
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയില്‍ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയം കവലയ്ക്ക് സമീപമാണ് ശനിയാഴ്ച പുലര്‍ച്ചെ 'ടീം യുഡിഎഫ്' എന്ന പേരില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടത്. 'പട നയിച്ചവന്‍ നാട് നയിക്കും', 'നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങള്‍' തുടങ്ങിയ വാചകങ്ങളാണ് ഫ്‌ലക്‌സിലുള്ളത്. സംസ്ഥാനത്ത് യുഡിഎഫ് ഭരണമുറപ്പിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊടുപുഴ നഗരത്തില്‍ വി.ഡി. സതീശനെതിരെ വ്യാപകമായി പോസ്റ്ററുകളും ഫ്‌ലക്‌സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'കോണ്‍ഗ്രസ് ഫാമിലി' എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഈ ബോര്‍ഡുകളില്‍ സതീശന്റെ നേതൃത്വത്തെ വിമര്‍ശിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണുണ്ടായിരുന്നത്. ഇതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ രണ്ടാള്‍ പൊക്കമുള്ള കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സതീശന്‍ അനുകൂലികള്‍ നഗരമധ്യത്തില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം പ്രവചിക്കപ്പെട്ടതോടെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച പ്രതിപക്ഷ നേതാവ് തന്നെ ഭരണത്തിന് നേതൃത്വം നല്‍കണമെന്ന വികാരം ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ഇതിന്റെ പ്രതിഫലനമാണ് തൊടുപുഴയിലെ 'നാട് നയിക്കും' എന്ന പോസ്റ്റര്‍ വാചകം. എന്നാല്‍, ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരസ്യമാകുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന ആശങ്കയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് അടങ്ങിയിരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് ഇടുക്കിയില്‍ കാണുന്നത്. സതീശനെ പിന്തുണച്ചും എതിര്‍ത്തും ഫ്‌ലക്‌സുകള്‍ വരുന്നത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ ഇത്തരം അവകാശവാദങ്ങള്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. നിലവില്‍ പട്ടയം കവലയിലെ ഈ കൂറ്റന്‍ ഫ്‌ലക്‌സ് കാണാന്‍ നിരവധി പ്രവര്‍ത്തകരാണ് എത്തുന്നത്.
