാന്‍ ഷിയാസ് പറയുന്നതും ഇതിലുണ്ട്. പണം അക്കൗണ്ട് വഴിയല്ലാതെ നേരിട്ട് കൈമാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 'നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും. നിന്റെയീ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ. എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും. 30,000 രൂപയ്ക്ക് തീര്‍ക്കണമെന്ന് കരുതി തുടങ്ങിയതാ. ഇപ്പോള്‍ ഒരുലക്ഷം രൂപയായി. നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാന്‍ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ... നീ അവന് മെസേജ് അയയ്ക്ക്, വോയിസ്.. ഒരു 10 ലക്ഷം റുപ്പീസിന്റെ ആവശ്യമുണ്ട്.. അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോ തിരിച്ച് തരാം എന്ന് പറ. അവനെന്താ പറയുന്നേ എന്ന് നോക്ക്. അക്കൗണ്ട് വഴി അഞ്ച് ലക്ഷം, പത്തു ലക്ഷമൊക്കെ ഇടുമ്പോള്‍ അവര്‍ സോഴ്‌സ് ചോദിക്കും. അതിലുംഭേദം നീയെനിക്ക് നേരിട്ട് പൈസ തന്നിട്ട് ആവശ്യമുണ്ടെങ്കില്‍ മാത്രം അക്കൗണ്ടിലിടുക. അപ്പോള്‍ നമുക്ക് പറയാമല്ലോ ജിമ്മിന്റെ വര്‍ക്കിന്റെ പൈസയാണെന്ന്. അങ്ങനെ ചെയ്യുന്നതാണ് നല്ലത്. എനിക്ക് റിസ്‌കെടുക്കാന്‍ പറ്റില്ല. നീയെനിക്ക് നേരിട്ടുതന്നാല്‍ മതി. അക്കൗണ്ടിലൂടെ വേണ്ട. എനിക്കൊരു പേഴ്‌സണല്‍ ലോണ്‍ ക്ലോസ് ചെയ്യണം. അഞ്ചു ലക്ഷത്തോളമുണ്ട്. വേറെ പ്രശ്‌നമൊന്നുമില്ല.' ഷിയാസിന്റെ ശബ്ദസന്ദേശങ്ങളിലുള്ളത് ഇങ്ങനെ.

തന്നെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്ന പരാതിയുമായാണ് പരാതിക്കാരി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് അവര്‍ ആരോപിക്കുന്നു. നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നല്‍കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും അവര്‍ പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതിയുമായി മുന്നോട്ടുവന്നതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. ഒപ്പമുണ്ടാകും എല്ലാ കാലത്തുമെന്ന വാഗ്ദാനം നല്‍കി കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചെന്നും ഇവര്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്‌സ് റെക്കോര്‍ഡും പണം പലപ്പോഴായി നല്‍കിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പൊലീസിന് കൈമാറി. എന്നാല്‍ അറുപത് വയസ്സുള്ള സ്ത്രീയാണ് തനിക്കെതിരെ കള്ളക്കേസുമായി വന്നതെന്നും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരാതി ഉയരാന്‍ കാരണമെന്നുമാണ് ഷിയാസിന്റെ വിശദീകരണം.

സമാനമായ രീതിയില്‍ കാസര്‍കോട് സ്വദേശിനിയായ മറ്റൊരു യുവതിയെ പീഡിപ്പിക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മൂന്ന് വര്‍ഷം മുമ്പ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. അന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും സമാനമായ ചൂഷണങ്ങള്‍ ഇയാള്‍ തുടരുകയായിരുന്നുവെന്നാണ് പുതിയ പരാതികള്‍ വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, ആരോപണങ്ങള്‍ ഷിയാസ് നിഷേധിക്കുകയാണ്. തന്നെ കുടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കള്ളക്കേസാണിതെന്നാണ് ഇയാള്‍ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ അവകാശപ്പെടുന്നത്. എങ്കിലും, ഇത്രയധികം ഡിജിറ്റല്‍ തെളിവുകളും ശബ്ദരേഖകളും പുറത്തുവന്ന സാഹചര്യത്തില്‍ പാലാരിവട്ടം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സെലിബ്രിറ്റി പദവി ഉപയോഗിച്ച് സ്ത്രീകളെ വശത്താക്കുകയും സാമ്പത്തികമായി പാപ്പരാക്കുകയും ചെയ്യുന്ന ഇത്തരം ക്രിമിനല്‍ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!